| Sunday, 7th August 2022, 7:05 pm

ഇർഷാദ് കൊലപാതകവും സ്വർണക്കടത്തു ലോബിയും

ഐഷ ഫർസാന

നടുക്കുന്ന കൊലപാതകമാണ് കോഴിക്കോട് പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇർഷാദിന്റേത്. എന്താണ് കൊലപാതകത്തിന്റെ കാരണം. സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് കൊലയുമായുള്ള ബന്ധമെന്താണ്.

റിപ്പോർട്ട് ചെയ്യപ്പെടുന്നതും പെടാത്തതുമായ നിരവധി കൊലപാതകങ്ങൾ സ്വർണ്ണക്കടത്തിന്റെ മറവിൽ കേരളത്തിൽ നടക്കുന്നുണ്ട് എന്ന വാർത്തകൾ പലപ്പോഴായും പുറത്തുവന്നിട്ടുണ്ട്. ദിനം പ്രതി സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം. അതേസമയം സ്വർണക്കടത്തിന്റെ രൂപത്തിലും ഭാവത്തിലുമാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്.

കാരിയറാകണോ, കടത്തുകാരനാകണോ, ഒറ്റുകാരനാകണോ അതോ, കടത്തിയ സ്വർണം അടിച്ചു മാറ്റണോ തുടങ്ങിയ കാര്യങ്ങളിൽ ഇവർക്കിടയിൽ തന്നെ ചർച്ചകൾ നടക്കുന്നുണ്ട്.

പന്തിരിക്കര ഇർഷാദ് കൊലപാതകക്കേസ്

വിദേശത്ത് ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി പോയ പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇർഷാദ് മെയ് 13നാണ് നാട്ടിൽ തിരിച്ചെത്തുന്നത്. സഹോദരൻ അർഷാദ് ഇർഷാദിന് ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോലി തേടി ഇർഷാദ് ദുബൈയിലെത്തിയത്. എന്നാൽ ജോലിയൊന്നും ശെരിയാകാതെ ഇർഷാദ് നാട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം തന്നെ ഇദ്ദേഹത്തെ കാണാതായിരുന്നു.

നാട്ടിൽ എത്തി മൂന്ന് ദിവസമായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പിന്നീട് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുവണ്ണാമുഴി പൊലീസ് ഇർഷാദിനെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

പെരുവണ്ണാമുഴി സ്വദേശിയായ നാസർ എന്ന സ്വാലിഹിന്റെ സ്വർണം ഇർഷാദിന്റെ കൈവശം ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാൽ സ്വർണം ഇർഷാദ് നൽകേണ്ടയാൾക്ക് നൽകിയില്ല. അതുമായി കടന്നു കളയുകയോ, മറിച്ച് വിൽക്കുകയോ ചെയ്തുവെന്നാണ് ഇർഷാദിനെതിരെ സ്വർണക്കടത്ത് സംഘം ആരോപിക്കുന്നത്.

ഈ സ്വർണം ആവശ്യപ്പെട്ട് ഒരു സംഘം വീട്ടിലെത്തി ഇർഷാദിന്റെ കുടുംബത്തെ ഭീഷണപ്പെടുത്തുകയായിരുന്നുവെന്ന് ഇർഷാദിന്റെ ബന്ധു ഡൂൾന്യൂസിനോട് പ്രതികരിച്ചു. മർദിച്ച് അവശനാക്കിയ നിലയിലുള്ള ഇർഷാദിന്റെ ചിത്രങ്ങൾ സംഘം ഉമ്മ നഫിസയുടെ ഫോണിലേക്ക് അയച്ചു. പരാതി നൽകിയാൽ മകന്റെ ബോഡിയായിരിക്കും വീട്ടിലെത്തുക എന്നും സംഘം കുടുംബത്തോട് പറഞ്ഞതായി ബന്ധു പറഞ്ഞു.

കാണാതായ ഇർഷാദിനെ പിന്നീട് കണ്ടെത്തുന്നത് ജൂലൈ 17ന് കടലൂർ നന്തിയിലാണ്. കരയ്ക്കടിഞ്ഞ മൃതദേഹം കാണാൻ ഒരുപാട് പേർ എത്തിയിരുന്നു. നാട്ടുകാർ ചേർന്ന് പൊലീസിനെ വിവരമറിയിച്ചു. അവർ അന്വേഷണവും ആരംഭിച്ചു. സമീപകാലത്ത് ഈ പ്രദേശത്തുനിന്നും കാണാതായവരെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് മുപ്പത്തിയാറുകാരനായ വടക്കേടതുകണ്ടി ദീപകിനെ കാണാതായ വിവരം ലഭിക്കുന്നത് . മൃതദേഹം തിരിച്ചറിയാൻ ദീപകിന്റെ സുഹൃത്തുക്കളെയും കുടുംബത്തെയും അവർ വിളിച്ചു. ദീപകിനോട് സാമ്യം തോന്നിയ മൃതദേഹം കുടുംബം ഏറ്റെടുത്ത് അവരുടെ ആചാര പ്രകാരം സംസ്‌കരിച്ചു.

