ഭീകരവാദികള്‍ക്കൊപ്പം ചേരണമെന്ന ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്റെ നിര്‍ദേശം അനുസരിക്കാത്തതിന്റെ പേരില്‍ ഭീകരവാദികളാക്കി മുദ്രകുത്തി അറസ്റ്റു ചെയ്ത രണ്ടുപേരെ ദല്‍ഹിയിലെ വിചാരണക്കോടതി കഴിഞ്ഞദിവസം കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. അതിലൊരാളായിരുന്നു ദല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഇന്‍ഫോര്‍മറായിരുന്ന ഇര്‍ഷാദ് അലി. പൊലീസ് കെട്ടിച്ചമച്ച ഈ കേസില്‍ 11വര്‍ഷത്തിനുശേഷമാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. തടവില്‍ കഴിയവെ ഇര്‍ഷാദ് അലി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന് കത്ത് ഈ സാഹചര്യത്തില്‍ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിക്കുന്നു.
ഇര്‍ഷാദ് അലിയുടെ കത്ത് പൂര്‍ണരൂപം
സുരക്ഷാ ഉദ്യോഗസ്ഥരുടെ കെണിയില്‍ നിന്നും നിരപരാധികളായ യുവാക്കളെ രക്ഷിക്കുകയെന്ന ലക്ഷ്യമുന്‍നിര്‍ത്തി തീഹാര്‍ ജയിലില്‍ നിന്നാണ് ഞാനീ കത്തെഴുതുന്നത്. എന്റെ പേര് ഇര്‍ഷാദ് അലി. മുഹമ്മദ് യൂനസിന്റെ മകന്‍. ദല്‍ഹി തീഹാര്‍ ജയിലിലെ ജയില്‍ നമ്പര്‍ എട്ടിലെ വാര്‍ഡ് നമ്പര്‍ അഞ്ചില്‍ (ഹൈ റിസ്‌ക് വാര്‍ഡ്) സെല്‍ നമ്പര്‍ 13ല്‍ കഴിയുന്നു.
ദല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലും ഐ.ബിയും എങ്ങനെയാണ് ഞങ്ങള്‍ക്കെതിരെ കേസ് കെട്ടിച്ചമച്ചതെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി 2007 സെപ്റ്റംബര്‍ 13ന് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച എന്റെ കഥ നിങ്ങളില്‍ പലരും വായിച്ചിരിക്കും. പക്ഷെ യഥാര്‍ത്ഥ കുറ്റവാളികളെ സി.ബി.ഐ പിടികൂടുമെന്നതില്‍ എനിക്കു സംശയമുണ്ട്.
ഐ.ബിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ദല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലില്‍ ഇന്‍ഫോര്‍മറായി ജോലി ചെയ്യുകയായിരുന്നു ഞാന്‍. അവര്‍ക്കൊപ്പം ജോലി ചെയ്തയാളെന്ന നിലയില്‍ അവര്‍ എങ്ങനെയാണ് തീവ്രവാദികളെ സൃഷ്ടിച്ചതെന്ന് രാജ്യത്തോട് പറയേണ്ടത് എന്റെ കര്‍ത്തവ്യമാണെന്നു തോന്നുന്നു.
ആക്രമണം നടത്തുന്നതിനു മുമ്പു തന്നെ തീവ്രവാദികളെ ഈ ഏജന്‍സികള്‍ എങ്ങനെയാണ് പിടികൂടുന്നതെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? എന്നിട്ടും എന്തുകൊണ്ടാണവര്‍ക്ക് ഇപ്പോഴും മുംബൈ ദല്‍ഹി സ്‌ഫോടനങ്ങളിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതെന്നും?
ഉത്തരം എനിക്കു പറയാന്‍ കഴിയും.
റാങ്കുകള്‍ നിലനിര്‍ത്താനും അവാര്‍ഡുകള്‍ സ്വന്തമാക്കാനും വേണ്ടി സ്‌പെഷ്യല്‍ സെല്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നു. അതിനായി നിസാരമായ പ്രതിഫലം നല്‍കി ഒരുപറ്റം യുവാക്കളെ ജോലിക്കു നിര്‍ത്തിയിട്ടുണ്ട്. അവര്‍ സ്ഥിരം തൊഴിലാളികളല്ല. അവിടെയും ഇവിടെയും ചുറ്റിത്തിരിയുന്ന ഇവര്‍ക്ക് മൊബൈല്‍ ഫോണും സംരക്ഷണവുമൊക്കെ നല്‍കും.
