| Friday, 25th January 2019, 7:20 pm

ഇത് അപ്പന്റെ 'ഡോണ്‍' അല്ല മകന്റെ 'കാമുകന്‍'; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യു

അശ്വിന്‍ രാജ്

പ്രണവ് മോഹന്‍ലാല്‍, അരുണ്‍ ഗോപി സിനിമയില്‍ രണ്ടു പേരുടെയും രണ്ടാംമൂഴം. ഒരാള്‍ നായകനായിട്ടാണെങ്കില്‍ ഒരാള്‍ സംവിധായകനായി. രണ്ട് പേരും നല്‍കുന്ന പ്രതീക്ഷകള്‍ വലുതായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേദിവസം തന്നെയായിരുന്നു പ്രണവിന്റെ ആദി റിലീസ് ചെയ്തത്. ആദ്യ പടത്തില്‍ നിന്ന് നടന്‍ എന്ന നിലയില്‍ രണ്ടാം സിനിമയില്‍ എത്തുമ്പോള്‍ പ്രണവ് മെച്ചപ്പെട്ടിട്ടുണ്ട്.

“ഇരുപത്തിയൊന്നാം നൂറ്റാണ്ട്” എന്ന ടൈറ്റില്‍ പുറത്ത് വിട്ടപ്പോള്‍ തന്നെ നിരവധി ഊഹാപോഹങ്ങളും കഥകളും സിനിമയെ കുറിച്ച് ഇറങ്ങിയിരുന്നു. ഇടക്ക് ചിത്രത്തില്‍ ഗോകുല്‍ സുരേഷും കൂടിയുണ്ടെന്ന് അറിഞ്ഞതോടെ കഥകള്‍ക്ക് പഞ്ചമുണ്ടായില്ല. എന്നാല്‍ കേട്ട കഥകള്‍ക്കോ ഊഹിച്ച കഥകള്‍ക്കോ ഒന്നും ഇവിടെ പ്രധാന്യം ഇല്ല.

ചിത്രത്തിന്റെ ടാഗ് ലൈന്‍ സൂചിപ്പിക്കുന്ന പോലെ തന്നെ ഡോണ്‍ സ്റ്റോറി അല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അതേസമയം ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പേര് കേവലം മോഹന്‍ലാലിന്റെ മകന്‍ അഭിനയിച്ചത് കൊണ്ട് മാത്രം ഇട്ട പേരല്ല എന്ന് ചിത്രം കാണുമ്പോള്‍  മനസിലാകും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കഥ തന്നെയാണിത്. അരുണ്‍ ഗോപി തന്റെ കഴിഞ്ഞ സിനിമയുടെ ടൈറ്റില്‍ കാര്‍ഡ് ആരംഭിച്ചത് രക്തസാക്ഷി മണ്ഡപങ്ങളിലൂടെയായിരുന്നെങ്കില്‍ ഈ പ്രാവശ്യം ടൈറ്റില്‍ കാര്‍ഡ് തുടങ്ങുന്നത് ഈ നൂറ്റാണ്ട് ആരംഭിച്ചതിന് ശേഷം നമുക്ക് ചുറ്റും നടന്നിട്ടുള്ള സംഭവങ്ങളുടെ വാര്‍ത്തകളിലൂടെയാണ്.

ഗോവയിലാണ് കഥ തുടങ്ങുന്നത്. ഗോവ പണ്ട് ഭരിച്ചിരുന്ന ബാബയുടെ മകനായ അപ്പുവിന്റെയും അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന സായ എന്ന പെണ്‍കുട്ടിയുടെയും കഥയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മനോജ് കെ ജയന്‍ അവതരിപ്പിക്കുന്ന ബാബ എന്ന കഥാപാത്രം പഴയ നഷ്ട പ്രതാപത്തില്‍ ജീവിക്കുന്ന വ്യക്തിയാണ്. ഗോവയില്‍ തന്റെ കൂടെയുള്ളവര്‍ക്ക് വേണ്ടി ജീവിച്ച് കടം വരുത്തിവെച്ച ബാബയുടെ ഏറ്റവും വലിയ ആഗ്രഹം മകനായ അപ്പുവിനെ തന്നെ പോലെ ഒരു ഡോണ്‍ ആക്കണമെന്നാണ്. എന്നാല്‍ അപ്പുവിന് അത് ഒരിക്കലും താല്‍പ്പര്യമില്ല. ഇവരുടെ ജീവിതത്തിലേക്കാണ് അവിചാരിതമായി സായ എന്ന പെണ്‍കുട്ടി കടന്നുവരുന്നത്.

