ഐ.എസ് കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവ്
Kerala News
ഐ.എസ് കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th September 2022, 8:00 am

കൊച്ചി: ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന കേസില്‍ അറസ്റ്റിലായ കോഴിക്കോട് കൊടുവള്ളി സ്വദേശി അബു മറിയം എന്ന ഷൈബു നിഹാറിനെ അഞ്ച് വര്‍ഷം കഠിന തടവിന് എന്‍.ഐ.എ കോടതി വിധിച്ചു.

ഇതിനുപുറമേ 10,000 രൂപ പിഴയൊടുക്കാനും എറണാകുളത്തെ പ്രത്യേക എന്‍.ഐ.എ കോടതി വിധിച്ചു. വിവിധ വകുപ്പുകളിലായി 23 വര്‍ഷം തടവ് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അഞ്ച് വര്‍ഷം അനുഭവിച്ചാല്‍ മതി.

ഷൈബു നിഹാറിന്റെ പേരില്‍ ഗൂഢാലോചന, ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഏഷ്യന്‍ രാജ്യങ്ങളുമായി യുദ്ധംചെയ്യല്‍ എന്നിങ്ങനെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങളും ഭീകരസംഘടനയില്‍ അംഗമാവുക, ഭീകരസംഘടനയ്ക്ക് പിന്തുണയും സഹായങ്ങളും നല്‍കുക, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിക്കുക തുടങ്ങിയ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങളുമാണ് എന്‍.ഐ.എ ചുമത്തിയിരുന്നത്.

2018 ജൂണ്‍ ഒന്നിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2019 ഏപ്രില്‍ ഒമ്പതിനാണ് അബു മറിയമെന്ന ഷൈബു നിഹാര്‍ അറസ്റ്റിലായത്. വണ്ടൂര്‍ പോലീസ് 2017 നവംബര്‍ ആറിന് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു.

ബഹ്‌റൈനില്‍ പരസ്യക്കമ്പനി നടത്തിയിരുന്ന ഷൈബു നിഹാര്‍ ഐ.എസ് നടത്തിയ പരിശീലന ക്ലാസുകളില്‍ പങ്കെടുത്തിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന 12 പേരില്‍ എട്ട് പേര്‍ പിന്നീട് സിറിയയിലേക്ക് കടന്നെന്നാണ് റിപ്പോര്‍ട്ട്.

ബഹ്‌റൈനില്‍ വെച്ച് പിടിയിലാവുമെന്ന ഘട്ടത്തില്‍ ഖത്തറിലേക്ക് കടന്ന ഷൈബു അവിടെയും ഐ.എസുമായുള്ള ബന്ധം തുടര്‍ന്നു. ഐ.എസിനുവേണ്ടി ഫണ്ട് സ്വരൂപിച്ച ഷൈബു സിറിയയിലേക്ക് കടക്കാനിരുന്ന മറ്റു പ്രതികള്‍ക്ക് തുക കൈമാറിയെന്നും എന്‍.ഐ.എ കണ്ടെത്തിയിരുന്നു.

കേസിലെ മറ്റ് പ്രതികളായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍, വാണിയമ്പലം സ്വദേശി മുഹദിസ്, കോഴിക്കോട് വടകര സ്വദേശി മന്‍സൂര്‍, കൊയിലാണ്ടി സ്വദേശി ഫാജിദ്, കണ്ണൂര്‍ സ്വദേശി ഷഹനാദ്, എറണാകുളം പെരുമ്പാവൂര്‍ സ്വദേശി സഫീര്‍ എന്നിവര്‍ക്കെതിരായ വിചാരണ നടപടികള്‍ പിന്നീടാണ് നടക്കുക.

2019 ഏപ്രില്‍ ഒമ്പതിനാണ് അബു മറിയം അറസ്റ്റിലായത്. വിചാരണ തടവുകാരനായി ജയിലില്‍ കിടന്ന 2019 മുതലുള്ള കാലയളവ് കിഴിച്ച് ബാക്കി കാലം മാത്രം ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നാണ് പ്രത്യേക കോടതി ജഡ്ജി അനില്‍ കെ. ഭാസ്‌കറുടെ നിര്‍ദേശം. ഇതനുസരിച്ച് ഒന്നര വര്‍ഷം കൂടി മാത്രം ഇനി ജയിലില്‍ കിടന്നാല്‍ മതിയാവും.

Content Highlight: IS case Shybu Nihar five year rigorous imprisonment; NIA court verdict