നഗരത്തില്‍ എവിടെയെങ്കിലും എത്തി വാടകയ്ക്ക് താമസിക്കാനാണ് അവരോട് ആവശ്യപ്പെടുക. തൊഴില്‍രഹിതരമായ യുവാക്കളോട് അടുക്കുകയും അവരുമായി നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്യും. അവരില്‍ നിന്നും എളുപ്പത്തില്‍ സ്വാധീനിക്കാവുന്നവരെ കണ്ടെത്തി ഒരു ഗ്രൂപ്പുണ്ടാക്കും. ആയുധങ്ങള്‍ ശേഖരിച്ച് ഇവര്‍ക്കു നല്‍കി കൊള്ളയ്ക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കും. അറിയപ്പെടുന്ന കാര്‍ മോഷ്ടാക്കളില്‍ നിന്നും പിടിച്ചെടുത്ത ഒരു മോഷ്ടിച്ച വാഹനം സ്‌പെഷ്യല്‍ സെല്‍ രഹസ്യമായി ഇവര്‍ക്കു എത്തിക്കും.
Must Read:മോദിയ്ക്ക് കോഴ നല്‍കിയെന്ന രേഖകളുടെ ആധികാരികത ശരിവെച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്
സ്‌പെഷ്യല്‍ സെല്‍ ഏജന്റില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കുന്ന ഈ യുവാക്കള്‍ ഒരുനാള്‍ ഒരു ഓപ്പറേഷന് ഇറങ്ങിത്തിരിക്കും. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ അവര്‍ കെണിയില്‍ അകപ്പെടും. പൊലീസ് മുമ്പേ തന്നെ അവിടെയെത്തിയിരിക്കും. ഇവരെയെല്ലാം പിടികൂടുകയും ചെയ്യും. ഇതിന്റെയൊക്കെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ച ഏജന്റിനെ ഒരുക്കലും പിടിക്കുകയുമില്ല.
ഇതിനു പിന്നാലെ മെഡലുകളും ധീരതയ്ക്കുള്ള പുരസ്‌കാരവും വരും. കെട്ടിച്ചമച്ച കഥകള്‍ കൊണ്ട് ഇന്റലിജന്‍സ് ബ്യൂറോ സര്‍ക്കാറിന്റെയും മാധ്യമങ്ങളുടെയും വയറുനിറയ്ക്കും.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നവര്‍ അവരുടെ പോക്കറ്റില്‍ പേരും സംഘടനയിലെ റാങ്കും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്ഥിരമായി കൊണ്ടുനടക്കുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു ബുള്ളറ്റുപോലും ഉതിര്‍ക്കാതെയാണ് അവര്‍ മരിക്കുന്നത്. അഥവാ വെടിവെച്ചാല്‍ തന്നെ അത് ലക്ഷ്യസ്ഥാനത്തെത്തുകയുമില്ല. കശ്മീരിലെ യഥാര്‍ത്ഥ തവ്രവാദികളുമായുള്ള ആര്‍മിയുടെ ഏറ്റുമുട്ടലുമായി ഇതിനെ താരതമ്യം ചെയ്യൂ. എല്ലാ യുദ്ധത്തിലും ഒന്നോരണ്ടോ പട്ടാളക്കാര്‍ക്ക് വെടിയേറ്റിട്ടുണ്ടാവും. ഒന്നുകില്‍ ദല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലിന്റെ അത്ര പരിശീലനം നമ്മുടെ സൈന്യത്തിനു കിട്ടാത്തതുകൊണ്ട് അല്ലെങ്കില്‍ രാജ്യത്തിനകത്തെ ഏറ്റുമുട്ടലുകള്‍ വ്യാജമായതുകൊണ്ട്.
