| Saturday, 14th July 2018, 12:58 pm

പൊതു തെരഞ്ഞെടുപ്പിന് രാജ്യത്ത് എന്തെങ്കിലും വര്‍ഗീയ സംഘര്‍ഷമുണ്ടായാല്‍ ഉത്തരവാദിത്വം കോണ്‍ഗ്രസിന്: നിര്‍മ്മല സീതാരാമന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019 തെരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ് വര്‍ഗീയ നീക്കം നടത്തുന്നുവെന്ന ആരോപണവുമായി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. കോണ്‍ഗ്രസ് മുസ്‌ലിം പാര്‍ട്ടിയാണെന്ന് പറഞ്ഞതിലൂടെ എന്താണ് ഉദ്ദേശിച്ചതെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കണം, കോണ്‍ഗ്രസ് ഒരു മുസ്‌ലിം പാര്‍ട്ടിയാണോയെന്നും നിര്‍മ്മല സീതാരാമന്‍ ചോദിച്ചു.

മുസ്‌ലിം പ്രതിനിധി സംഘവുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ രാഹുല്‍, കോണ്‍ഗ്രസ് മുസ്‌ലിം പാര്‍ട്ടിയാണെന്ന് പറഞ്ഞതായി ഒരു ഉര്‍ദു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുയര്‍ത്തിക്കാട്ടിയാണ് നിര്‍മ്മല സീതാരാമന്റെ പ്രസ്താവന. കോണ്‍ഗ്രസ് ഈ റിപ്പോര്‍ട്ട് നിഷേധിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ നടപടി 1947ലേതിന് സമാനമായ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുമെന്നും ശശി തരൂര്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തുന്ന പ്രസ്താവന രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിന് വേണ്ടിയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലും വര്‍ഗീയ സംഘര്‍ഷമുണ്ടായാല്‍ കോണ്‍ഗ്രസായിരിക്കും ഉത്തരവാദികളെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അടുത്തിരിക്കെ പ്രതിരോധമന്ത്രിയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നുവെന്നും അനാവശ്യ വിവാദമുണ്ടാക്കി യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് നിര്‍മ്മല സീതാരാമന്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് സുഷ്മിത ദേവ് പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ തന്റെ മൂക്കിന് കീഴില്‍ നടന്ന 58000 കോടിരൂപയുടെ റാഫേല്‍ അഴിമതിയെ കുറിച്ച് നിര്‍മ്മല സീതരാമന്‍ രാജ്യത്തോട് പറയണമെന്നും സുഷ്മിത ദേവ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more