ഭാരത രത്‌ന ബ്രാഹ്മണ രത്‌നമോ; സവര്‍ണ വിഭാഗങ്ങളുടെ പ്രാതിനിധ്യം 66 ശതമാനം, ദളിത് പ്രാതിനിധ്യം 2-4 ശതമാനം, ആദിവാസി പ്രാതിനിധ്യമേ ഇല്ല
Kerala News
ഭാരത രത്‌ന ബ്രാഹ്മണ രത്‌നമോ; സവര്‍ണ വിഭാഗങ്ങളുടെ പ്രാതിനിധ്യം 66 ശതമാനം, ദളിത് പ്രാതിനിധ്യം 2-4 ശതമാനം, ആദിവാസി പ്രാതിനിധ്യമേ ഇല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th January 2019, 2:22 pm

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പരമോന്നത ബഹുമതിയായ ഭാരത രത്‌ന ഇതുവരെ ലഭിച്ചത് കൂടുതലും സവര്‍ണ വിഭാഗങ്ങള്‍ക്ക്. 1954ല്‍ ഭാരത രത്‌ന ഏര്‍പ്പെടുത്തിയത് മുതല്‍ 2019 വരെ സവര്‍ണ വിഭാഗത്തില്‍പ്പെട്ട 34 പേര്‍ക്കാണ് ഭാരത രത്‌ന ലഭിച്ചിട്ടുള്ളത്. ഇതില്‍ 23 പേര്‍ ബ്രാഹ്മണരാണ്.

ബാക്കിയുള്ള 10 ആളുകള്‍ ബ്രാഹ്മണ ജാതിയോട് ചേര്‍ന്നു നില്‍ക്കുന്ന കായസ്ത, കത്‌രി വിഭാഗങ്ങളാണ്. ഒരാള്‍ നായര്‍ വിഭാഗത്തിപ്പെട്ടയാളാണ്. 65 വര്‍ഷത്തെ ഭാരത രത്‌ന ചരിത്രത്തില്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട ആറു പേര്‍ക്കും ഒ.ബി.സി, ദളിത്, നാടാര്‍ വിഭാഗങ്ങളിലെ ഓരോ ആളുകള്‍ക്കുമാണ് ഭാരത രത്‌ന ലഭിച്ചിട്ടുള്ളത്. ബഹുമതിയില്‍ ആദിവാസി പ്രാതിനിധ്യമില്ല.


ശതമാന കണക്കു നോക്കുകയാണെങ്കില്‍ സവര്‍ണ വിഭാഗത്തിന്റെ പ്രാതിനിധ്യം 66 ശതമാനമാണ്. ഇതില്‍ ബ്രാഹ്മണ പ്രാതിനിധ്യം 48 ശതമാനമാണ്. മുസ്‌ലിം പ്രാതിനിധ്യം 12 ശതമാനവും ദളിത് 2-4 ശതമാനവും ഒ.ബി.സി 2 ശതമാനവുമാണ്. ആദിവാസി പ്രാതിനിധ്യം പൂജ്യം ശതമാനമാണ്.

ദളിത് സമൂഹത്തില്‍പ്പെട്ട ഒരേയൊരാള്‍ക്ക് മാത്രമാണ് ഭാരത രത്‌ന ലഭിച്ചിട്ടുള്ളത്. അത് ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്ക്കറാണ്. 1990ലാണ് അംബേദ്ക്കര്‍ക്ക് പുരസ്‌ക്കാരം ലഭിക്കുന്നത്. ഇന്ദിരാഗാന്ധിക്ക് പുരസ്‌കാരം ലഭിച്ച് 19 വര്‍ഷത്തിനു ശേഷം.

ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവില്‍ നിന്ന് പ്രഭു പട്ടം വാങ്ങിയിട്ടുള്ള എഞ്ചിനീയറിങ് വിദഗ്ദനായ തെലുഗു ബ്രാഹ്മണന്‍ മോക്ഷഗുണ്ടം വിശ്വേശരയ്യര്‍ക്കും മഹാരാഷ്ട്രയിലെ സാമൂഹ്യ-വിദ്യാഭ്യാസ പ്രവര്‍ത്തകനായ ചിത്പവന്‍ ബ്രാഹ്മണ്‍ മഹര്‍ഷി കേശവ് കാര്‍വേയ്ക്കും സംസ്‌കൃത പണ്ഡിതനും മറ്റൊരു ചിത്പവന്‍ ബ്രാഹ്മണനുമായ ഡോ.പാണ്ഡുരംഗ് വാമന്‍ കാനെയ്ക്കും നടന്‍ എം.ജി.രാമചന്ദ്രന് (എം.ജി.ആര്‍) നും ഭാരത രത്നം നല്‍കി കഴിഞ്ഞ ശേഷമാണ് ഡോ.അംബേദ്കറിന് ഭാരതരത്നം പ്രഖ്യാപിക്കുന്നത്. വി.പി.സിങ്ങ് സര്‍ക്കാരാണ് ഇത് പ്രഖ്യാപിച്ചതും. എം.ജി.ആറിന് മരണാനന്തര ബഹുമതിയായാണ് ഭാരത രത്ന ലഭിച്ചത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബ്രാഹ്മണ-കായസ്ത കുടംബങ്ങളില്‍ പെട്ടവര്‍ക്കും മാത്രമായിരുന്നു ആദ്യ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഭാരത രത്ന വിതരണം. തെലുഗു, തമിഴ് ബ്രാഹ്മണര്‍ക്കായിരുന്നു ആദ്യ മൂന്ന് ഭാരതരത്ന പുരസ്‌ക്കാരങ്ങള്‍. തുടര്‍ന്ന് ഭാരതരത്ന പുരസ്‌കാരങ്ങള്‍ തേടിയെത്തിയതില്‍ ഭൂരിപക്ഷവും ബ്രാഹ്മണരായിരുന്നു.


1955ല്‍ ജവഹര്‍ ലാല്‍ നെഹ്രുവും 1971ല്‍ ഇന്ദിരാ ഗാന്ധിയും പ്രധാനമന്ത്രിയായിരിക്കേ സ്വയം ശുപാര്‍ശ ചെയ്ത് ഭാരതരത്നം ഏറ്റുവാങ്ങി. എന്നാല്‍ ബംഗ്ലാദേശ് യുദ്ധവിജയത്തിന്റെ ആഹ്ലാദത്തില്‍ രാഷ്ട്രപതി വി.വി ഗിരി പ്രധാനമന്ത്രി ഇന്ദിരക്ക് ഭാരത രത്നം നല്‍കാന്‍ സ്വയം തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് അന്ന് പറഞ്ഞത്. ശേഷം അടുത്ത വര്‍ഷം ഭാരത രത്നം വി.വി.ഗിരിക്ക് ലഭിച്ചു.

ഇതുവരെ പ്രഖ്യാപിച്ച 48 ഭാരത രത്നങ്ങളില്‍ അഞ്ചു സ്ത്രീകള്‍ക്കാണ് പുരസ്‌ക്കാരം ലഭിച്ചിട്ടുള്ളത്. ഇന്ദിരഗാന്ധി, മദര്‍ തെരേസ, എം.എസ് സുബ്ബലക്ഷ്മി, അരുണ ആസഫ് അലി, ലതാ മങ്കേഷ്‌ക്കര്‍ എന്നിവരാണ് പുരസ്‌ക്കാര ജേതാക്കള്‍. 2001ല്‍ ലതാ മങ്കേഷ്‌ക്കര്‍ക്ക് പുരസ്‌ക്കാരം ലഭിച്ചിട്ട് 18 വര്‍ഷമായിട്ടും മറ്റൊരു സ്ത്രീക്കും ഭാരത രത്‌ന നല്‍കിയിട്ടില്ല.