എന്നാൽ ഇതിനിടെ അത് തന്റെ മകൻ അല്ലെന്നു അമ്മ പറഞ്ഞിരുന്നതായി പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ സംശയം തോന്നിയ ഇർഷാദിന്റെ കുടുംബം ഡി.എൻ.എ പരിശോധന നടത്തണമെന്ന ആവശ്യവും ഉന്നയിച്ചു.

ഇതിന് പിന്നാലെയാണ് ഇർഷാദ് കേസിലെ സുപ്രധാന വഴിത്തിരിവുകൾ ഉണ്ടാകുന്നത്.

ഇർഷാദിന്റെ മാതാപിതാക്കളുടെ ഡി.എൻ.എയുമായി ഏറെ സാമ്യമുണ്ടായിരുന്നു സംസ്‌കരിക്കപ്പെട്ട മൃതദേഹത്തിന്. ഇതോടെയാണ് മൃതദേഹം പന്തിരിക്കര സ്വദേശി ഇർഷാദിന്റേത് ആണെന്ന് സ്ഥിരീകരിച്ചത്.

ഇർഷാദിനെ കാണാതായ വിവരം കുടുംബം ആദ്യം പൊലീസിൽ അറിയിച്ചിരുന്നില്ല. പൊലീസിൽ പരാതിപ്പെടാതിരുന്നത് ഭീഷണി ഭയന്നിട്ടാണെന്ന് ഇർഷാദിന്റെ മാതാപിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഒളിവിൽ പോയതിന് പിന്നാലെ ഇർഷാദ് പിതാവ് നാസറുമായി നടത്തിയ സംഭാഷണത്തിൽ സ്വർണം സമീർ, കബീർ തുടങ്ങിയവരുടെ കയ്യിൽ ഏൽപ്പിച്ച കാര്യം പറഞ്ഞിരുന്നു. ഇരുവരും ചേർന്നാണ് ഇർഷാദിനെ കൂട്ടാൻ എയർപോർട്ടിൽ പോയതെന്നാണ് മാതാവ് പറയുന്നത്. എന്നാൽ തങ്ങൾ പോയിട്ടില്ലെന്ന് നിലപാടിലാണ് സമീറും, കബീറും.

നാസർ എന്നയാളാണ് കുടുംബത്തെ ഭീഷണിപ്പെടുത്തിയതെന്ന് പിതാവ് പ്രതികരിച്ചിരുന്നു. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നാസർ എന്നയാൾ വീണ്ടും വിളിച്ചിരുന്നുവെന്നും ഇർഷാദിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതികളെന്ന് സംശയിക്കുന്ന നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ ഇർഷാദ് പുറക്കാട്ടിരി പാലത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടെന്നായിരുന്നു നിഗമനം. ഇത് സംബന്ധിച്ച് ചില വിവരങ്ങൾ നട്ടുകാരിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു.

എന്നാൽ,കാറിലെത്തിയ സംഘത്തിലൊരാൾ പുഴയിലേക്ക് ചാടിയെന്നും കാർ അതിവേഗത്തിൽ വിട്ടു പോയെന്നുമാണ് നാട്ടുകാർ നൽകിയ വിവരം. ഈ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം തിക്കോടി കടപ്പുറത്ത് ഒരു യുവാവിന്റെ ജീർണിച്ച നിലയിലുളള മൃതദേഹം കണ്ടെത്തിയിരുന്നു. മേപ്പയൂർ സ്വദേശിയായ മറ്റൊരു യുവാവിന്റെ മൃതദേഹമെന്ന നിഗമനത്തിൽ അന്നുതന്നെ സംസ്‌കാരവും നടത്തിയിരുന്നു.

എന്നാൽ ഇതിൽ സംശയം തോന്നിയ കുടംബാംഗങ്ങളാണ് ഡി.എൻ.എ പരിശോധന നടത്തണമെന്ന ആവശ മുന്നയിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം ഇർഷാദിന്റേതണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്.

