| Wednesday, 29th April 2020, 10:22 pm

ഇര്‍ഫാന്‍ ഖാന്‍ ഇനി ഓര്‍മ; കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് മൃതദേഹം സംസ്‌ക്കരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ മൃതദേഹം ഖബറടക്കി. മുംബൈയിലെ വേര്‍സോവ ഖബര്‍സ്ഥാനിലാണ് മൃതദേഹം സംസ്‌കരിച്ചത്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച്, കനത്ത പൊലീസ് കാവലില്‍ ആയിരുന്നു സംസ്‌കാരചടങ്ങുകള്‍.മക്കളായ ബബില്‍, അയാന്‍, അടുത്ത കുടുംബാംഗങ്ങള്‍, ഉറ്റ സുഹൃത്തുക്കള്‍ എന്നിവരടക്കം വളരെ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

സംവിധായകന്‍ വിശാല്‍ ഭരദ്വാജ്, നടനും അവതാരകനുമായ കപില്‍ ശര്‍മ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

‘അദ്ദേഹത്തിന്റെ ശാന്തിക്കായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. രോഗത്തോട് പോരാടുന്നതില്‍ അദ്ദേഹം ശക്തനായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ ആഘാതം മറികടക്കാന്‍ ഞങ്ങള്‍ക്കും അതേ ശക്തി ലഭിക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നു’ എന്ന് ഖബറടക്കം സംബന്ധിച്ച് കുടുംബം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ ഖാനെ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ഇര്‍ഫാനെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ചയായിരുന്നു മരണം സ്ഥിരീകരിച്ചത്.

2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വിദേശത്തായിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് തിരികെയെത്തിയ അദ്ദേഹം അഗ്രേസി മീഡിയം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇതിനിടയില്‍ രോഗം വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു.

ഇന്ത്യന്‍ സിനിമയുടെ വേറിട്ട മുഖമായിരുന്ന ഇര്‍ഫാന്‍ ഖാന്‍ ഹോളിവുഡിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more