| Friday, 4th August 2023, 11:14 pm

പാലേരി മാണിക്യത്തിലെ മൂന്ന് കഥാപാത്രവും മമ്മൂക്ക ചോദിച്ച് വാങ്ങിയത്: ഇർഷാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാലേരി മാണിക്യം എന്ന ചിത്രം പുതുമുഖങ്ങളെ വെച്ച് നിർമിക്കാൻ ഇരുന്ന ചിത്രമെന്ന് നടൻ ഇർഷാദ്. ചിത്രത്തിലെ മൂന്ന് കഥാപാത്രങ്ങളും സംവിധായകൻ രഞ്ജിത്തിനോട് മമ്മൂട്ടി ചോദിച്ച് വാങ്ങിയതാണെന്നും ആ കഥാപാത്രത്തെ മമ്മൂട്ടിയല്ലാതെ മറ്റൊരാൾ ചെയ്യുന്നത് ചിന്തിക്കാൻ പോലും പറ്റില്ലെന്നുമാണ് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാലേരി മാണിക്ക്യത്തിന്റെ ആദ്യ ആലോചനയിൽ മമ്മൂക്ക ഉണ്ടായിരുന്നില്ല. ആ ചിത്രത്തിലെ മൂന്നു കഥാപാത്രങ്ങളും പുള്ളി ചോദിച്ച് വാങ്ങിയതാണ്. അത് നമ്മളോട് പറഞ്ഞത് മമ്മൂക്കയാണ്. രഞ്ജിത്തേട്ടൻ ആദ്യം ആ ചിത്രം പുതുമുഖങ്ങളെ വെച്ചാണ് ആലോചിച്ചിരുന്നത്. ആ മൂന്ന് കഥാപാത്രങ്ങളും മൂന്ന് ആളുകളെ വെച്ചാണ് ചെയ്യിക്കാനിരുന്നതും.

ഈ പടത്തെപ്പറ്റി അറിഞ്ഞപ്പോൾ മമ്മൂക്ക എന്താണ് പരിപാടി എന്ന് വിളിച്ച് ചോദിക്കുകയായിരുന്നു. രാജീവിന്റെ ഒരു നോവൽ ആണെന്ന് പറഞ്ഞപ്പോൾ പുള്ളി അത് വാങ്ങി വായിച്ചു. ഇതിൽ തന്റെ വേഷം എന്താണെന്ന് പുള്ളി രഞ്ജിത്തേട്ടനോട് ചോദിച്ചു. മമ്മൂക്ക ഈ പടത്തിൽ ഇല്ലെന്ന് പുള്ളി മറുപടി പറഞ്ഞു. ഞാൻ ഉണ്ട് ഈ പടത്തിൽ എന്ന് അപ്പോൾ തന്നെ മമ്മൂക്ക പറഞ്ഞു. അങ്ങനെയാണ് പുള്ളി ആ മൂന്നു കഥാപാത്രങ്ങളും ചെയ്തതെന്ന് പറഞ്ഞു.

അഹമ്മദ് ഹാജി എന്ന കഥാപാത്രത്തെ മമ്മൂക്കയല്ലാതെ വേറൊരാളെയും ചിന്തിക്കാൻ പറ്റുന്നില്ല,’ ഇർഷാദ് പറഞ്ഞു.

ടി.ജി. രവിയും അക്ഷയ് രാധാകൃഷ്ണനും കേന്ദ്ര കഥാപാത്രമായ ഭഗവാൻ ദാസന്റെ രാമരാജ്യം ആണ് ഇർഷാദിന്റെ പുതിയ ചിത്രം. സിനിമ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ ആണ്. റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രശാന്ത് മുരളി, മണികണ്ഠൻ പട്ടാമ്പി, നന്ദന രാജൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

Content Highlights: Irshad Ali on Mammootty and Paleri Manikyam: Oru Pathirakolapathakathinte Katha movie

We use cookies to give you the best possible experience. Learn more