| Friday, 14th October 2016, 5:14 pm

ആ മുട്ടയല്ല വാര്‍ത്തയാണ് വ്യാജം; മീറ്റ് ആന്റ് സയന്‍സ് ടെക്‌നോളജി മുന്‍ ഡയറക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചൈനീസ് മുട്ടയെന്ന് പറയുന്നവ കൃത്രിമല്ലെന്ന് മീറ്റ് ആന്റ് സയന്‍സ് ടെക്‌നോളജിയുടെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നതായി അദ്ദേഹം പറയുന്നു.


തിരുവനന്തപുരം: ചൈനീസ് മുട്ട വിണിയിലെന്ന പേരില്‍ നടക്കുന്ന പ്രചരണങ്ങളില്‍ വിശദീകരണവുമായി തൃശൂര്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മീറ്റ് ആന്റ് സയന്‍സ് ടെക്‌നോളജി മുന്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് ടി ഉമ്മന്‍.

ചൈനീസ് മുട്ടയെന്ന് പറയുന്നവ കൃത്രിമല്ലെന്ന് മീറ്റ് ആന്റ് സയന്‍സ് ടെക്‌നോളജിയുടെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നതായി അദ്ദേഹം പറയുന്നു.

ചൈനയില്‍നിന്നും കൃത്രിമ മുട്ടകള്‍ എത്തുന്നുവെന്ന പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മാസത്തിലും മീറ്റ് ആന്റ് സയന്‍സ് ടെക്‌നോളജി പരാതിക്കാരില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചിരുന്നു. 12 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരു മുട്ടപോലും കത്രിമമല്ലെന്ന് കണ്ടെത്തിയിരുന്നതായി മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കേടായ മുട്ടകളെയാണ് ചൈനീസ് മുട്ടയെന്നപേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതെന്ന് ജോര്‍ജ് ടി ഉമ്മന്‍ പറഞ്ഞു. കേടാകാതിരിക്കാന്‍ ദീര്‍ഘനാള്‍ ഫ്രീസറില്‍ സൂക്ഷിക്കുകയും പിന്നീടു വിതരണത്തിനായി വാഹനത്തില്‍ ദീര്‍ഘദൂരം സഞ്ചരിക്കുകയും ചെയ്യുമ്പോള്‍ മുട്ടയുടെ ഘടനയില്‍ മാറ്റം വരാം. മുട്ട കൃത്രിമമായി ഉണ്ടാക്കുന്നത് എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും ലഭിച്ച സാമ്പിളുകള്‍ പരിശോധിച്ചതിലും മുട്ടകള്‍ കൃത്രിമമല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. എങ്കിലും, ജനങ്ങളുടെ ആശങ്കപരിഹരിക്കാന്‍ കൂടുതല്‍ പരിശോധന നടത്തും.

മുട്ട കൃത്രിമമായി ഉണ്ടാക്കാന്‍ നിലവില്‍ കഴിയില്ല. മുട്ട ചൈനയില്‍നിന്നും ഇറക്കുമതി ചെയ്യുന്നുമില്ല. ഇറക്കുമതി ചെയ്യണമെങ്കില്‍ മദ്രാസ് തുറമുഖം വഴിയേ സാധിക്കൂ. അവിടുത്തെ തുറമുഖം വഴി മുട്ട ഇറക്കുമതി ചെയ്യുന്നില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more