ബെയ്‌റൂട്ട്: ഐ.എസ് കൈവശം വച്ചിരുന്ന സിറിയയിലെ അല്‍ബു കമല്‍ എന്ന സ്ഥലം സിറിയന്‍ സേന പിടിച്ചെടുത്തു. സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഐ.എസ് ഭീകരര്‍ മരുഭൂമിയിലേക്ക് ഓടിക്കയറി ഒളിത്താവളങ്ങളില്‍ ഒളിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
യുദ്ധം നിരീക്ഷിക്കുന്ന ബ്രീട്ടീഷ് ആസ്ഥാനമായ ദി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഇറാഖ്-സിറിയ അതിര്‍ത്തികളിലെ സ്ഥലങ്ങള്‍ ഐ.എസ് കൈയടക്കിയിരിക്കുകയായിരുന്നു.
ഇറാഖില്‍നിന്ന് ഐ.എസിനെ തുരത്തിയതോടെ സിറിയയായിരുന്നു ഐ.എസ് താവളമാക്കിയിരുന്നത്. ബുധനാഴ്ചയാണ് സിറിയന്‍ സേന ഐ.എസ് പാളയത്തിലേക്ക് ആക്രമണം തുടങ്ങിയത്. ആദ്യം ശക്തമായി ഐ.എസ് പ്രതിരോധിച്ചെങ്കിലും സിറിയന്‍ സേനയുടെ നിരന്തരമായ ആക്രമണത്തില്‍ അവര്‍ തകരുകയായിരുന്നു.
എന്നാല്‍ സിറിയന്‍ സേനക്കൊപ്പം സഖ്യകക്ഷികളുടെ സേനയും ചേര്‍ന്നാണ് ഐ.എസിനെ തുരത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്യുന്നു. ലബനന്റെ ഷിയ സൈനിക സംഘമായ ഹിസ്ബുല്ല, ഇറാന്റെ റെവലൂഷനറി ഗാര്‍ഡ്‌സ്, ഇറാഖിലെ ഷിയാ പോരാളികള്‍ എന്നിവരാണു സഖ്യകക്ഷികളായി രംഗത്തുണ്ടായിരുന്നതെന്ന് ഒബ്‌സര്‍വേറ്ററി മേധാവി റാമി ആബ്ദെല്‍ റഹ്മാന്‍ അറിയിച്ചു.
അബു കമല്‍ പിടിച്ചെടുത്തതോടെ സിറിയയില്‍ ഐ.എസ് കൈവശം വച്ചിരുന്ന അവസാന നഗരവും അവര്‍ക്ക് നഷ്ടമായി.