ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് ഇര്‍ഷാദ് അലി. 1995ല്‍ പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ ഇര്‍ഷാദിന് സാധിച്ചു. 1998ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത പ്രണയവര്‍ണങ്ങള്‍ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു.
എന്നാല്‍ ആ സിനിമക്ക് മുമ്പ് സിബി മലയിലിന്റെ മറ്റൊരു സിനിമയില്‍ അഭിനയിച്ചിരുന്നുവെന്നും എന്നാല്‍ ആ സീന്‍ കട്ടായി പോയെന്നും പറയുകയാണ് ഇര്‍ഷാദ് അലി. 1997ല്‍ പുറത്തിറങ്ങിയ നീ വരുവോളം എന്ന സിനിമയെ പറ്റിയാണ് ഇര്‍ഷാദ് പറയുന്നത്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘സുന്ദര്‍ദാസ് സംവിധാനം ചെയ്ത് മഞ്ജു വാര്യരും ദിലീപേട്ടനും അഭിനയിച്ച കുടമാറ്റം എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഞാന്‍ ആ സിനിമയില്‍ എത്തുന്നത് എങ്ങനെയാണെന്ന് ചോദിച്ചാല്‍, ഞാന്‍ സുന്ദര്‍ദാസ് സാറിനെ നിരന്തരം വിളിക്കുമായിരുന്നു.
അതില്‍ മേഘേട്ടന്റെ അനിയന്‍ കഥാപാത്രം ചെയ്യാന്‍ ഒരാളെ വേണമായിരുന്നു. അതിന് ഒരാളെ നോക്കുന്ന സമയത്താണ് അവര്‍ എന്നെ കാണുന്നതും നമ്പര്‍ വാങ്ങുന്നതും. പക്ഷെ സ്‌ക്രിപ്റ്റ് ഡെവലെപ്പ് ചെയ്ത് വന്നപ്പോള്‍ ചില ഭാഗങ്ങള്‍ അവര്‍ എഡിറ്റ് ചെയ്തു.
അതോടെ ആ കഥാപാത്രം കഥയില്‍ നിന്നും പോയി. ഞാന്‍ നിരന്തരം വിളിച്ചതിന്റെ ഭാഗമായിട്ട് സുന്ദര്‍ ദാസ് സാര്‍ പറഞ്ഞത് ‘ആ കഥാപാത്രം പോയി. എന്നാലും മേഘനാഥന്റെ കൂടെ നടക്കുന്ന വില്ലന്മാരുണ്ട്. ആ കൂട്ടത്തില്‍ കൂടിക്കോ’ എന്നായിരുന്നു. അങ്ങനെയാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിക്കുന്നത്.
ആ സമയത്താണ് സുന്ദര്‍ദാസ് സാര്‍ മറ്റൊരു കാര്യം പറഞ്ഞത്. ‘നീ വരുവോളം എന്നൊരു സിനിമയുണ്ട്. കോട്ടയത്താണ് ഷൂട്ടിങ്, സിബി മലയിലാണ് സംവിധായകന്‍. നീ ചെന്ന് അദ്ദേഹത്തെ ഒന്ന് കണ്ടോളൂ. ഞാന്‍ വിളിച്ച് പറഞ്ഞോളാം’ എന്നായിരുന്നു സുന്ദര്‍ദാസ് സാര്‍ പറഞ്ഞത്. അങ്ങനെ ഞാന്‍ സിബി സാറിനെ കോട്ടയത്ത് പോയി കണ്ടു.
വളയും മാലയും വാങ്ങാന്‍ പോകുന്ന ആ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്ന സീനായിരുന്നു. പഴയ പ്രയോഗമുണ്ടല്ലോ, ജാക്കി വെക്കുക. അത്തരമൊരു സീനായിരുന്നു അത്. ദിലീപേട്ടന്‍ അത് കണ്ടിട്ട് വരികയും മുഖത്തടിക്കുകയും ചെയ്യുന്നതാണ് സീന്‍. അത് അഭിനയിച്ചു, ഡബ്ബിങ്ങും കഴിഞ്ഞു.
ഇടക്ക് ഞാന്‍ സിനിമയിലുള്ള തോമസുകുട്ടിയെ വിളിക്കുമായിരുന്നു. അങ്ങനെ അവനാണ് ആ കാര്യം പറഞ്ഞത്. ‘ഇല്ല. നിന്റെ സീന്‍ കട്ടായി പോയി. സിബി സാറിന്റെ പടത്തില്‍ യോജിക്കുന്ന സീനല്ല അത്. മോറലായിട്ട് അതത്ര നല്ലതല്ല. അതുകൊണ്ട് സീന്‍ കട്ട് ചെയ്തു’ എന്നായിരുന്നു അവന്‍ പറഞ്ഞത്,’ ഇര്‍ഷാദ് അലി പറഞ്ഞു.
Content Highlight: Irshad Ali Talks About Sibi Malayil And Nee Varuvolam Movie