| Thursday, 18th June 2020, 9:53 am

കൊമ്പു കോര്‍ക്കുന്ന ചൈന; ചൈനീസ് നീക്കങ്ങളില്‍ ഒറ്റയാന്‍ സ്വഭാവമെന്ന് നിരീക്ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏപ്രില്‍ 16 ന് ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന നടന്ന ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തെ പറ്റി വാര്‍ത്ത പുറത്തു വന്ന അന്ന് തന്നെ തായ്‌വാന്‍ വ്യോമ പ്രതിരോധ മേഖലയില്‍ ചൈനീസ് വിമാനം പ്രവേശിച്ചിരുന്നു. ഈ വിമാനത്തെ തുരത്താന്‍ തായ്‌വാന്‍ സേന ശ്രമിക്കുകയും ചെയ്തു. ഒരാഴ്ചക്കുള്ളില്‍ തായ്‌വാന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ കടന്നു കയറ്റമാണിത്.

രണ്ടു മാസം മുമ്പ് ചൈനീസ് കപ്പലുകള്‍ മലേഷ്യയിലെയും വിയറ്റ്‌നാമിലെയും കടല്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചിരുന്നു. ദക്ഷിണ ചൈനാ കടലിലെ തര്‍ക്ക ജലത്തില്‍ മലേഷ്യയുടെ സ്‌റ്റേറ്റ് ഓയില്‍ കമ്പനിയായ പെട്രോനാസിലെ കപ്പലിനെ ചൈനയുടെ കപ്പല്‍ പിന്തുടര്‍ന്നിരുന്നു.

മെയ് എട്ടിന് രണ്ട് ചൈനീസ് കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ സെന്‍കാക്കു ദ്വീപുകളുടെ അതിര്‍ത്തി കടന്ന് ഒരു ജപ്പാനീസ് ഫിഷിംഗ് ബോട്ടിനെ പിന്തുടര്‍ന്നു. സമീപത്ത് പെട്രോളിംഗ് നടത്തുന്ന നിരവധി ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ ചൈനീസ് കോസ്റ്റ് ഗാര്‍ഡ് കപ്പലിനുമുന്നറയിപ്പ് നല്‍കുകയും ബോട്ടിനെ സംരക്ഷിക്കാന്‍ നടപടിയെടുക്കുകയും ചെയ്തു. ഇത് മേഖലയില്‍ സംഘര്‍ഷ ഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചു.

ഇതിനു പുറമെ വ്യാപാര മേഖലയില്‍ ഓസ്‌ട്രേലിയയുമായും ചൈന ഉരസി. കൊവിഡ് ഉറവിടത്തെ സംബന്ധിച്ച് അന്വേഷണം നടത്തണം എന്ന് ഓസ്ട്രേലിയ ആവശ്യപ്പെട്ടതിനു ശേഷമാണ് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. ചൈനീസ് വിദ്യാര്‍ത്ഥികളെ ഓസ്ട്രേലിയയിലെ പഠനത്തിനയക്കുന്നത് പുനഃപരിശോധിക്കുമെന്നാണ് ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രതികരിച്ചത്. നേരത്ത ചൈനയിലെ വിനോദ സഞ്ചാരികളോട് ഓസ്ട്രേലിയ ഒഴിവാക്കാന്‍ ചൈനീസ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ ഓസ്ട്രേലിയയില്‍ നിന്നുമുള്ള ബീഫ് ഇറക്കുമതിയും ചൈന വിലക്കിയിരുന്നു.

ഓസ്ട്രേലിയയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളികളിലൊന്നാണ് ചൈന. ലോകാരോഗ്യ സംഘടനയുടെ 73-ാമത് വാര്‍ഷിക കൂടിക്കാഴ്ചയില്‍ കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട രാജ്യങ്ങളില്‍ ഓസ്‌ട്രേലിയും ഉള്‍പ്പെട്ടിരുന്നു. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്.

അമേരിക്കയുമായുള്ള തര്‍ക്കം ദിനം പ്രതി കൂടി വരികയും ചെയ്യുന്നു. ഇതിനിടയില്‍ ഹോങ് കോംങ്, ടിബറ്റ് പ്രശ്‌നവും നിലനില്‍ക്കുന്നു. ചൈന നിലവില്‍ കാണിക്കുന്ന ഈ പരുക്കന്‍ മനോഭാവം ആഗോള തലത്തില്‍ സംശയങ്ങള്‍ക്കിട വെച്ചിരിക്കുകയാണ്.

ചൈനയുടെ വളര്‍ച്ച മറ്റു രാജ്യങ്ങള്‍ക്ക് ഭീഷണിയാവില്ലെന്നും സമാധാനപരമായ വളര്‍ച്ചയാണ് ലക്ഷ്യം വെക്കുന്നതെന്നും ചൈനീസ് സര്‍ക്കാര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നെങ്കിലും ആ വാദം ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

‘ സമാധാന പരമായ വളര്‍ച്ച ഇപ്പോള്‍ ചര്‍ച്ചയിലേ വരുന്നില്ല. അവര്‍ കരുതുന്നത് അവരെത്തിയെന്നാണ്,’ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് പ്രൊഫസര്‍ അല്‍ക ആചാര്യ ദ ഹിന്ദുവിനോട് പറഞ്ഞു.

അതിര്‍ത്തി തര്‍ക്കവും ഹോംങ് കോങ്, ടിബറ്റ്, തായ്‌വാന്‍ പരാമാധികാര തര്‍ക്കവും ചൈനയുടെ പുതിയ പ്രശ്‌നമല്ലെങ്കിലും നിലവില്‍ ചൈന സ്വീകരിക്കുന്ന പരുക്കന്‍ സമീപനത്തിലേക്ക് നയിച്ച കാരണങ്ങളും ഇവര്‍ ഹിന്ദുവിനോട് വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തില്‍ ചൈനയ്‌ക്കെതിരെ നിരന്തര വിമര്‍ശനമാണ് ആഗോള തലത്തില്‍ ഉയരുന്നത്. മാസ്‌കുകളും മെഡിക്കല്‍ ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്ത് നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇത് ഭാഗികമായേ വിജയിച്ചുള്ളൂ എന്നാണ് ഇവരുടെ നിരീക്ഷണം. എതിരെ വന്നാല്‍ ഞങ്ങള്‍ തിരിച്ചടിക്കുമെന്നാണ് ഡൈന ഇത്തരം നീക്കങ്ങളിലൂടെ മുന്നറിയിപ്പു നല്‍കുന്നതെന്നാണ് ഇവര്‍ പറയുന്നത്.

അതേ സമയം ചൈനയുടെ നിലവിലെ പ്രശ്‌നങ്ങള്‍ ഒരു വളര്‍ന്നു വരുന്ന രാജ്യം നേരിടുന്ന പ്രതിസന്ധിയാണെന്നാണ് ചൈനീസ് നിരീക്ഷണം.

‘ ചൈനയുടെ നയതന്ത്ര സാഹചര്യത്തെ ഒരു വളര്‍ന്നു വരുന്ന രാജ്യത്തിന് ദൈനം ദിനമായി അഭിമുഖീകരിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതുമായ ഒന്നാണെന്ന് ഞാന്‍ കരുതുന്നു,’ ബീജിംഗിലെ പാക്കിം സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസര്‍ ക്വി ഹൊയിതന്‍ പറഞ്ഞു. നിലവിലെ പ്രതിസന്ധികള്‍ താല്‍ക്കാലികമാണെന്നും സഹവര്‍ത്തിത്തത്തിലൂടെ അത് പരിഹരിക്കാമെന്നും ഇവര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more