ന്യൂദല്‍ഹി: അമേരിക്കയില്‍ നിയമനടപടികള്‍ നേരിടുന്നതിന് സമാനമായി അദാനി ഗ്രൂപ്പിനെതിരെ ഇന്ത്യയില്‍ വിവരണ ശേഖരണം നടത്താനൊരുങ്ങി സെബി. അമേരിക്കയിലെ കേസുകളില്‍ നിയമനടപടികള്‍ നേരിടുന്ന കാര്യം ഇന്ത്യയിലെ ഓഹരിയുടമകളെ അറിയിച്ചിരുന്നോ എന്ന കാര്യത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്ത്യയിലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളോട് ഇക്കാര്യം സംബന്ധിച്ച് സെബി വിവരങ്ങള്‍ തേടിയതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
സെബിയുടെ ചട്ടങ്ങള്‍ പ്രകാരം ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികള്‍ അവരുടെ പ്രധാന വിവരങ്ങള്‍ നിക്ഷേപകരെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ അമേരിക്കയിലെ കേസില്‍ അന്വേഷണം നേരിടുന്ന കാര്യം നിക്ഷേപകരെ അറിയിക്കുന്നതില്‍ വീഴ്ച്ച വരുത്തിയോ എന്നാണ് സെബി അന്വേഷിക്കുന്നത്.
രണ്ടാഴ്ച്ചകള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറമെന്നാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനുശേഷം ഈ വിഷയത്തില്‍ ഒഫീഷ്യല്‍ അന്വേഷണം വേണോ എന്ന കാര്യത്തില്‍ സെബിക്ക് തീരുമാനമെടുക്കാം.
ഇരുപത് വര്‍ഷത്തിനുള്ളില്‍ രണ്ട് ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന സൗരോര്‍ജ വിതരണ കരാറുകള്‍ നേടാന്‍ കൈക്കൂലി ഇടപാടുകള്‍ നടത്തിയെന്നും ഇക്കാര്യം മറച്ച് വെച്ച് അമേരിക്കയില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നുമാണ് അമേരിക്കയില്‍ അദാനിക്കെതിരെ ഉയര്‍ന്ന ആരോപണം.
ഗൗതം അദാനി, മരുമകന്‍ സാഗര്‍ അദാനി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. അദാനിക്കെതിരെയും അദാനി ഗ്രീന്‍ എനര്‍ജി കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ വളരെ ഗൗരവമേറിയ കേസ് ആണ് അമേരിക്ക ഫയല്‍ ചെയ്തിരിക്കുന്നത്.
അദാനി ഗ്രീന്‍ എനര്‍ജി എന്ന കമ്പനി ഇന്ത്യയില്‍ സൗരോര്‍ജ കോണ്‍ട്രാക്ടുകള്‍ ലഭിക്കാന്‍ 250 മില്യണ്‍ ഡോളര്‍ കോഴ നല്‍കിയെന്നും തുടര്‍ന്ന് അമേരിക്കയില്‍ നിക്ഷേപകരില്‍ നിന്ന് കോണ്‍ട്രാക്ടിന് വേണ്ടിയുള്ള പണം ശേഖരിക്കാന്‍ കമ്പനി ഈ വിവരങ്ങള്‍ മറച്ചുവെച്ചുമെന്നുമാണ് ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് ഓഫ് ന്യൂയോര്‍ക്കിലെ യു.എസ് അറ്റോര്‍ണി നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്.
നിരവധി വഞ്ചനാ, ഗൂഢാലോചന, അഴിമതി കുറ്റങ്ങളാണ് അദാനിക്കെതിരെ ചുമത്തിയിരിക്കുന്നത്. അദാനി ഗ്രീന്‍ എനര്‍ജി കമ്പനിയിലെ ഡയറക്ടര്‍മാരായ സാഗര്‍ അദാനി, ബിനി ജെയ്ന്‍ മറ്റ് അഞ്ചോളം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയും കേസ് ഉണ്ട്.
അതേസമയം മാര്‍ച്ചില്‍ അദാനിക്കെതിരെ ബ്ലുംബെര്‍ഗ് ഈ ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ അദാനി ഗ്രൂപ്പ് ഈ ആരോപണം തള്ളിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു നീക്കം നടത്തിയത് നിക്ഷേപരെ കബളിപ്പിക്കാന്‍ വേണ്ടിയാണെന്നാണ് യു.എസ് പ്രോസിക്യൂട്ടര്‍മാര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
Content Highlight: Is Adani cheated investors in the stock market by covering up the fraud case; SEBI seeks report