നിയമവിരുദ്ധ 'കരിയറു'മായി ഒരു വിവാദ പ്രൊഫസര്‍; അര്‍ഹതയില്ലാത്ത പി.എച്ച്.ഡി ഗൈഡ്ഷിപ്പ് നല്‍കി കേരള യൂണിവേഴിസിറ്റി
Education
നിയമവിരുദ്ധ 'കരിയറു'മായി ഒരു വിവാദ പ്രൊഫസര്‍; അര്‍ഹതയില്ലാത്ത പി.എച്ച്.ഡി ഗൈഡ്ഷിപ്പ് നല്‍കി കേരള യൂണിവേഴിസിറ്റി
ജിന്‍സി ടി എം
Wednesday, 20th February 2019, 12:03 pm

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ സര്‍ക്കാര്‍ ജോലികളില്‍ നിന്നും പി.എസ്.സി ഡീബാര്‍ ചെയ്ത, കേരള യൂണിവേഴ്‌സിറ്റി സൈക്കോളജി ഡിപ്പാര്‍ട്ടുമെന്റില്‍ അസിസ്റ്റര്‍ പ്രൊഫസര്‍ സ്ഥാനത്തേക്ക് ചട്ടവിരുദ്ധമായി നിയമിച്ച, ആര്‍ ജോണ്‍സണ് യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പി.എച്ച്.ഡി ഗൈഡ്ഷിപ്പ് കൂടി നല്‍കി.യൂണിവേഴ്‌സിറ്റി ചട്ട പ്രകാരം പി.എച്ച്.ഡി ഗൈഡ്ഷിപ്പിനുള്ള അപേക്ഷയ്‌ക്കൊപ്പം നല്‍കുന്ന പബ്ലിക്കേഷനുകള്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ സര്‍ട്ടിഫൈ ചെയ്തതായിരിക്കണം. എന്നാല്‍ ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ഡോ. ആര്‍. ജോണ്‍സന് നല്‍കിയിട്ടില്ലെന്നാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. ഇമാനുവല്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്.

യൂണിവേഴ്‌സിറ്റി ചട്ട പ്രകാരം പി.എച്ച്.ഡി ഗൈഡ്ഷിപ്പിനായി നല്‍കുന്ന അപേക്ഷയ്‌ക്കൊപ്പം യു.ജി.സി അപ്രൂവ്ഡ് ലിസ്റ്റ് ഓഫ് ജേണലുകളില്‍ പ്രസിദ്ധീകരിച്ച രണ്ട് പബ്ലിക്കേഷനുകളുണ്ടായിരിക്കണം. ഈ പബ്ലിക്കേഷനുകളുടെ കോപ്പിയുടെ ആദ്യ പേജിലും അവസാന പേജിലും അടിഭാഗത്ത് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഇത് അപ്രൂവ്ഡ് ലിസ്റ്റിലുള്ളതാണെന്ന് സര്‍ട്ടിഫൈ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇത്തരമൊരു സര്‍ട്ടിഫിക്കേഷന്‍ നല്‍കിയിട്ടില്ലെന്നാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ വ്യക്തമാക്കിയത്.
എംഫില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോ.ആര്‍ ജോണ്‍സനെ സര്‍ക്കാര്‍ ജോലികളില്‍ നിന്നും പി.എസ്.സി 2003ല്‍ എന്നെന്നേക്കുമായി ഡീബാര്‍ ചെയ്തിരുന്നു. കേരളാ യൂണിവേഴ്‌സിറ്റി സൈക്കോളജി ഡിപ്പാര്‍ട്ടുമെന്റില്‍ അസിസ്റ്റന്റ് പ്രഫസറായ ഡോ. ജോണ്‍സണിന്റെ നിയമനം തന്നെ ചട്ടവിരുദ്ധമാണെന്നിരിക്കെയാണ് ചട്ടങ്ങള്‍ മറികടന്ന് പി.എച്ച്.ഡി ഗൈഡ്ഷിപ്പ് കൂടി നല്‍കിയിരിക്കുന്നത്.
2010ല്‍ ജോണ്‍സണ്‍ പി.എച്ച്.ഡി ഗൈഡ്ഷിപ്പിനായി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷയ്‌ക്കൊപ്പം യു.ജി.സി അംഗീകൃത ജേണലുകളില്‍ ആര്‍ട്ടിക്കിള്‍ പബ്ലിഷ് ചെയ്തതിന്റെ കോപ്പിയുണ്ടായിരുന്നില്ല. പകരം ആര്‍ട്ടിക്കിളുകള്‍ പബ്ലിക്കേഷനായി സ്വീകരിച്ചിട്ടുണ്ട് എന്ന് കാണിച്ച് രണ്ട് ജേണലുകളുടെ എഡിറ്റര്‍മാരുടെ കത്താണ് ഉണ്ടായിരുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ എഡിറ്റര്‍മാരുടെ കത്തിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ലെന്നും യൂണിവേഴ്‌സിറ്റി ഇത് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെടുകയാണുണ്ടായത്. ഇതു പരിശോധിച്ച യൂണിവേഴ്‌സിറ്റി ആ അപേക്ഷ തള്ളുകയും ചെയ്തു.
