ന്യൂദല്‍ഹി: ഇന്ത്യന്‍ നോളജ് സിസ്റ്റവുമായി (Indian Knowledge System) ബന്ധപ്പെട്ട് ആരംഭിക്കുന്ന കോഴ്‌സുകളില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശവുമായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (U.G.C).
പുരാതന രചനയായ സുശ്രുത സംഹിതയിലെ ശസ്ത്രക്രിയയെ സംബന്ധിക്കുന്ന ഭാഗങ്ങള്‍, രാമായണം, മഹാഭാരതം എന്നിവയില്‍ കൃഷിക്കും ജലസേചനത്തിനും നല്‍കിയിരുന്ന ഊന്നല്‍, ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട വേദിക് ആശയങ്ങള്‍, ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട വേദങ്ങളിലെ പരാമര്‍ശങ്ങള്‍ എന്നിവ പഠനത്തിന്റെ ഭാഗമാക്കണമെന്നാണ് യു.ജി.സിയുടെ നിര്‍ദേശം. ‘ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഇന്ത്യന്‍ വിജ്ഞാനത്തിന്റെ ഉള്‍പ്പെടുത്തല്‍’ എന്ന പേരില്‍ യു.ജി.സി പുറത്തിറക്കിയ കരട് മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഇന്ത്യന്‍ വിജ്ഞാനത്തെ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടിട്ടുള്ള 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് കരട് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ പ്രധാന പഠനമേഖലയുമായി ഉള്‍ച്ചേര്‍ക്കാവുന്ന, ഇന്ത്യന്‍ നോളജ് സിസ്റ്റവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ രൂപീകരിക്കുന്നതിനായാണ് യു.ജി.സി നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികളെ അവരുടെ പ്രധാന കോഴ്‌സുകള്‍ക്കൊപ്പം അതുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നോളജ് സിസ്റ്റം കോഴ്‌സുകളും പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും നിര്‍ദേശങ്ങളുണ്ട്. അതായത് മെഡിസിനില്‍ ബിരുദ പഠനത്തിന് തയ്യാറെടുക്കുന്ന ഒരു വിദ്യാര്‍ത്ഥി, യോഗ, ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി എന്നിവയെ സംബന്ധിക്കുന്ന ക്രെഡിറ്റ് കോഴ്‌സുകള്‍ ചെയ്യുന്നതിനെക്കുറിച്ചാണ് ശുപാര്‍ശകളുള്ളത്.
വാസ്തുശാസ്ത്രത്തിന് മഹാഭാരതത്തിലും രാമായണത്തിലുമുള്ള പ്രാധാന്യം, ലോഹങ്ങളെക്കുറിച്ചുള്ള വേദങ്ങളിലെ പരാമര്‍ശങ്ങള്‍, ഇന്ത്യന്‍ മത സമ്പ്രദായങ്ങളെക്കുറിച്ചുള്ള അടിസ്ഥാന പുസ്തകങ്ങള്‍, ജൈന രചനകളിലെ ഗണിത ശാസ്ത്രത്തിന്റെ സ്ഥാനം, കലകളുടെ സ്വഭാവത്തെയും ലക്ഷ്യത്തെയും കുറിച്ചുള്ള നാട്യശാസ്ത്രത്തിലെ കാഴ്ചപ്പാടുകള്‍ എന്നീ വിഷയങ്ങളും പഠനത്തിന്റെ ഭാഗമാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.
പാഠ്യവിഷയങ്ങളില്‍ നിന്ന് നിലവിലുണ്ടായിരുന്ന പല ഭാഗങ്ങളും ഒഴിവാക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നടപടികളെടുത്തിരുന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ പുസ്തകങ്ങളില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തിന്റെയും ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ചരിത്രം സിലബസ് പരിഷ്‌കരണത്തിന്റെ പേരില്‍ എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയിരുന്നു.
ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുല്‍ കലാം ആസാദിനെക്കുറിച്ചുള്ള പാഠ ഭാഗങ്ങളും കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു.
Content Highlights: Irrigation in the Ramayana, surgery in the Sushruta Samhita; UGC instructions to start new courses