| Wednesday, 29th November 2017, 10:37 pm

സമരത്തെ പിന്തുണച്ചവര്‍ ഭരണത്തില്‍; ആദിവാസികള്‍ സമരഭൂമിയില്‍ തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സമരത്തിന് നേതൃത്വം നല്‍കിയ സി.പി.ഐ.എം അധികാരത്തിലെത്തിയിട്ടും വയനാട്ടില്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്ന ആദിവാസികളുടെ ദുരിതത്തിന് അറുതിയാവുന്നില്ല. സി.പി.ഐ.എം നിയന്ത്രണത്തിലുള്ള ആദിവാസിക്ഷേമസമിതിയുടെ നേതൃത്വത്തില്‍ പുല്‍പള്ളിക്കടുത്ത് ഇരുളം വനമേഖലയില്‍വര്‍ഷങ്ങളായി കുടില്‍ കെട്ടി സമരംചെയ്യുകയാണിവര്‍. മരിച്ചാല്‍ കുഴിച്ചിടാന്‍ ഒരുതുണ്ട് ഭൂമി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളുടെ ഇടുങ്ങിയ കോളനികള്‍ വിട്ട് 2012 ല്‍ഇവര്‍ സമരത്തിനിറങ്ങിയത്.

കാറ്റടിച്ചാല്‍ പറന്നു പോകാവുന്ന കൂരകളില്‍ അഞ്ചും ആറും കുടുംബങ്ങളാണ് താമസിക്കുന്നത്. റേഷന്‍ കാര്‍ഡോ മറ്റു രേഖകളോ ഇല്ലാത്തതിനാല്‍ റേഷന്‍ പോലും ഇവര്‍ക്ക് അന്യമാണ്. വേനലായാല്‍ കുടിവെള്ളം പോലുംഎടുക്കാന്‍ ആളുകള്‍ അനുവദിക്കില്ലെന്ന് ഇവിടുത്തെ സ്ത്രീകള്‍ പറയുന്നു. ഈ വീടുകളിലൊന്നും തന്നെ പ്രാഥമിക കൃത്യങ്ങള്‍ക്ക്‌പോലുമുള്ള സൗകര്യമില്ല. തൊഴിലില്ലായ്മ, തൊഴില്‍ ചൂഷണം, വന്യമൃഗശല്യം, വിദ്യാഭ്യാസസൗകര്യങ്ങളുടെ അഭാവം തുടങ്ങി എല്ലാ വെല്ലുവിളികളെയും നേരിട്ട് ദുരിതജീവിതംനയിക്കുന്ന ഇവര്‍ക്ക് ഭൂമി എന്ന് കിട്ടുമെന്നകാര്യത്തില്‍ ഇപ്പോഴും യാതൊരു ഉറപ്പുമില്ല.

2012 മെയ് മാസത്തിലാണ് തെക്കേ വയനാട് വനം ഡിവിഷനിലെ ഇരുളം, ചീയമ്പം തുടങ്ങിയ സ്ഥലങ്ങളിലെ വനഭൂമിയില്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചത്. ജൂലൈ മാസത്തില്‍ വനംവകുപ്പ് പോലീസ് സഹായത്തോടെ 1,287 കുടിലുകള്‍തകര്‍ക്കുകയും 296 സ്ത്രീകളും 26 കുട്ടികളും അടക്കം 826 ആദിവാസി സമരപ്രവര്‍ത്തകരെ ജയിലില്‍ അടക്കുകയും ചെയ്തു. ജാമ്യം കിട്ടിപുറത്തിറങ്ങിയപ്പോള്‍ പോകാന്‍ മറ്റൊരിടമില്ലാത്ത ഇവര്‍ സമരഭൂമികളിലേക്ക് തന്നെ മടങ്ങിയെത്തി. ഇവര്‍ക്കെതിരായ കേസുകള്‍ 2012ജൂലൈ ആറിനും ആഗസ്ത് ഒന്നിനുമായി പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ സര്‍ക്കാര്‍ റദ്ദാക്കി.

ഭരണം മാറി സമരത്തിന് നേതൃത്വം നല്‍കിയപാര്‍ട്ടി അധികാരത്തിലെത്തിയെങ്കിലും ഇവരുടെ ദുരിതജീവിതം ഇപ്പോഴും തുടരുകയാണ്. ആദ്യഘട്ടത്തില്‍ സമരം ചെയ്തവര്‍ക്കെല്ലാം കൈവശാവകാശ രേഖ ലഭിച്ചുവെന്നും കേന്ദ്രവനാവകാശ നിയമത്തിലെ സാങ്കേതികപ്രശ്‌നങ്ങള്‍ കൊണ്ടാണ് ബാക്കിയുള്ളവര്‍ക്ക് ഭൂമി ലഭിക്കാത്തതെന്നുമാണ് സി.പി.ഐ.എംവിശദീകരണം

സാങ്കേതിക കാരണങ്ങള്‍ക്കും ന്യായങ്ങള്‍ക്കുമപ്പുറം ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് തന്നെയാണ് ഈസമരഭൂമിയില്‍ എത്തുന്ന ഏതൊരാള്‍ക്കും മനസിലാക്കാന്‍ സാധിക്കുക. അടുത്തതലമുറയ്ക്ക് വേണ്ടിയെങ്കിലും ഒരു തുണ്ട് ഭൂമിലഭിക്കാന്‍ ഇനിയെത്ര കാലം ഇവര്‍ ഇവിടെ കഷ്ടപ്പെടണം എന്നതാണ് ഉയരുന്ന ചോദ്യം.

Latest Stories

We use cookies to give you the best possible experience. Learn more