ചർദ്ധിക്കണമെന്ന് പറഞ്ഞു വാഹനത്തിൽ നിന്നും ഇറങ്ങിയ ഇർഷാദ് പാലത്തിനു മുകളിൽ നിന്നും താഴേക്കു ചാടിയെന്നാണ് പ്രതികളുടെ മൊഴിയെങ്കിലും കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ കേസിലെ പ്രധാന പ്രതിയെന്ന് പറയുന്ന സ്വാലിഹിന്റെ ചിത്രങ്ങൾ വാർത്താ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കൊലയ്ക്ക് ശേഷവും സ്വാലിഹ് ഇർഷാദിന്റെ കുടുംബത്തെ ഫോണിൽ ബന്ധപ്പെടുകയും പണം തിരികെ നൽകിയാൽ മകനെ തിരികെയേൽപ്പിക്കാമെന്ന് പറയുകയും ചെയ്തതായും കുടുംബം വ്യക്തമാക്കുന്നുണ്ട്.

കേസിലിപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകി ആരാണെന്നോ, സ്വർണം ഇർഷാദ് ആരെയാണ് ഏൽപ്പിച്ചതെന്നോ ആ യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ മാത്രം വൈരാഗ്യമുണ്ടാക്കിയ സംഭവങ്ങൾ എന്താണെന്നോ ഇപ്പോഴും വ്യക്തമല്ല.

ധൃതിപ്പെട്ടുള്ള സംസ്‌കാരം, സംശയങ്ങള്‍

വടക്കേടത്ത്കണ്ടി ദീപകിന് 36 വയസ്സാണ് പ്രായം. കൊല്ലപ്പെട്ട ഇർഷാദിനേക്കാൾ 10 വയസ് മുകളിൽ. ഇടയ്ക്കിടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലമുണ്ടായിരുന്നു ദീപകിന്. എവിടെയെങ്കിലും എത്തിയാൽ അവിടെ നിന്നും വിളിക്കും, വിവരമറിയിക്കും. പതിവായതുകൊണ്ടാണ് ദീപകിനെ കുറിച്ച് പരാതിപ്പെടാതിരുന്നതെന്നാണ് ദീപക്കിന്റെ അമ്മയുടെ പ്രതികരണം.

തിക്കോടി കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയെന്ന വാർത്ത വന്നപ്പോൾ ദീപകിന്റെ കുടുംബാം​ഗങ്ങളും ഏതാനും സുഹൃത്തുക്കളും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം ദീപകിന്റേതാണെന്നായിരുന്നു എല്ലാവരുടേയും പ്രതികരണം. മൃതദേഹം തിരിച്ചറിഞ്ഞ സ്ഥിതിക്ക് ആചാരപ്രകാരമുള്ള ദഹിപ്പിക്കലും മുറപോലെ നടന്നു. എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഡി.എൻ.എ പരിശോധന ഫലം വന്നത്. ഡി.എൻ.എ ഫലം ഇർഷാദിന് അനുകൂലമായിരുന്നു. ഇതോടെ കൊല്ലപ്പെട്ടത് ഇർഷാദാണെന്നും ദഹിപ്പിച്ചത് ഇർഷാദിന്റെ ശരീരമാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.

ഡി.എൻ.എ പരിശോധന ഫലം വരാൻ ദിവസങ്ങൾക്ക് മാത്രം ബാക്കി നിൽക്കെ സംസ്കരണം നടത്താൻ ആർക്കായിരുന്നു തിരക്കെന്നാണ് ഇർഷാദിന്റെ കുടുംബം ചോദിക്കുന്നത്. തെളിവുകൾ നഷ്ടപ്പെടുത്തണമെന്ന ഉറച്ച ലക്ഷ്യത്തോടെ ചിലർ നടത്തിയ ഏതാനും കരുനീക്കങ്ങളുടെ ഫലമാണ് ഇർഷാദിന്റെ മൃതദേഹം കത്തിക്കുന്നതിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.

മുങ്ങിമരണമാണെന്ന പ്രതികളുടെ മൊഴിയിലും കുടുംബം അവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. വെള്ളം കയറിയാൽ ഇക്കരെനിന്നും അക്കരെ വരെ നീന്തിക്കയറുന്ന ഇർഷാദ് ഒരിക്കലും മുങ്ങിമരിക്കുമെന്ന വിശ്വസിക്കുന്നില്ലെന്നും കുടുംബം ആവർത്തിച്ചു പറയുന്നുണ്ട്.

Content Highlight; Irshad Murder case and Gold smuggling groups, a detailed analysis

ഐഷ ഫർസാന

ഡൂള്‍ ന്യൂസില്‍ മൾട്ടിമീഡിയ ജേർണലിസ്റ്റ്ട്രെയ്നി ജേർണലിസത്തിൽ ബിരുദവും പി.ജി ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more