| Thursday, 27th November 2014, 9:47 pm

ഭാഗ്യം കളിക്കുന്ന കളിയോ ക്രിക്കറ്റ്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ടാണ് ഫിലിപ്പ്‌ ഹ്യൂഗ്‌സിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. പന്ത് തലക്ക് കൊണ്ട് കുഴഞ്ഞുവീഴുന്ന ഹ്യൂഗ്‌സിന്റെ ദൃശ്യങ്ങള്‍ ഏതൊരു ക്രിക്കറ്റ് കളിക്കാരനും ക്രിക്കറ്റ് സ്‌നേഹിയും ഒരു നടുക്കത്തോടെയാണ് കണ്ടത്. അതേസമയം ഈ സംഭവം ക്രിക്കറ്റില്‍ ഉപയോഗിച്ചുവരുന്ന സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെയും ചോദ്യം ചെയ്യുന്നതാണ്.

തലയ്ക്കാണ് ഹ്യൂഗ്‌സിന് ഏറു കൊണ്ടത്. ഹെല്‍മെറ്റ് ധരിച്ചിരുന്നിട്ടും ഏറുകൊണ്ട ഹ്യൂഗ്‌സ് തളര്‍ന്നുവീഴുകയായിരുന്നു. ഇത്തരം സാഹചര്യത്തിലാണ് കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുള്ള ഹെല്‍മെറ്റുകളുടെ ആവശ്യകത യുവ കളിക്കാര്‍ തിരിച്ചറിയുന്നതും അത് ആവശ്യപ്പെടുന്നതും.

പുതിയതും കൂടുതല്‍ നല്ല കവചമുള്ളതുമായ ഹെല്‍മെറ്റുകള്‍ക്കുവേണ്ടി തനിക്ക് ഹെല്‍മെറ്റുകള്‍ നല്‍കി വരുന്ന കമ്പനിയോട് ആവശ്യപ്പെട്ടതായി ഡല്‍ഹി രഞ്ജി ടീമിലേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം ഉന്‍മുക്ത് ചന്ദ് പറയുന്നു.

“ഞാന്‍ ദിയോദര്‍ ട്രോഫി മത്സരങ്ങള്‍ക്കായി വെള്ളിയാഴ്ച്ച പുറപ്പെടുകയാണ്. പുതിയതായി രൂപകല്‍പ്പന ചെയ്ത ഹെല്‍മെറ്റുകള്‍ എത്തിക്കണമെന്ന് എനിക്ക് കിറ്റ് നല്‍കിവരുന്ന സ്‌പോണ്‍സര്‍മാരോട് ഞാന്‍ ആവശ്യപ്പട്ടിട്ടുണ്ട്. മസൂറിയുടെ പഴയ മോഡല്‍ ഹെല്‍മെറ്റാണ് ഫില്‍ ഹ്യൂഗ്‌സ് ധരിച്ചിരുന്നത്. പുതിയ തരത്തിലുള്ള ഹെല്‍മെറ്റുകളുടെ ഗ്രില്‍സ് കവചം കഴുത്ത് ഭാഗം വരെ വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ അപകട സാധ്യത കുറക്കാനാവും.” എന്ന് ഉന്‍ മുക്ത് ചന്ദ് പറഞ്ഞു.

അതേ സമയം മുന്‍നിര ഹെല്‍മെറ്റ് നിര്‍മ്മാതാക്കളായ മസുറി തങ്ങളുടെ പുതിയ രൂപത്തിലുള്ള “വിഷന്‍ സീരീസ് എക്‌സ് ലൈന്‍”  ഹെല്‍മെറ്റുകളുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഹ്യൂഗ്‌സ് ധരിച്ചിരുന്ന പഴയതിനെ അപേക്ഷിച്ച് ചെവിയുടെ താഴ്ഭാഗം വരെ മറക്കുന്ന വിധത്തിലുള്ളതാണ് ഈ പുതിയ ഹെല്‍മെറ്റുകള്‍.

