| Sunday, 13th September 2020, 4:38 pm

ഉമര്‍ ഖാലിദ്, സീതാറാം യെച്ചൂരി; ദല്‍ഹിയില്‍ ഭീമ കൊറേഗാവ് ആവര്‍ത്തിക്കുകയാണോ?

ഷഫീഖ് താമരശ്ശേരി

ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തതും, സി.പി.ഐ.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞ പ്രൊഫ.ജയതി ഘോഷ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറും പ്രമുഖ അക്കാദമിഷ്യനുമായ അപുര്‍വ്വാനന്ദ് എന്നിവര്‍ക്കെതിരെ കുറ്റപത്രം ചുമത്തിയതും ചര്‍ച്ചയാവുകയാണ്.

രാജ്യം ഭരിക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെയെല്ലാം കേസ്സുകളില്‍ കുടുക്കിയും ജയിലിലടച്ചും നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് മോദി സര്‍ക്കാര്‍ ഇന്നുവരെ നടത്തിയിട്ടുള്ളത് എന്നത് ഭീമ കൊറേഗാവ് അടക്കമുള്ള നിരവധി സംഭവങ്ങളിലൂടെ വ്യക്തമാണ്. ഇപ്പോഴിതാ ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ചും നിരവധി പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും കേസ്സിലകപ്പെടുകയും ചെയ്യുന്നു. നീതിയുടെയും നിയമത്തിന്റെയും സകലമാന മാനദണ്ഡങ്ങളെയും മറികടന്ന് സംഘപരിവാര്‍ അവരുടെ രാഷ്ട്രീയ എതിരാളികളെ ഓരോരുത്തരെയായി വേട്ടുയാടുമ്പോള്‍ ദല്‍ഹിയില്‍ ഭീമ കൊറേഗാവ് ആവര്‍ത്തിക്കുകയണ്.

സംഘപരിവാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് രാഷ്ട്രീയ കേസ്സുകളുടെ ഭാഗമായി തടവിലാക്കപ്പെട്ടത് നിരവധി പ്രമുഖരാണ്. അഭിഭാഷകര്‍, അക്കാദമിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥി നേതാക്കള്‍, പൗരാവാകാശ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു. സംഘപരിവാറിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരായി നിലകൊണ്ടവര്‍ക്കെതിരെ ആസൂത്രിതമായി നടത്തിയ തുടര്‍ അറസ്റ്റുകള്‍ ആദ്യം നടന്നത് ഭീമ കൊറേഗാവ് സംഭവത്തിലായിരുന്നു. ഇപ്പോള്‍ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ടും സമാനമായ രീതിയില്‍ തുടര്‍ അറസ്റ്റുകളും കേസ്സുകളും ആവര്‍ത്തിക്കുകയാണ്.

ഈ രണ്ട് സംഭവത്തിലും ചില സമാനതകള്‍ ഉണ്ട്. 2014 ല്‍ സംഘപരിവാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ ദളിത് വിഭാഗങ്ങള്‍ തുടര്‍ച്ചയായി നേരിട്ട പീഡനങ്ങള്‍ക്കെതിരായി 2016 ആഗസ്ത് മാസത്തില്‍ ഗുജറാത്തിലെ ഉനയില്‍ നിന്നാരംഭിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലയടിച്ച ദളിത് പ്രക്ഷോഭങ്ങളുടെ ഒടുവിലാണ് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ ദളിത് നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും മുന്‍കൈയില്‍ ഭീമകൊറേഗാവ് യുദ്ധ അനുസ്മരണ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. തീര്‍ച്ചയായും ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരായി രാജ്യത്ത് രൂപംകൊണ്ട ദളിത് ഉണര്‍വുകളെ അടിച്ചമര്‍ത്താനുള്ള നീക്കമായിരുന്നു ഭീമ കൊറേഗാവില്‍ സംഘപരിവാര്‍ നടത്തിയത്.

