ലോകകപ്പിൽ നിന്നും പോർച്ചുഗൽ ദേശീയ ടീം പുറത്തായതിന് പിന്നാലെ ഇതിഹാസ താരം റൊണാൾഡോ വിരമിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഫസ്റ്റ് ഇലവനിൽ സ്ഥിരമായി ഇടം പിടിക്കാൻ സാധിക്കാത്തതും താരത്തിന്റെ ഫുട്ബോൾ ഭാവിയുടെ അവസാനമായി വിമർശകർ വിലയിരുത്തി.
എന്നാൽ ഹേറ്റേഴ്സിന്റെയെല്ലാം വായടപ്പിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും ഉയർന്ന സൈനിങ് തുക നൽകിയാണ് റൊണാൾഡോയെ അൽ നസർ സൈൻ ചെയ്തത്.
കൂടാതെ 2024ലെ യൂറോകപ്പിനുള്ള ടീമിലും പോർച്ചുഗൽ ടീമിന്റെ പുതിയ പരിശീലകനായ റോബർട്ടോ മാർട്ടീനെസ് റൊണാൾഡോയുടെ പേര് നിർദേശിച്ചിട്ടുണ്ട്.
38 വയസായിട്ടും പ്രൊഫഷണൽ ഫുട്ബോളിൽ സജീവമായി തുടരുന്ന റോണോ അതിനാൽ തന്നെ രണ്ട് വർഷങ്ങൾ കൂടിയെങ്കിലും സജീവ ഫുട്ബോളിൽ തുടരാൻ സാധ്യതയുണ്ടെന്നാണ് വിവിധ ഫുട്ബോൾ വിദഗ്ധരെ പരാമർശിച്ചുകൊണ്ട് സ്പോർട്സ് കീഡ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൂടാതെ സൗദി ലീഗിൽ അൽ നസറിന് വേണ്ടി നിലവിൽ ഒമ്പത് ഗോളുകൾ സ്കോർ ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വേണ്ടത്ര സ്പെയ്സ് കിട്ടിയാൽ തന്റെ പ്രതിഭ ഉപയോഗിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാൻ റൊണാൾഡോക്ക് കഴിയും എന്നതിന്റെ തെളിവാണ് താരത്തിന്റെ അൽ നസറിലെ പ്രകടനമെന്നും സ്പോർട്സ് കീഡ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം സൗദി പ്രോ ലീഗിൽ നിലവിൽ 21 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളുമായി 49 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് അൽ നസർ.