ഐ.എസ് ബന്ധം: കൊച്ചിയില്‍ പാലക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്തു
Kerala News
ഐ.എസ് ബന്ധം: കൊച്ചിയില്‍ പാലക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th April 2019, 10:33 pm

കൊച്ചി: ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ കൊച്ചിയില്‍നിന്ന് എന്‍.ഐ.എ അറസ്റ്റുചെയ്തു. പാലക്കാട് സ്വദേശിയായ റിയാസ് അബൂബക്കര്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ നാളെ കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.

ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകളെ പോയതുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് എന്‍.ഐ.എ പറയുന്നു. ഇന്ത്യയില്‍ നിന്ന് ഐ.എസിലേക്ക് പോയ ചിലര്‍ റിയാസുമായി ബന്ധപ്പെട്ടതായി ചോദ്യം ചെയ്യലില്‍ വിവരം ലഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് റിയാസ് പദ്ധതി ഇട്ടിരുന്നെന്നും ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ ആസൂത്രകന്‍ സഹ്റാന്‍ ഹാഷിമിന്റെ ആരാധകന്‍ ആയിരുന്നു റിയാസെന്നും എന്‍.ഐ.എ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീലങ്കയില്‍ 250 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസര്‍േഗാഡ് എന്‍.ഐ.എ ഇന്ന് രാവിലെ റെയ്ഡ് നടത്തിയിരുന്നു. വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്.

ഇരുവീടുകളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ചോദ്യം ചെയ്യലിനായി കൊച്ചി എന്‍.ഐ.എ ഓഫീസില്‍ ഹാജരാകാനും ഇവരോട് നിര്‍ദേശിച്ചിരുന്നു. ഇവരും സഹ്‌റാന്‍ ഹാഷിമിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.