2018 ജനുവരി 1ന് നടന്ന ഭീമകൊറേഗാവ് യുദ്ധ അനുസ്മരണ പരിപാടിയിലേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചെത്തുകയും ദളിത് പ്രവര്‍ത്തകരും സംഘപരിവാറും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടക്കുകയും, അതുവഴി ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. യുദ്ധത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് നേരെ കലാപം അഴിച്ചുവിട്ടത് ഹിന്ദുത്വ നേതാക്കളായ മിലന്ദ് ഏക്ബോട്ടെയും സംഭാജി ഭിട്ടെയുമാണെന്ന് ആദ്യ ഘട്ടത്തില്‍ പൊലീസ് കണ്ടെത്തുകയും ഇതില്‍ മിലിന്ദ് ഏക്ബോട്ടെയെ ഒരു ഘട്ടത്തില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തതാണ്. എന്നാല്‍ കേസന്വേഷത്തിനായി തുടര്‍ന്ന് നിയോഗിക്കപ്പെട്ട മുന്‍സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക കമ്മിറ്റി മറ്റൊരു അന്വേഷണം നടത്തുകയും സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ മാവോയിസ്റ്റ് ബന്ധമുള്ള ഒരു സംഘമാണെന്ന് ആരോപിക്കുകയുമായിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ലിംഗ്, നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെല്‍തുംദെ, പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖ്, ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്‌ചോര്‍, ജ്യോതി ജഗ്തപ് തുടങ്ങിയവരെല്ലാം വിവിധ ഘട്ടങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്നത്.

ഇന്ത്യയിലെ പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ മുന്നേറ്റങ്ങള്‍ക്ക് സംഘാടനപരമായും ദിശാപരമായും നേതൃത്വം നല്‍കാന്‍ സാധിക്കുന്ന ബുദ്ധിജീവികളെയും ആക്ടിവിസ്റ്റുകളെയും തടവറയ്ക്കുള്ളിലാക്കി ഈ മുന്നേറ്റങ്ങളെ ശിഥിലമാക്കുക എന്ന, ഭീമ കൊറേഗാവില്‍ സംഘപരിവാര്‍ പയറ്റിയ അതേ തന്ത്രം ഇപ്പോള്‍ ദല്‍ഹിയില്‍ ആവര്‍ത്തിക്കപ്പെടുകയാണ്.

2019 ന്റെ അവസാനത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്തുയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ സ്വാതന്ത്രാനന്തര ഇന്ത്യയിലെ സമാനതകളില്ലാത്ത ഉജ്വല ജനമുന്നേറ്റമായിരുന്നു. ജാമിയ മിലിയ സര്‍വകലാശാലയടക്കമുള്ള ഇന്ത്യയിലെ പ്രമുഖ ക്യാമ്പസ്സുകളില്‍ നിന്നാരംഭിച്ച് രാജ്യമാസകലം പടര്‍ന്നുപിടിച്ച പ്രക്ഷോഭങ്ങളുടെ വേലിയേറ്റങ്ങളിലൂടെ ന്യൂനപക്ഷം അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം ഈ രാജ്യത്ത് അടയാളപ്പെടുത്തുകയായിരുന്നു.

ഇത് രാജ്യം ഭരിക്കുന്ന ബി.ജെ.പിയ്ക്കും അവരെ നിയന്ത്രിക്കുന്ന ആര്‍.എസ്.എസിനും സൃഷ്ടിച്ച പരിക്ക് ചെറുതൊന്നുമല്ല.  ദല്‍ഹിയിലെ കൊടും തണുപ്പില്‍ എല്ലാ പ്രതിസന്ധികളോടും പോരാടി ഷഹീന്‍ബാഗിലെ അമ്മമാര്‍ നടത്തിയ അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹ സമരം ലോകശ്രദ്ധയാകര്‍ഷിച്ചത് സംഘപരിവാറിന് പോറലുകള്‍ സൃഷ്ടിച്ചു. ഇതിനോടോടൊക്കെയുള്ള പ്രതികാരം കൂടിയായാണ് ബി.ജെ.പി എം.എല്‍.എ കപില്‍ മിശ്രയുടെ കലാപാഹ്വാനത്തിന് പിന്നാലെ വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ മുന്‍കൈയില്‍ കൂട്ടമായ മുസ്ലിം വംശഹത്യ നടക്കുന്നത്. കലാപത്തിന്റെ ഭാഗമായി നിരവധി പേര്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തു. അനേകം വീടുകളും വാഹനങ്ങളും ചുട്ടുചാമ്പലാക്കപ്പെട്ടു. നിരവധി കുടുംബങ്ങള്‍ അനാഥരായി.

ദല്‍ഹി പൊലീസ് കലാപത്തിന് നല്‍കിയ പിന്തുണകളെക്കുറിച്ച് കലാപകാരികള്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. അത്രമേല്‍ ആസൂത്രിതവും ഭരണകൂട പിന്തുണയോടുകൂടിയതുമായിരുന്നു ദല്‍ഹിയില്‍ നടന്ന മുസ്ലിം വംശഹത്യ.