സ്വഭാവികമായി അപ്പുവിന് സായയോട് പ്രണയം ആരംഭിക്കുന്നു. എന്നാല്‍ അവിചാരിതമായി അവരുടെ ജീവിതത്തില്‍ ഉണ്ടായ സംഭവം കഥയുടെ ട്രാക്ക് മാറ്റുന്നു. കഥ പിന്നീട് നടക്കുന്നത് കേരളത്തിലാണ്. ആദ്യ പകുതിയില്‍ കഥ സ്വല്‍പം ഇഴച്ചിലുണ്ടാക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയില്‍ കഥ കേരളത്തില്‍ എത്തുന്നതോടെ കഥയുടെ വേഗം കൂടുന്നുണ്ട്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മലയാളികള്‍ ചര്‍ച്ച ചെയ്ത പലവാര്‍ത്തകളും സിനിമയില്‍ ചര്‍ച്ച വിഷയമാകുന്നുണ്ട്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമവും ബിഷപ്പ് കേസും പലതും സിനിയില്‍ കടന്നു പോകുന്നു. ഈ നൂറ്റാണ്ടില്‍ കുറച്ച് കൂടി ശക്തിപ്രാപിച്ച വര്‍ഗീയതയും സിനിമയിലെ മുഖ്യ വിഷയമാണ്. കൂടെ ശബരിമലയും അഭിമന്യു വധവുമെല്ലാം ചിത്രത്തില്‍ ചെറുതാണെങ്കിലും കടന്നുവരുന്നു.

തന്റെ ആദ്യ ചിത്രത്തിലെ പോലെ തന്നെ കമ്മ്യൂണിസത്തെ അരുണ്‍ ഗോപി തന്റെ രണ്ടാമത്തെ ചിത്രത്തിലും അവതരിപ്പിക്കുന്നുണ്ട്. ഗോകുല്‍ സുരേഷിനെ കൊണ്ട് വന്നത് തന്നെ അതിന് വേണ്ടിയാണ്.

മുമ്പ് പറഞ്ഞപോലെ പ്രണവ് തന്റെ ആദ്യ സിനിമയില്‍ നിന്ന് രണ്ടാം സിനിമയില്‍ മെച്ചപ്പെട്ടിടുണ്ടെങ്കിലും ഇനിയും ഒരുപാട് മുമ്പോട്ട് പോയെ പറ്റു. പലപ്പോഴും ഡയലോഗ് ഡെലിവറി പ്രണവിന് വലിയ പ്രശ്‌നമാകുന്നുണ്ട്. മാസ് രംഗങ്ങളില്‍ മാസ് ഡയലോഗുകള്‍ അതേ പഞ്ചില്‍ അവതരിപ്പിക്കാന്‍ പ്രണവ് ശ്രമിക്കുന്നുണ്ടെങ്കിലും അതിന് കഴിയുന്നില്ല.

സിനിമയില്‍ സായക്കും പ്രണവിനും പുറമേ പ്രധാനകഥാപാത്രമായി എത്തുന്ന അഭിരവ് ജനന്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. പലയിടങ്ങളിലും തിയേറ്ററില്‍ ചിരി പടര്‍ത്താന്‍ അഭിരവിന് കഴിഞ്ഞു. ധര്‍മ്മജന്റെയും ബിജു കുട്ടന്റെയും കഥാപാത്രങ്ങള്‍ വളരെ കുറച്ചെയുള്ളങ്കിലും തിയേറ്ററില്‍ നല്ല റസ്‌പോണ്‍സ് ഉണ്ടാക്കാന്‍ ഇരുവര്‍ക്കുമായി. മനോജ് കെ ജയനും കലഭവന്‍ ഷാജോണും തങ്ങളുടെ റോളുകള്‍ മനോഹരമാക്കി.

