ലാൽ ജൂനിയർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നടികർ. സ്റ്റാർഡത്തിന്റെ ഏറ്റവും പീക്കിൽ നിൽക്കുന്ന ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാറിന്റെ കഥയാണ് നടികർ. തന്റെ പേര് വിളിക്കുന്നവരോട് സൂപ്പർ സ്റ്റാർ എന്ന് ചേർത്ത് വിളിക്കാൻ പ്രത്യേകം പറയുന്ന ആളാണ് ഡേവിഡ് പടിക്കൽ. ടൊവിനോ അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
കരിയറിന്റെ തുടക്കത്തിലെ പടങ്ങൾ സൂപ്പർ ഹിറ്റായി സൂപ്പർസ്റ്റാറായി മാറിയ ആളാണ് ഡേവിഡ്. എന്നാൽ ആ പദവി എങ്ങനെ നില നിർത്തണം എന്നറിയാതെ അതിന്റെ എല്ലാ പവറും ഉപയോഗിച്ച് ജീവിതം ആഘോഷിക്കുന്ന വ്യക്തിയാണ് അയാൾ. തുടരെ തുടരെയുള്ള ബ്ലാക്ക് മാർക്കുകളിലൂടെ ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കണമെങ്കിൽ ഒരു സൂപ്പർ സ്റ്റാർ മാത്രം ആയാൽ പോര നല്ലൊരു അഭിനേതാവ് കൂടെയാവണം എന്ന തിരിച്ചറിവ് വരുന്നതും അതിന് വേണ്ടി ശ്രമിക്കുന്നതുമെല്ലാമാണ് കഥയുടെ ഇതിവൃത്തം.
സിനിമ കാണുമ്പോൾ നമുക്ക് പരിചയമുള്ള ഒരുപാട് പേരുടെ മുഖം മിന്നി മറഞ്ഞുപോയാൽ അതിൽ അത്ഭുതപ്പെടാനില്ല. കാരണം സിനിമയിലെ ചില സീനുകൾ കാണുമ്പോൾ ലാൽ ജൂനിയർ ചില നടന്മാരെ അതുപോലെ പകർത്തിവെച്ചതായി തോന്നും.
ചിത്രത്തിലെ ഒരു സീനിൽ രഞ്ജിത്ത് അവതരിപ്പിക്കുന്ന സംവിധായകന്റെ സിനിമയിൽ അഭിനയിക്കുന്ന ടൊവിനോയെ കാണിക്കുന്നുണ്ട്. അഭിനയം ശരിയാവാതെ വരുമ്പോൾ രഞ്ജിത്ത് പരസ്യമായി ശകാരിക്കുകയും ദേഷ്യം വന്ന് ടൊവിനോയുടെ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രം സെറ്റിൽ നിന്ന് സംവിധായകനെ ചീത്ത വിളിച്ച് ഇറങ്ങി പോവുകയും ചെയ്യുന്നുണ്ട്.
സിനിമയുടെ കഥാപാത്രത്തിനായി നീട്ടി വളർത്തിയ മുടി അടുത്ത ഒരു പാട്ട് സീനിൽ ടൊവിനോ വെട്ടുന്നതും കാണിക്കുന്നുണ്ട്. ‘ഡയറക്ടറുടെ ഒരു കൺടിന്യുവിറ്റി’ എന്ന് പറഞ്ഞുകൊണ്ട് ദേഷ്യത്തോടെയാണ് ടൊവിനോ മുടി മുറിക്കുന്നത്.
കഥയും കഥാപാത്രങ്ങളും യാദൃശ്ചിക മാണെന്ന് പറഞ്ഞാലും സിനിമയിലെ ഈ സീനുകൾ കണ്ടപ്പോൾ ഒരു വിഭാഗം പ്രേക്ഷകർക്ക് യുവ നടൻ ഷെയിൻ നിഗവും ബന്ധപ്പെട്ട വിവാദ
കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടൻ ഷെയിൻ നിഗവുമായി ബന്ധപ്പെട്ട ഒരു വിവാദമുണ്ടായിരുന്നു. വെയിൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടയിൽ കരാർ ലംഘിച്ചുകൊണ്ട് ഷെയിൻ മുടിയും താടിയും മുറിച്ചെന്നായിരുന്നു ആരോപണം. സിനിമയുടെ കൺടിന്യുവിറ്റി നിലനിർത്താൻ വേണ്ടി മുടി മുറിക്കാൻ പാടില്ലായെന്നായിരുന്നു അന്ന് സംവിധായകൻ ശരത് പറഞ്ഞത്.
എന്നാൽ ഷെയിൻ സെറ്റിൽ നിന്ന് ഇറങ്ങി പോവുകയും സംവിധായകൻ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു. ശേഷം താരം വാർത്താ സമ്മേളനവും നടത്തിയിരുന്നു.
നടികറിലേക്ക് വന്നാലും ഇത് കാണാൻ സാധിക്കും. സംഭവത്തിന് ശേഷം വാർത്ത സമ്മേളനം നടത്തുന്ന ഡേവിഡ് പടിക്കലിനെ പ്രേക്ഷകർക്ക് കാണാം. അവസാനം ഷെയിൻ നിഗം വെയിൽ സിനിമ പൂർത്തിയാക്കിയത് പോലെ ഒത്തുതീർപ്പ് ചർച്ചകൾ നടത്തി ഡേവിഡും സിനിമ പൂർത്തിയാക്കുന്നുണ്ട്.
ഉദയനാണ് താരത്തിലെ സരോജ് കുമാറിനെ പോലെ സിനിമയുടെ അവസാനം തിരിച്ചറിവ് വരുന്ന നായകനാണ് ഡേവിഡ് പടിക്കൽ. ഡേവിഡ് പടിക്കലിനെ ഒരു നടന്റെ മാത്രം റഫറൻസല്ലെന്ന് അണിയറ പ്രവർത്തകർ പ്രൊമോഷന്റെ ഭാഗമായി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.