കലാപാനന്തരം സംഘപരിവാര്‍ ഭരണകൂടം വീണ്ടും അവരുടെ തന്ത്രങ്ങള്‍ പയറ്റുന്ന കാഴ്ചയാണ് നാം കണ്ടത്. പരസ്യമായി കലാപത്തിന് ആഹ്വാനം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ്സെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാത്ത ഭരണകൂടം പൗരത്വ സമരത്തിന് നേതൃത്വം നല്‍കിയിരുന്നവരെ ഓരോരുത്തരെയായി വ്യാജ കേസ്സുകള്‍ ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യമാസകലം ലോക്ഡൗണിലായപ്പോഴും ഭരണകൂട വേട്ട തുടര്‍ന്നു.

അലിഡഗ് സര്‍വകലാശാലയില്‍ നടന്ന പൗരത്വ വിരുദ്ധ സമരത്തില്‍ വിദ്വേഷപരമായി സംസാരിച്ചുവെന്നാരോപിച്ച് ഖോരഖ്പൂരില്‍ നിന്നുള്ള ഡോക്ടര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജാമിഅ മിലിയ വിദ്യാര്‍ത്ഥികളായ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം ഷിഫാ ഉര്‍ റഹ്മാന്‍, യുനൈറ്റഡ് എഗയിന്‍സ്റ്റ് ഹേറ്റിന്റെ പ്രവര്‍ത്തകന്‍ ഖാലിദ് സൈഫി, ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം, കോണ്‍ഗ്രസിന്റെ വനിത നേതാവ് ഇസ്രത് ജഹാന്‍, പിഞ്ച്‌റ തോഡ് എന്ന വനിതാ കൂട്ടായ്മയുടെ പ്രവര്‍ത്തകരായ ദേവാംഗന കലിത, നടാഷ നര്‍വല്‍, ഗുല്‍ഷിഫാന്‍ ഫാത്തിമ, അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഉസ്മാനി എന്നിവരെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു. ഒടുവിലിതാ ഈ കേസ്സുകളില്‍ സി.പി.ഐ.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പ്രമുഖരുടെ പേരും ഉള്‍പ്പെട്ടിരിക്കുന്നു.

രാജ്യത്തെ മുഖ്യധാരാ പ്രതിപക്ഷം പാര്‍ലമെന്ററി രാഷ്ട്രീയത്തിന് പുറത്തേക്ക് കണ്ണുതുറക്കാതിരിക്കുമ്പോഴും സംഘപരിവാറിന്റെ അക്രമോത്സുകമായ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ജനകീയ അടിത്തട്ടില്‍ നിന്നുകൊണ്ട് പ്രതിരോധമാകുന്ന എല്ലാ രാഷ്ട്രീയ ധാരകളെയും എല്ലാ രാഷ്ട്രീയ ജീവിതങ്ങളെയും ഉന്മൂലനം ചെയ്യുക എന്നത് തന്നെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ലക്ഷ്യം. അതിനവര്‍ പദ്ധതികള്‍ മെനയും. ഗൂഢാലോചനകള്‍ നടത്തും. വ്യാജ കേസ്സുകളും തടവറകളും സൃഷ്ടിക്കും. കായികമായ അക്രമങ്ങളും കലാപങ്ങളും കൂട്ടക്കൊലകളും നടത്തും.

അവരുടെ ലക്ഷ്യം ന്യൂനപക്ഷങ്ങളാണ്. അവരുടെ ലക്ഷ്യം ദളിത് ന്യൂനപക്ഷ സ്ത്രീ ഉണര്‍വുകളും കമ്യൂണിസ്റ്റ് അംബേദ്കറൈറ്റ് മുന്നേറ്റങ്ങളുമാണ്. ഒടുവിലവര്‍ നമ്മെ തേടി വരും. ഈ രാജ്യത്തിന്റെ ഭരണഘനടയ്ക്ക് കാവല്‍ നില്‍ക്കുന്ന രാഷ്ട്രീയ ജീവിതങ്ങള്‍ സംഘപരിവാറിന്റെ തടങ്കല്‍പാളയങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ജനാധിപത്യ ഇന്ത്യക്ക് വലിയ ബാധ്യതയുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Delhi Riots – Charge against Sitaram Yechuri and others – Is Bhima Koregaon repeating delhi

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more