സിനിമയുടെ മറ്റ് ഘടകങ്ങളിലേക്ക് വന്നാല്‍ ഗോപി സുന്ദറിന്റെ സംഗീതത്തിന് സിനിമയ്ക്ക് വലുതായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ബി.ജി.എം ശരാശരിയായിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പീറ്റര്‍ ഹെയ്ന്‍ എന്തിനായിരുന്നു എന്ന ചോദ്യം ഉയരുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളില്‍ പതിവ് പോലെ പ്രണവ് മികച്ച പ്രകടനം കാണിക്കുന്നുണ്ടെങ്കിലും പീറ്റര്‍ ഹെയ്ന്‍ അത് പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.

ക്ലൈമാക്‌സിലെ ഗ്രാഫിക്‌സും വെറും ശരാശരിയായിരുന്നു. ഛായഗ്രഹണത്തില്‍ ചില ഷോട്ടുകള്‍ അതി മനോഹരമായിരുന്നു. എങ്കിലും ഛായഗ്രഹണം കൊണ്ട് മികച്ചതെന്ന് പറയാന്‍ പറ്റിയ അല്ലെങ്കില്‍ മനസില്‍ തങ്ങി നില്‍ക്കുന്ന ഫ്രെയിമുകള്‍ കുറവ് തന്നെയാണ്.

“അപ്പന്റെ ചരിത്രം അപ്പന്” എന്ന് പ്രണവ് ഈ ചിത്രത്തില്‍ പറയുന്നുണ്ട്. രണ്ട് പടങ്ങള്‍ മാത്രമാണ് പ്രണവ് ചെയ്തതെങ്കിലും ഇനി പടം ചെയ്യാന്‍ നില്‍ക്കുന്ന സംവിധായകരും കാണാന്‍ ഇരിക്കുന്ന ആരാധകരും അത് മനസിലാക്കിയാല്‍ കൊള്ളാം. ആവശ്യത്തിനും അനാവശ്യത്തിനും നിങ്ങള്‍ മോഹന്‍ലാല്‍ റഫറന്‍സ് ഇടുമ്പോള്‍ അത് ബാധ്യതയാകുന്നത് പ്രണവ് മോഹന്‍ലാലിന് തന്നെയാണ്. ചിത്രത്തിലെ ധര്‍മ്മജന്റെ കഥാപാത്രം മുണ്ട് ഉടുത്ത് റൈബാന്‍ വെച്ച് വരുന്ന പ്രണവിനോട് ഇത് നിനക്ക് ചേരില്ല അതിനൊക്കെ ലാലേട്ടന്‍ എന്ന ഒരു ഡയലോഗ് ഉണ്ട് അത് ഇനി വരുന്ന സംവിധായകരും പ്രണവും മനസിലാക്കിയാല്‍ അയാള്‍ക്ക് കൊള്ളാം.

നമുക്ക് ഒരു മോഹന്‍ലാല്‍ ഉണ്ട്. മലയാളികളുടെ നാല്‍പ്പത് വര്‍ഷങ്ങളില്‍ ഉള്ളില്‍ കയറികൂടിയ അയാളുടെ മാനറിസങ്ങളും സംഭാഷണങ്ങളും അഭിനയ മികവും ഉണ്ട്. അവിടെ നിങ്ങള്‍ മറ്റൊരാളെ വെച്ച് താരതമ്യം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ബാധ്യത താരതമ്യം ചെയ്യപ്പെടുന്നയാള്‍ക്ക് തന്നെയാണ്.

മലയാളികള്‍ക്ക് മോഹന്‍ലാല്‍ ആയി മോഹന്‍ലാല്‍ ഉണ്ട് ഇനി വേണ്ടത് പുതിയ ഒരു താരത്തിനെയാണ്. അത് മനസിലാക്കിയില്ലെങ്കില്‍ മോഹന്‍ലാല്‍ എന്ന ചങ്ങലയില്‍ കുടുങ്ങി പ്രണവ് മോഹന്‍ലാല്‍ എന്ന നടന്‍ ഇനിയും ഇനിയും കഷ്ടപ്പെടും.

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more