| Saturday, 27th November 2021, 3:59 pm

പഞ്ചാബില്‍ ആം ആദ്മി ഭരണം പിടിക്കുമോ? ഗ്രൗണ്ട് റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സ്വാധീനം ശക്തിപ്പെടുത്തുന്നതായി എന്‍.ഡി.ടി.വിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ട്. ജനങ്ങള്‍ക്കിടയില്‍ പുതിയ പാര്‍ട്ടി അധികാരത്തിലെത്തണമെന്ന ചിന്ത ശക്തിപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം കാരണം വെട്ടിത്തുറന്ന വഴികളിലൂടെയാണ് ആം ആദ്മിയുടെ മുന്നേറ്റം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ ഇക്കുറി ആം ആദ്മി പാര്‍ട്ടിയോട് താല്‍പര്യം കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന തലത്തില്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ കഴിയുന്നില്ലെങ്കിലും പ്രാദേശിക നേതാക്കള്‍ പലരും ആം ആദ്മിയ്ക്ക് അനുകൂലമാണ്. 40 വര്‍ഷം കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗമായിരുന്ന സുഖ്‌ദേവ് പറയുന്നത് ഇത്തവണ ആം ആദ്മിയ്ക്ക് അവസരം കൊടുക്കണമെന്നാണ്.

’40-45 വര്‍ഷമായി കോണ്‍ഗ്രസിനെ സേവിക്കുന്നു. നിരവധി സര്‍ക്കാരുകളെ ഞാന്‍ കണ്ടു. ഇത്തവണ ആം ആദ്മിയ്ക്ക് ഒരു അവസരം കൊടുക്കണം, അവര്‍ ദരിദ്രരെ സഹായിക്കും,’ സുഖ്‌ദേവ് പറഞ്ഞു.

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ കോണ്‍ഗ്രസിനായില്ലെന്നാണ് 2017 ല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത ജ്യോതി ഖന്ന പറയുന്നത്. യുവാക്കള്‍ ലഹരിക്കടിമപ്പെടുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തികളാകുകയാണെന്നും ആം ആദ്മിയ്ക്ക് ഒരു അവസരം കൊടുക്കണമെന്നുമാണ് ജ്യോതി പറയുന്നത്.

പഞ്ചാബില്‍ കോണ്‍ഗ്രസാണ് നിലവില്‍ ഭരിക്കുന്നത്. ആം ആദ്മിയാണ് മുഖ്യ പ്രതിപക്ഷം.

നേരത്തെ എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേയില്‍ ആം ആദ്മി പഞ്ചാബ് ഭരണം പിടിക്കുമെന്ന് പ്രവചിച്ചിരുന്നു.

117 സീറ്റുകളുള്ള പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി 51 മുതല്‍ 57 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ഭരണകക്ഷിയായ കോണ്‍ഗ്രസ് 38 മുതല്‍ 46 സീറ്റുകളുമായി രണ്ടാം സ്ഥാനത്ത് എത്തും.

ശിരോമണി അകാലിദള്‍ 16-24 സീറ്റുകളും ബി.ജെ.പിക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെയും മാത്രമാണ് ലഭിക്കുക എന്നാണ് സര്‍വേ ഫലം പറയുന്നത്.

സി വോട്ടര്‍ സര്‍വേ പ്രകാരം ആം ആദ്മിയുടെ വോട്ട് വിഹിതം 35.1 ശതമാനവും കോണ്‍ഗ്രസിന് 28.8 ശതമാനവും ശിരോമണി അകാലിദളിന് 21.8 ശതമാനവും ബി.ജെ.പിയുടേത് 7.3 ശതമാനവും ആയിരിക്കും.

2022 ലാണ് പഞ്ചാബ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന് 77 സീറ്റും ആം ആദ്മിയ്ക്ക് 20 സീറ്റും ശിരോമണി അകാലിദളിന് 15 സീറ്റുമാണുള്ളത്. ബി.ജെ.പിയ്ക്ക് മൂന്ന് സീറ്റാണുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Is AAP’s Presence Growing In Punjab? An NDTV Ground Report

Latest Stories

We use cookies to give you the best possible experience. Learn more