| Wednesday, 27th November 2024, 8:40 am

2024ലെ ദൈര്‍ഘ്യമേറിയ ഇന്ത്യന്‍ സിനിമയാകുമോ 'പുഷ്പ 2'?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൈസിന്റെ തുടര്‍ച്ചയാണ് പുഷ്പ 2. ചിത്രത്തിന്റെ വന്‍ വിജയത്തിലൂടെ അല്ലു അര്‍ജുന്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡം സ്വന്തമാക്കി. പ്രീ റിലീസ് ബിസിനസിലൂടെ മാത്രം 1000 കോടിക്കുമുകളിലാണ് പുഷ്പ 2 സ്വന്തമാക്കിയിരിക്കുന്നത്.

ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ പുഷ്പ 2: ദി റൂള്‍ ഒരു സിനിമാറ്റിക് വിസ്മയമായി മാറാന്‍ ഒരുങ്ങുകയാണ്. ചിത്രം ഡിസംബര്‍ 5ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകള്‍ക്കും വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിക്കുന്നത്.

പുഷ്പ 2 2024 ലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്ത്യന്‍ ചിത്രമായി മാറും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ഇന്‍സൈഡര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപിപ്പിക്കുന്നത്. മൂന്ന് മണിക്കൂറും 21 മിനിറ്റും ദൈര്‍ഘ്യമുള്ളതാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ പകുതി ഒരു മണിക്കൂര്‍ 40 മിനിറ്റ് നീണ്ടുനില്‍ക്കുമെന്നും രണ്ടാം പകുതി ഒരു മണിക്കൂര്‍ 41 മിനിറ്റാണ്.

ഈ വിവരങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരിക്കെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള സ്ഥിരീകരങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് വിവരങ്ങള്‍ പുറത്തുവന്നാലുടന്‍ ഔദ്യോഗിക സ്ഥിരീകരണം വരുമെന്നാണ് കരുതുന്നത്.

അല്ലുവിനെ കൂടാതെ ഫഹദ് ഫാസിലും സിനിമയിലുണ്ട്. പുഷ്പയുടെ എതിരാളിയായ ഭന്‍വര്‍ സിങ് ഷെഖാവത്തായാണ് ഫഹദ് എത്തിയത്. ശ്രീലീല അവതരിപ്പിക്കുന്ന പുഷ്പ 2വിലെ കിസ്സിക് എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം മില്യണ്‍ കണക്കിന് വ്യൂസ് നേടാന്‍ ഗാനത്തിനായി.

ഡിജിറ്റല്‍ റൈറ്റ്സും, തിയേറ്റര്‍ റൈറ്റ്സും കൊണ്ട് മാത്രം 400 കോടിക്ക് മുകളില്‍ ചിത്രം ഇതിനോടകം നേടിക്കഴിഞ്ഞു. 200 കോടിക്കാണ് നോര്‍ത്ത് ഇന്ത്യന്‍ റൈറ്റ്സ് വിറ്റുപോയത്. ഒരു തെലുങ്ക് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണ് ഇത്.

Content Highlight: Is Allu Arjun’s ‘Pushpa 2: The Rule’ the longest Indian film of 2024?

We use cookies to give you the best possible experience. Learn more