ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ തേരോട്ടം തുടരുകയാണ് ഗണ്ണേഴ്സ്. ലീഗിലെ വമ്പൻ ടീമുകളെയൊക്കെ അപ്രസക്തരാക്കി ജൈത്രയാത്ര തുടരുന്ന ആഴ്സണൽ 2003-2004 സീസണിൽ ലീഗ് ജേതാക്കളായ ശേഷം തങ്ങളുടെ രണ്ടാം ലീഗ് ടൈറ്റിൽ നേടാനുള്ള തയ്യാറെടുപ്പിലാണ്.
ഇപ്പോൾ ആഴ്സണൽ അവരുടെ ഏറ്റവും മികച്ച താരങ്ങളിൽ രണ്ട് പേരായ ബുക്കായോ സാക്ക, വില്യം സാലിബ എന്നിവരുടെ കരാർ നീട്ടാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഗണ്ണേഴ്സിന്റെ മധ്യ നിരയിലും പ്രതിരോധ നിരയിലുമായി മികച്ച പ്രകടനമാണ് ഇരു താരങ്ങളും കൂടി സംഭാവന ചെയ്യുന്നത്.
അതിനാൽ തന്നെ ലോക ഫുട്ബോളിലെ ഏത് ക്ലബ്ബും അസൂയയോടെ കാണുന്ന ലണ്ടൻ ക്ലബ്ബിന്റെ മികവുറ്റ മുന്നേറ്റ നിരക്ക് വേണ്ട പിന്തുണ മധ്യ, പ്രതിരോധ നിരയിൽ നിന്നും ലഭിക്കാൻ സാക്കയുടെയും, സാലിബയുടെയും തുടർന്നുള്ള സേവനം വലിയ സഹായമാണ് ചെയ്യുന്നത്.
മാർട്ടിനെല്ലിക്കും സാക്കക്കും സാലിബക്കും പ്രതിഫലം കൂട്ടി നൽകി താരങ്ങളെ ടീമിൽ ചേർത്ത് നിർത്താൻ ഗണ്ണേഴ്സ് പരിശീലകൻ മൈക്കൽ ആർട്ടേറ്റ തീരുമാനിച്ചതായി ടാൽക്സ് സ്പോർട്സാണ് റിപ്പോർട്ട് ചെയ്തത്.
പ്രീമിയർ ലീഗിൽ ആഴ്സണലിന്റെ ഈ സീസണിലെ ഏറ്റവും പ്രധാന എതിരാളികളായ മാഞ്ചസ്റ്റർ സിറ്റി സാക്കയേയും സാലിബയെയും നോട്ടമിടാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ആർട്ടേറ്റ താരങ്ങളുടെ കരാർ പുതുക്കാനുള്ള തീരുമാനം എടുത്തത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
“ആർസണൽ സാക്കയേയും സാലിബയേയും ടീമിൽ പിടിച്ചു നിർത്താനുള്ള തീരുമാനത്തിലാണ്. നേരത്തെ മാർട്ടിനെല്ലിയുടെ കരാർ ഗണ്ണേഴ്സ് പുതുക്കിയിരുന്നു. ദീർഘ കാല കരാറാകും ഇരു താരങ്ങളുമായും ക്ലബ്ബ് ഒപ്പ് വെക്കുക,’ ട്രാൻസ്ഫർ വിദഗ്ധനായ അലക്സ് ക്രൂക് പറഞ്ഞു.
“സിറ്റി സാക്കയെ സ്വന്തമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. പക്ഷെ ആഴ്സണലിൽ തന്നെ തുടരാനാണ് സാക്കയുടെ തീരുമാനം എന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ മാർട്ടിനെല്ലി 2027 വരെ ഗണ്ണേഴ്സുമായി കരാർ ഒപ്പ് വെച്ചിട്ടുണ്ട്,’ അലക്സ് ക്രൂക് കൂട്ടിച്ചേർത്തു.