| Sunday, 23rd July 2023, 8:55 am

മണിപ്പൂരില്‍ അക്രമം തുടരുമ്പോള്‍ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടാതെ വിദേശയാത്ര നടത്തുന്നു: ഇര്‍ഷാദ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിപ്പൂരില്‍ അക്രമങ്ങള്‍ തുടരുമ്പോഴും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടാതെ വിദേശ യാത്ര നടത്തുകയാണെന്ന് നടന്‍ ഇര്‍ഷാദ് അലി. ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ വളരെയധികം ആകുലതകള്‍ ഉണ്ടാക്കുന്നുണ്ടെന്നും അത് പറയാന്‍ ഇടതുപക്ഷക്കാരനാവണമെന്നില്ല, മനുഷ്യനെന്ന നിലയില്‍ വേദനയുണ്ടാകുന്നുവെന്നും പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇര്‍ഷാദ് പറഞ്ഞു.

‘ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ വളരെയധികം ആകുലതകള്‍ ഉണ്ടാക്കുന്നുണ്ട്. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ പോകുന്നു. സമ്പന്നര്‍ സമ്പന്നരായിക്കൊണ്ടിരിക്കുകയാണ്. കുറെ റോഡുണ്ടാകുന്നതാണ് ഇവിടുത്തെ വികസനം എന്ന് വിചാരിക്കും. പക്ഷേ അടിസ്ഥാനപരമായി നോക്കണം.

മണിപ്പൂരിലെന്താണ് സംഭവിക്കുന്നത്. മണിപ്പൂരിലെ അക്രമങ്ങള്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഒരു പ്രധാനമന്ത്രി അതിനെക്കുറിച്ച് ഒരു അക്ഷരം മിണ്ടാതെ വിദേശ യാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്. വേദനയുണ്ടാക്കുന്ന കാര്യം തന്നെയല്ലേ. അത് പറയാന്‍ ഇടതുപക്ഷക്കാരനാവണമെന്നില്ല. ഒരു മനുഷ്യനെന്ന നിലയില്‍ വേദനയുണ്ടാക്കുന്ന കാര്യങ്ങളാണ് അത്.

സിനിമയില്‍ വരുന്നതിന് മുമ്പ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലുണ്ടായിരുന്ന ആളാണ് ഞാന്‍. ഡി.വൈ.എഫ്.ഐയുടെ സെക്രട്ടറിയായിരുന്നു. ഡി.വൈ.എഫ്.ഐക്ക് വേണ്ടി ഒരുപാട് തെരുവ് നാടകങ്ങള്‍ കളിച്ചിട്ടുണ്ട്. എനിക്ക് അന്നേ രാഷ്ട്രീയമുണ്ട്. സിനിമയില്‍ വന്നതിന് ശേഷം രാഷ്ട്രീയം പറയുന്നതല്ല. സിനിമയില്‍ വന്നപ്പോള്‍ ചാന്‍സിന് വേണ്ടി ന്യൂട്രലായി നില്‍ക്കാം എന്ന് വിചാരിച്ചിട്ടില്ല.

മലയാള സിനിമയില്‍ ഒരുപാട് ഇടതുപക്ഷ സഹയാത്രികരുണ്ട്. അവരൊന്നും എന്നെ വിളിക്കാറില്ല. അത് വ്യക്തിപരമായ കാര്യമാണ്. അവരെന്നെ വിളിച്ചില്ലെന്ന് പരാതി പറയുകയല്ല. അവര്‍ക്കെന്നെക്കൊണ്ട് ആവശ്യങ്ങളൊന്നും ഉണ്ടായിക്കാണില്ല. ആവശ്യമുണ്ടെങ്കില്‍ വരും. അഭിപ്രായ വ്യത്യാസമുള്ള പാര്‍ട്ടിക്കാരൊക്കെ എന്നെ വിളിക്കുന്നുണ്ടല്ലോ, അതില്‍ പൊളിറ്റിക്‌സുണ്ടാവില്ല. മറ്റേത് വ്യക്തി എന്ന നിലയിലുള്ള എന്റെ നിലപാടുകളാണ്,’ ഇര്‍ഷാദ് പറഞ്ഞു.

Content Highlight: irshad ali about manipur issue

We use cookies to give you the best possible experience. Learn more