|

എമ്പുരാനില്‍ ഫഹദുണ്ടോ; ഒടുവില്‍ മറുപടിയുമായി പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘എമ്പുരാന്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങിയ അന്നു മുതല്‍ ഉയരുന്നൊരു ചോദ്യമാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഉണ്ടോ എന്നത്. എമ്പുരാന്‍ ട്രെയിലര്‍ ഇറങ്ങി ട്രെന്‍ഡായി മാറിയപ്പോള്‍ എല്ലാവരുടെയും ചോദ്യം ആരാണ് ആ വില്ലന്‍ എന്നായിരുന്നു.

ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചുള്ള പോസ്റ്ററിലും ട്രെയിലറിലും ചുവന്ന ഡ്രാഗണ്‍ ചിഹ്നമുള്ള വസ്ത്രം ധരിച്ച് പിന്‍തിരിഞ്ഞ് നില്‍ക്കുന്ന വില്ലനെ കാണിച്ചിട്ടുണ്ട്.

ആ നടന് ഫഹദ് ഫാസിലിന്റെ ലുക്ക് ഉണ്ടെന്നും വില്ലന്‍ ഫഹദ് തന്നെയാണെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍.

ഒടുവില്‍ ആ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. എമ്പുരാനില്‍ ഫഹദ് ഫാസിലുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് പൃഥ്വിരാജ്.

എമ്പുരാനില്‍ ഫഹദുണ്ടോ എന്ന ചോദ്യത്തിന്,   ‘ഫഹദ് ഫാസിലും ടോം ക്രൂസും റോബര്‍ട്ട് ഡിനീറോയുമെല്ലാം ഉണ്ടെ’ന്നായിരുന്നു ആദ്യം തമാശ രൂപേണ പൃഥ്വി പറഞ്ഞത്. തുടര്‍ന്നാണ് ചിത്രത്തില്‍ ഫഹദ് ഇല്ലെന്ന കാര്യം പൃഥ്വി വ്യക്തമാക്കിയത്.

‘ഫഹദ് എമ്പുരാനില്‍ ഇല്ല. ടോം ക്രൂസും ഇല്ല. എനിക്ക് ഇതില്‍ പറയാനുള്ളത് എമ്പുരാന്റെ കാസ്റ്റിങ് തുടങ്ങിയപ്പോള്‍ നമുക്കൊരു വിഷ് ലിസ്റ്റ് ഉണ്ടായിരുന്നു.

നമ്മള്‍ അനന്തമായി ചിന്തിക്കുമല്ലോ. പ്രത്യേകിച്ച് ഇങ്ങനെ ഒരു സിനിമയില്‍. വലിയ ചില പേരുകള്‍ ആ ലിസ്റ്റില്‍ ഉണ്ടായിരുന്നു. അതില്‍ വലിയ ആക്ടേഴ്‌സിനെ എനിക്ക് കൊണ്ടുവരാനായി.

അമേരിക്കന്‍ സിനിമയില്‍ നിന്നും ബ്രീട്ടീഷ് ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നും ചൈനീസ് ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരുമെല്ലാം ഈ സിനിമയുടെ ഭാഗമായി തുടക്കത്തില്‍ എത്തി.

ഞാന്‍ ബന്ധപ്പെട്ട 10 ല്‍ ഒമ്പത് പേരുമായി എനിക്ക് സൂം കോളിലെങ്കിലും സംസാരിക്കാനായി. എന്നെ ഞെട്ടിച്ചുകാണ്ട് ഒരു ഇന്ത്യന്‍ സിനിമയില്‍ സഹകരിക്കാനുള്ള അവരുടെ താത്പര്യം അവര്‍ അറിയിച്ചു.

അവിടെയാണ് ഏജന്റുമാര്‍ എത്തുന്നത്. അവരുടെ ജോലി ആക്ടേഴ്‌സിന് പണം വാങ്ങിച്ചു കൊടുക്കുക എന്നതാണ്. എന്നാല്‍ നമ്മളെ പോലുള്ള മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ അത്രയും വലിയ തുക ചിലവഴിക്കുക എളുപ്പമല്ല.

ചിലവഴിക്കാന്‍ കഴിയുന്ന പരമാവധി തുക ഈ സിനിമയ്ക്ക് വേണ്ടി ചിലവഴിച്ചിട്ടുണ്ടെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം.

സിനിമയുടെ മേക്കിങ്ങിന് വേണ്ടിയാണ് ആ തുകയത്രയും ചിലവഴിച്ചത്. മോഹന്‍ലാല്‍ ലാല്‍  ഒരു രൂപ പോലും ഈ സിനിമയില്‍ നിന്നും എടുത്തിട്ടില്ല. അതുകൊണ്ട് കൂടിയാണ് ഈ സിനിമ സാധ്യമായത്.

100 കോടി ചിലവഴിച്ച് അതില്‍ 80 കോടി രൂപ താരങ്ങള്‍ക്ക് പ്രതിഫലം കൊടുത്ത് 20 കോടി കൊണ്ട് നിര്‍മിച്ച സിനിമയല്ല എമ്പുരാന്‍. ഞങ്ങള്‍ എല്ലാവരും, അതില്‍ ടെക്‌നീഷ്യന്‍സും നടന്‍മാരും എല്ലാം അവര്‍ക്കാവുന്നത് ചെയ്യാന്‍ ശ്രമിച്ചു.

വിദേശ അഭിനേതാക്കള്‍ക്ക് പോലും അത് മനസിലാക്കി നമ്മളോട് സഹകരിച്ചു. ജെറോം ഫ്‌ലിന്‍ ആന്‍ഡ്രിയ ഇവരൊക്കെ ഫേവര്‍ ചെയ്തു’,’ പൃഥ്വി പറഞ്ഞു.

Content Highlight: Is Fahadh in Empuraan? Prithviraj finally answers

Video Stories