| Monday, 10th December 2018, 5:05 pm

ബി.ജെ.പി ഫാസിസ്റ്റാണോ അല്ലയോ എന്ന തര്‍ക്കത്തിന് പ്രസക്തിയില്ല; മുളയിലേ തന്നെ ചവിട്ടി ഒടിക്കുകയാണ് വേണ്ടത്: വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സൈദ്ധാന്തിക വ്യാഖ്യാതാക്കളുടെ നിര്‍വ്വചനത്തിന്റെ അടിസ്ഥാനത്തിലല്ല, ജനങ്ങള്‍ അനുഭവിക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഫാസിസത്തെ തിരിച്ചറിയേണ്ടതെന്ന് വി.എസ് അച്യുതാനന്ദന്‍. വിശകലനം നടത്തി, ബി.ജെ.പി ഫാസിസ്റ്റാണോ, അതോ, ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്ന പാര്‍ട്ടിയാണോ എന്ന തര്‍ക്കത്തിന് ഇനിയും പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ലെന്നും വി.എസ് പറഞ്ഞു.

മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി നവഉദാരവത്കരണവും ഫാസിസവും എന്ന സെമിനാര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

“ജനങ്ങളെ വര്‍ഗപരമായി സംഘടിപ്പിക്കുന്നതിനെക്കാള്‍ സൗകര്യപ്രദമാണ്, അവരെ വര്‍ഗീയമായി സംഘടിപ്പിക്കാന്‍ എന്നതുകൊണ്ട്, ഫാസിസ്റ്റുകളുടെ പണി എളുപ്പമാണ്. അതാണവര്‍ ഇന്ത്യയില്‍ പയറ്റുന്നത്. ചെറുത്തുനില്‍പ്പ് ഒരു പക്ഷെ ഏറെ ബുദ്ധിമുട്ടേറിയതായിരിക്കാം. പക്ഷെ, അതിപ്പോള്‍ ചെയ്തേ മതിയാവൂ. കാരണം, ഫാസിസം പരിപൂര്‍ണമായ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമായ ശേഷം ഫാസിസത്തെ ചെറുക്കാന്‍ ഏറെ പ്രയാസമാണ്”. വി.എസ് ചൂണ്ടിക്കാട്ടി.

Read Also : തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ ബി.ജെ.പിക്ക് തിരിച്ചടി; കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹ രാജിവെച്ചു

“തികച്ചും ലക്ഷണമൊത്ത ഫാസിസ്റ്റ് രൂപഘടനയും പ്രവര്‍ത്തന പദ്ധതിയുമുള്ള ഒരു പ്രസ്ഥാനത്തെ ഫാസിസ്റ്റുകള്‍ എന്ന് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതിന് കാരണമുണ്ട്. ഇതര ഭൂവിഭാഗങ്ങളില്‍ ഫാസിസ്റ്റുകള്‍ കടന്നുവന്ന് ഏകാധിപത്യം സ്ഥാപിച്ച അതേ മാര്‍ഗമാണ് ബി.ജെ.പി ഇന്ത്യയില്‍ പിന്തുടരുന്നത്. ഭരണ സംവിധാനത്തെയും സാമ്പത്തിക സംവിധാനത്തെയും അടക്കം, രാഷ്ട്രത്തെയാകെ തങ്ങളുടെ കാഴ്ച്ചപ്പാടിനും മൂല്യബോധത്തിനും അനുസരിച്ച് ഉടച്ചുവാര്‍ക്കാനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുക. അതുതന്നെയാണ് ബി.ജെ.പി ഇന്ത്യയില്‍ ചെയ്യുന്നതും”. വി.എസ് വിശദീകരിച്ചു.

സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെയും ബുദ്ധിജീവികളെയും ഉന്മൂലനം ചെയ്യുക, ഇതര മതസ്ഥരോടും ദളിതരോടും ശത്രുതാപരമായ ആക്രമണോത്സുകത പ്രകടിപ്പിക്കുക, തുല്യത എന്ന അവകാശം അനുവദിക്കാതിരിക്കുക, സാമ്രാജ്യത്വ ദാസ്യം പ്രകടമാക്കുക എന്നിങ്ങനെയുള്ള ഫാസിസ്റ്റ് ലക്ഷണങ്ങളെല്ലാം ഇപ്പോഴേ പ്രകടിപ്പിച്ചുകഴിഞ്ഞ ഒരു പാര്‍ട്ടിയെ ഫാസിസ്റ്റുകള്‍ എന്നുതന്നെ മുദ്രകുത്തേണ്ടതുണ്ടെന്നും വി.എസ് ചൂണ്ടിക്കാട്ടി.

സി.എന്‍.എസ്.ഡി സംഘടിപ്പിച്ച പരിപാടിയില്‍ വി.എസ് അച്യുതാനന്ദനെ ആദരിച്ചു. പ്രമുഖ ഇടത് സാമ്പത്തിക വിദഗ്ദന്‍ പ്രഭാത് പട്നായിക് പ്രഭാഷണം നടത്തി.

We use cookies to give you the best possible experience. Learn more