ഫഹദ് ബിലാലിലുണ്ടോ ?; ഇതാണ് താരത്തിന്റെ മറുപടി
Entertainment news
ഫഹദ് ബിലാലിലുണ്ടോ ?; ഇതാണ് താരത്തിന്റെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st July 2022, 5:08 pm

മലയാള സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രമാണ് ബിലാല്‍. ബിഗ് ബിയിലൂടെ മലയാളികള്‍ അന്നേവരെ കണ്ട് ശീലിക്കാത്ത സ്‌റ്റൈലിഷ് യുഗത്തിനാണ് അമല്‍ തുടക്കമിട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന് പ്രഖ്യാപിച്ചിട്ട് നിരവധി വര്‍ഷങ്ങളായി. കൊവിഡ് പ്രതിസന്ധി മൂലം ചിത്രത്തിന്റെ ഷൂട്ടിങ് വൈകിപ്പോവുകയായിരുന്നു.

ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നുവെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ ഇതിനെ പറ്റിയുള്ള യാതൊരു ഔദ്യോഗിക സ്ഥിതികരണവും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ബിഹൈന്‍ഡ്വുഡ്‌സിന്  നല്‍കിയ അഭിമുഖത്തില്‍ ബിലാലില്‍ ഫഹദ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഫഹദ്.

ചിരിച്ചു കൊണ്ട് അടുത്ത ചോദ്യം ചോദിക്കു എന്നാണ് ഫഹദ് പറഞ്ഞത്. എന്തായാലും ഒരു ചിരിയില്‍ മറുപടി ഒതുക്കിയ താരം ഒന്നും തന്നെ വിട്ട് പറയാന്‍ തയ്യാറായില്ല. ചിരിയില്‍ നിന്ന് ഫഹദ് ചിത്രത്തില്‍ ഉണ്ടാകും എന്ന് മനസിലാക്കാം എന്നാണ് അഭിമുഖത്തിന്റെ വീഡിയോ പങ്കുവച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

അതേസമയം നവാഗതനായ സജിമോന്‍ സംവിധാനം ചെയ്ത മലയനകുഞ്ഞാണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം.

ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്.

എ.ആര്‍ റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. 1992ല്‍ വന്ന യോദ്ധയാണ് ഇതിന് മുന്‍പ് റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രം. മലയന്‍കുഞ്ഞ് കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ആടുജീവിതവും റഹ്മാന്‍ ഇതിനോടകം സംഗീതം നിര്‍വഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്. ജൂലൈ 22ന് സെഞ്ച്വറി ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: പി. കെ. ശ്രീകുമാര്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കര്‍, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈന്‍: ജയറാം രാമചന്ദ്രന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്, വാര്‍ത്താ പ്രചരണം: എം.ആര്‍. പ്രൊഫഷണല്‍.

Content Highlight : is fahad is casted to Bilal here is the reply by fahad fasil