കൊലയ്ക്കുള്ള ലൈസന്‍സ് കിട്ടിയവരുടെ ഗ്രൂപ്പാണ് സ്‌പെഷ്യല്‍ സെല്‍. അവര്‍ മുസ്‌ലീങ്ങള്‍ക്കെതിരെ വിഷം ചീറ്റുന്നു. അവര്‍ക്കൊപ്പം അധികം മുന്നോട്ടുപോകാന്‍ ഞാന്‍ തയ്യാറായില്ല എന്നതായിരുന്നു എന്റെ തെറ്റ്. അവര്‍ക്കറിയാം, ഇസ്‌ലാമിക് തീവ്രവാദത്തിന്റെ പേരില്‍ ആരെയും അറസ്റ്റു ചെയ്യാം, സ്‌ഫോടകവസ്തുക്കളും ചില സംഘടനകളുടെ പേരുകളും അവര്‍ക്കുമേല്‍ കെട്ടിവെച്ച് തങ്ങള്‍ക്കു രക്ഷപ്പെടാമെന്ന്. കോടതിപോലും അവര്‍ക്കൊപ്പമാണെന്നു പറയേണ്ടി വരുന്നതില്‍ വേദനയുണ്ട്.
രണ്ടുമാസത്തിലേറെയായി ഞാന്‍ അവരുടെ തടവിലായിരുന്നു. എന്റെ അച്ഛനും എനിക്കൊപ്പം ആരോപണവിധേയനായ ഖമറിന്റെ കുടുംബവും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനും ടി.വിയില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയതിനും ശേഷം അവര്‍ ഞങ്ങളെ ഹാജരാക്കി. രണ്ടുമാസത്തെ പരിശീലനം കഴിഞ്ഞു മടങ്ങവെ സ്‌ഫോടകവസ്തുക്കളുമായി പിടികൂടിയവര്‍ എന്നു പറഞ്ഞുകൊണ്ട്.
ഈ ആരോപണത്തെ ഞങ്ങള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. കോടതി സി.ബി.ഐ അന്വേഷണത്തിനു ഉത്തരവിട്ടു. സി.ബി.ഐ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഐ.ബിയിലെയും സ്‌പെഷ്യല്‍ സെല്ലിലെയും അവരുടെ സ്വന്തക്കാരെ അറസ്റ്റു ചെയ്യുന്ന ഘട്ടം വരെ അവര്‍ പോകുമെന്ന് എനിക്കു തോന്നുന്നില്ല. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി രണ്ടുമാസക്കാലത്തോളം ഞങ്ങളെ പൂട്ടിയിട്ട സ്ഥലം ഐഡന്റിഫൈ ചെയ്തുകൊണ്ടിരിക്കുന്നു. പക്ഷെ സി.ബി.ഐ മനപൂര്‍വ്വം അത് രേഖപ്പെടുത്തുനില്ല.
ഈ പ്രശ്‌നത്തില്‍ ഇടപെടുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യണമെന്ന് ഞാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനോട് ആവശ്യപ്പെടുന്നു.
ഞാന്‍ ജോലി ചെയ്ത ഐ.ബി ഓഫീസര്‍മാരുടെ പേരുവിവരങ്ങള്‍ ഇവിടെ നല്‍കുന്നു.
(അഞ്ച് ഓഫീസര്‍മാരുടെ പേരും റാങ്കും ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്)
ഇതിനൊപ്പം അവര്‍ എനിക്ക് മൊബൈല്‍ ഫോണും 9873303646 എന്ന നമ്പറില്‍ സിമ്മും നല്‍കിയിരുന്നു. ഐ.ബി ഓഫീസര്‍മാരുമായി സംസാരിക്കാനുള്ള എന്റെ മൊബൈല്‍ നമ്പര്‍ 9873131845 ആയിരുന്നു. സത്യം പുറത്തുകൊണ്ടുവരാന്‍ ഈ നമ്പറില്‍ നിന്നുംപോയ കോളിന്റെ ഡീറ്റെയ്ല്‍സ് നോക്കാന്‍ മാധ്യമങ്ങള്‍ക്കും ഏജന്‍സികള്‍ക്കും വലിയ ബുദ്ധിമുട്ടല്ല.
സ്വന്തം
ഇര്‍ഷാദ് അലി
s/o മുഹമ്മദ് യൂനസ്
2007 സെപ്റ്റംബര്‍ 22ന് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്