| Thursday, 2nd May 2019, 12:35 pm

തമിഴ്‌നാട്ടിലെ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍.ഐ.എ റെയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടിലെ മൂന്നിടങ്ങളിലായി എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് എന്നിവരുടെ ഓഫീസുകളില്‍ എന്‍.ഐ.എ റെയ്ഡ്. രാമനാഥപുരം, കാരയ്ക്കല്‍, കുംഭകോണം എന്നിവിടങ്ങളിലാണ് ഇപ്പോഴും റെയ്ഡ് തുടരുന്നത്.

നേരത്തേ അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കേരളത്തില്‍ നിന്നുള്ള എന്‍.ഐ.എ ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്.

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേറുകള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെത്തുടര്‍ന്നു നേരത്തേ തന്നെ കേരളത്തിലും തമിഴ്‌നാട്ടിലും തിരച്ചില്‍ ശക്തമാക്കിയിരുന്നു. ശ്രീലങ്കയില്‍ സ്‌ഫോടനപരമ്പര നടക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് ഒരു അജ്ഞാതന്‍ കോയമ്പത്തൂരുള്‍പ്പെടെയുള്ള തമിഴ്‌നാട്ടിലെ നഗരങ്ങളിലെത്തിയെന്ന് എന്‍.ഐ.എ പറയുന്നു.

തൗഹീത് ജമാഅത്തുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന വിവിധ സംഘടനകളെയും എന്‍.ഐ.എ നിരീക്ഷിച്ചുവരികയാണ്.

ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി റിയാസിനു ബന്ധമില്ലെന്നു നേരത്തേതന്നെ എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്താനിലേക്കും ആളുകള്‍ പോയതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കു ബന്ധമുണ്ടെന്നും എന്‍.ഐ.എ പറയുന്നു.

We use cookies to give you the best possible experience. Learn more