| Friday, 3rd May 2019, 12:45 pm

തൗഹീദ് ജമാഅത്തുമായി ബന്ധമുണ്ടെന്നു സംശയം; തമിഴ്‌നാട്ടില്‍ 65 മലയാളികള്‍ എന്‍.ഐ.എയുടെ നിരീക്ഷണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ശ്രീലങ്കയിലെ സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു സംശയിക്കുന്ന തൗഹീദ് ജമാഅത്തുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 65-ലധികം മലയാളികള്‍ തമിഴ്‌നാട്ടില്‍ എന്‍.ഐ.എയുടെ നിരീക്ഷണത്തില്‍. കുംഭകോണത്ത് മലയാളികള്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തു വരികയാണെന്നും എന്‍.ഐ.എ അറിയിച്ചു.

മലയാളികള്‍ അടക്കം പങ്കെടുത്ത തൗഹീദ് ജമാഅത്തിന്റെ മധുരയിലെയും നാമക്കലിലെയും യോഗങ്ങളുടെ വിവരങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചതായി എന്‍.ഐ.എ സംഘം വ്യക്തമാക്കിയിരുന്നു. കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ റെയ്ഡുകളില്‍ നിന്നാണ് ഹാഷ്മിന്റെ വീഡിയോ അടക്കമുള്ള തെളിവുകള്‍ കണ്ടെത്തിയത്.

തിരുവള്ളൂര്‍ പൂനമല്ലിയില്‍ നിന്ന് തൗഹീദ് ജമാഅത്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റോഷന്‍ ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. ചെന്നൈക്കു സമീപം മന്നാടിയില്‍ നിന്ന് ഒരു ശ്രീലങ്കന്‍ സ്വദേശിയെയും കഴിഞ്ഞദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ കൂടുതല്‍ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണു തമിഴ്‌നാട്ടിലെ റെയ്ഡ്.

എന്‍.ഐ.എയുടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. കുംഭകോണം, രാമനാഥപുരം, തഞ്ചാവൂര്‍, കാരയ്ക്കല്‍ അടക്കം എസ്.ഡി.പി.ഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തൗഹീദ് ജമാഅത്തിന്റെയും ഓഫീസുകളില്‍ മണിക്കൂറുകളോളം കഴിഞ്ഞദിവസം പരിശോധന നടന്നിരുന്നു.

നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയാണ് ശ്രീലങ്കയിലെ സ്‌ഫോടനപരമ്പരയുടെ ഉത്തരവാദികളെന്ന് ശ്രീലങ്കന്‍ അധികൃതര്‍ ആരോപിച്ചിരുന്നു. അതേസമയം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more