ദേശീയ അവാർഡിന്റെ ഭാഗമായ സിനിമയിലെ നായകൻ ആയിട്ടുകൂടി തന്നെ പിന്നീട് സിനിമയിലേക്ക് വിളിച്ചില്ലെന്ന് നടൻ ഇർഷാദ് അലി. സിനിമക്ക് തന്നെയല്ല ആവശ്യമെന്നും സിനിമയെ തനിക്കാണ് കൂടുതൽ ആവശ്യമെന്നും താൻ മനസിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിന് ശേഷമാണ് ഞാൻ സീരിയലുകളിൽ സജീവമാകുന്നത്. അതിന് മുൻപ് സീരിയലും സിനിമയും ഒക്കെ ചെയ്‌തിരുന്നു. പാഠം ഒന്ന് ഒരു വിലാപം കഴിഞ്ഞിട്ട് ഞാൻ ഒരു വർഷത്തോളം വെറുതെയിരുന്നു. ഒരാളും എന്നെ വിളിച്ചില്ല. മീരാ ജാസ്മിന് നാഷണൽ അവാർഡ് കിട്ടിയ ചിത്രമാണ്, നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ ഒക്കെ പുരസ്കാരങ്ങളും കിട്ടിയ ചിത്രത്തിലെ നായകൻ ആണ് ഞാൻ, കഥാപാത്രം നെഗറ്റീവ് ആണെങ്കിൽ കൂടിയും. ഒരാൾ പോലും ഇൻഡസ്ട്രിയിൽ നിന്നെന്നെ വിളിച്ചിട്ടില്ല. അതിൽ പരാതിയും പരിഭവവും ഇല്ല.
നമ്മളെ ആരും അങ്ങോട്ട് വിളിക്കില്ല. ഞാൻ മീരാ ജാസ്മിന്റെ നായകൻ ആയിട്ട് അഭിനയിച്ചതാണ്, അല്ലെങ്കിൽ സിനിമയിലും സീരിയലിലും ഒക്കെ ഉണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. സിനിമക്ക് നമ്മളെ ഒന്നും ആവശ്യമില്ല. സിനിമയെ ആണ് നമുക്ക് ആവശ്യം.
അതിന് ശേഷം ഞാൻ സീരിയലിലും സജീവമായി. സാമ്പത്തികം ഒക്കെ കുറവായിരുന്നു. സാമ്പത്തികത്തിന്റെ പേരിൽ ഇതുവരെ ഞാൻ സിനിമ ഉപേക്ഷിച്ചിട്ടില്ല. ഇത്രയും പണം കിട്ടിയാലേ ഞാൻ അഭിനയിക്കൂ എന്നൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. ഞാൻ എന്റെ ശമ്പളം പറയും, അവർ വിലപേശും. ഒരിക്കലും ഇഷ്ടപ്പെട്ട കഥാപാത്രം പണം കുറവാണെന്ന പേരിൽ ഞാൻ കളഞ്ഞിട്ടില്ല. ഇപ്പോൾ ചെയ്ത ഭഗവാൻ ദാസന്റെ രാമ രാജ്യം എന്ന ചിത്രം പോലും അധികം സാമ്പത്തികം വാങ്ങി ചെയ്തതല്ല,’ ഇർഷാദ് പറഞ്ഞു.
ടി.ജി. രവിയും അക്ഷയ് രാധാകൃഷ്ണനും കേന്ദ്ര കഥാപാത്രമായ ഭഗവാൻ ദാസന്റെ രാമരാജ്യം ആണ് ഇർഷാദിന്റെ പുതിയ ചിത്രം. സിനിമ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ ആണ്. റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രശാന്ത് മുരളി, മണികണ്ഠൻ പട്ടാമ്പി, നന്ദന രാജൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം.
Content Highlights: Irshad Ali on Malayala cinema and Meera Jasmine