എന്നാല്‍ ഇന്ത്യന്‍ ഓപ്പണറും ഡല്‍ഹി കാപ്റ്റനുമായ ഗൗതം ഗംഭീറിന്റെ അഭിപ്രായം മറ്റൊരു വിധമാണ്.

“നല്ലയിനം ഹെല്‍മെറ്റുകളാണ് മസൂറി നിര്‍മ്മിക്കാറുള്ളത്. അതുകൊണ്ട് നിര്‍മ്മാതാക്കളെ പഴിചാരാന്‍ കഴിയില്ല. ഞാന്‍ ധരിക്കുന്ന തരം ഹെല്‍മെറ്റല്ല ഹ്യൂഗ്‌സ് ധരിച്ചിരുന്നത്. ഇത് നിര്‍ഭാഗ്യമല്ലാതെ വേറൊന്നുമല്ല. മൃദുലമായ സ്ഥലത്താണ് ഹ്യൂഗ്‌സിന് ഏറു കൊണ്ടത് അത് അപകടത്തിലേക്ക് നയിക്കുകയും ചെയതു.” ഗംഭീര്‍ പറഞ്ഞു.

“ഇത് ധരിച്ചിരുന്ന ഹെല്‍മെറ്റിന്റെ കുഴപ്പമല്ല. തങ്ങള്‍ ധരിച്ചിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് കളിക്കാര്‍ ശ്രദ്ധാലുക്കളും ബോധവാന്‍മാരുമാകേണ്ടതുണ്ട്.” ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍സിങ് പറഞ്ഞു.

“ഇത് ഹെല്‍മെറ്റിന്റെ മാത്രം പ്രശനമല്ല. നിരവധി ബാറ്റ്‌സ്മാന്‍മാര്‍ ചെസ്റ്റ് ഗാര്‍ഡ് ധരിക്കാതെ കളിക്കാനിറങ്ങുന്നത് ഞാന്‍കണ്ടിട്ടുണ്ട്. തങ്ങളുടെ ശരീര ചലനത്തെ അത് ബുദ്ധിമുട്ടിലാക്കുമെന്നവര്‍ ചിന്തിക്കുന്നു. പക്ഷെ എനിക്കങ്ങനെ തോന്നിയിട്ടില്ല. നെഞ്ചിലുണ്ടായേക്കാവുന്ന അപകടങ്ങലില്‍ നിന്നും അത് സഹായിക്കും. ഹെല്‍മെറ്റ് മാത്രമല്ല് ചെസ്റ്റ് ഗാര്‍ഡും നോക്കേണ്ടതുണ്ട്. “ഹര്‍ഭജന്‍ പറയുന്നു.

“ടൈറ്റാനിയത്തില്‍ നിര്‍മ്മിച്ച കവചങ്ങളുള്ള പുതിയ ഹെല്‍മെറ്റിന് ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ചവയേക്കാള്‍ ബൗണ്‍സറുകളെ ചെറുക്കുന്നതില്‍ കൂടുതല്‍ കാര്യക്ഷമതയുണ്ട്. ഇത് നിര്‍ഭാഗെയമെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.. പക്ഷെ ശരിയാണ്, കൂടുതല്‍ മാറ്റങ്ങളുള്ള ഹെല്‍മെറ്റുകള്‍ക്ക് കൂടതല്‍ സുരക്ഷയൊരുക്കാന്‍ കഴിയും.” മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ദല്‍ഹി കോച്ചുമായ വിജയ് ദാഹിയ പറയുന്നു.

പുതിയ തരം സംവിധാനങ്ങളുള്ള ഹെല്‍മെറ്റ് താങ്കള്‍ ഇനി ധരിക്കുമോ എന്ന ചോദ്യത്തിന് ദാഹിയയുടെ മറുപടി ഇങ്ങനെ.

“നിങ്ങളുടെ പേര് ആ ഏറില്‍ എഴുതിവച്ചിട്ടുണ്ടെങ്കില്‍ ഒരു ഹെല്‍മെറ്റിനും ഒന്നും ചെയ്യാനില്ല.”

കടപ്പാട് ഐ.ബി.എന്‍ ലൈവ്‌

We use cookies to give you the best possible experience. Learn more