പിന്നീട് 2015ല്‍ പി.എച്ച്.ഡി ഗൈഡ്ഷിപ്പ് ആവശ്യവുമായി ജോണ്‍സണ്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനെ സമീപിച്ചിരുന്നു. ഇത്തവണ എഴുതി തയ്യാറാക്കിയ അപേക്ഷയില്ലാതെ പബ്ലിഷ് ചെയ്ത രണ്ട് ആര്‍ട്ടിക്കിളുകളുടെ കോപ്പി മാത്രമാണുണ്ടായിരുന്നത്. അപേക്ഷ കൂടി സമര്‍പ്പിക്കാന്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ നിര്‍ദേശിച്ചതു പ്രകാരം ജോണ്‍സണ്‍ വീണ്ടും അപേക്ഷ നല്‍കി.  2010 ല്‍ യൂണിവേഴ്‌സിറ്റി തള്ളിയ അതേ അപേക്ഷയ്‌ക്കൊപ്പം 2011നുശേഷം പബ്ലിഷ് ചെയ്ത ഒരു ആര്‍ട്ടിക്കിള്‍ കൂടി എഴുതി ചേര്‍ത്തുകൊണ്ട് അപേക്ഷ നല്‍കുകയാണ് ചെയ്തത്.  ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ കൃത്രിമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ജോണ്‍സനെതിരെ യൂണിവേഴ്‌സിറ്റിയ്ക്ക് പരാതി നല്‍കി. പരാതി അന്വേഷിച്ച യൂണിവേഴ്‌സിറ്റി സബ്കമ്മിറ്റി ഇക്കാര്യം ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ തള്ളുകയും ചെയ്തു.
2015ല്‍ യു.ജി.സിയുടെ അപ്രൂവ്ഡ് ജേണല്‍സ് ലിസ്റ്റ് നിലവാരമില്ലാത്ത ജേണലുകളെ ഒഴിവാക്കി പുനക്രമീകരിച്ചിരുന്നു. ഒഴിവാക്കിയ ജേണലുകളിലുള്ള പബ്ലിക്കേഷനാണ് ജോണ്‍സണ്‍ ഹാജരാക്കിയിരുന്നത്. പുതിയ അപേക്ഷ നല്‍കിയാല്‍ പുതുക്കിയ ലിസ്റ്റ് പ്രകാരമുള്ള ജേണലുകളിലെ പബ്ലിക്കേഷനുകള്‍ വേണമെന്നതിനാലാണ് ഇതൊഴിവാക്കാനായി പഴയ അപേക്ഷയില്‍ കൃത്രിമം കാണിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
ഈ ചരിത്രം നിലനില്‍ക്കെയാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനെ മറികടന്ന് ജോണ്‍സണ് പി.എച്ച്.ഡി ഗൈഡ്ഷിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം ആരോപണം ജോണ്‍സണ്‍ നിഷേധിച്ചു. ചട്ടപ്രകാരമാണ് തനിക്ക് ഗൈഡ്ഷിപ്പ് അനുവദിച്ചതെന്നാണ് അദ്ദേഹം ഡൂള്‍ന്യൂസിനോടു അവകാശപ്പെട്ടത്.
അസിസ്റ്റന്റ് പ്രഫസര്‍ നിയമനവും ചട്ടങ്ങള്‍ മറികടന്ന്: 
കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ സ്ഥാനത്തേക്കുള്ള ഡോ. ജോണ്‍സന്റെ നിയമനം യൂണിവേഴ്സിറ്റി അഡ്മിനിസ്‌ട്രേഷന്റെ ഉന്നതതലത്തിലുള്ള അഴിമതിയുടെ ഫലമാണെന്ന ആരോപണം ശക്തമാണ്. ലത്തീന്‍ കത്തിലോക്കാ വിഭാഗത്തില്‍ നിന്നുള്ള അസിസ്റ്റര്‍ പ്രഫസര്‍ നിയമനത്തിനായാണ് ജോണ്‍സണ്‍ അപേക്ഷിച്ചത്. ജാതി സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നതോടെ നിയമനം നിര്‍ത്തിവെച്ചു. ഇത് ചോദ്യം ജോണ്‍സണ്‍  2014ല്‍ ഹൈക്കോടതിയെ സമീപിച്ചു. ജോണ്‍സണ്‍ ഫയല്‍ ചെയ്ത റിട്ട് ഹരജിയിന്മേലുള്ള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ജോണ്‍സന്റെ നിയമനത്തെ ന്യായീകരിക്കുന്നത്. എന്നാല്‍ ഹൈക്കോടതി ആ ഉത്തരവിലേക്കെത്തിയ സാഹചര്യം പരിശോധിച്ചാല്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തുനിന്നുള്ള വീഴ്ച വ്യക്തമാണ്.
ജോണ്‍സണെ പി.എസ്.സി ഡീബാര്‍ ചെയ്‌തെന്ന വസ്തുത മറച്ചുവെച്ചു:
2003ല്‍ ഹെല്‍ത്ത് സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനത്തിനുള്ള അഭിമുഖത്തിനായി ജോണ്‍സണ്‍ അപേക്ഷ സമര്‍പ്പിച്ച വേളയിലാണ് അദ്ദേഹത്തിന്റെ എംഫില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പി.എസ്.സി കണ്ടെത്തിയത്.
“കമ്മീഷന്‍ കേസ് വിശദമായി പരിശോധിച്ചു. തട്ടിപ്പു നടത്തി സെലക്ഷന്‍ നേടുകയെന്ന ലക്ഷ്യത്തോടെ ജോണ്‍സണ്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനാല്‍ ജോണ്‍സനെ ഏതു പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതില്‍ നിന്നും സ്ഥിരമായി വിലക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിരിക്കുകയാണ്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാവശ്യപ്പെട്ട് ജോണ്‍സന് നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം മറുപടി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ആര്‍ ജോണ്‍സണെ പി.എസ്.സിക്കു കീഴിലുള്ള ഏതു പോസ്റ്റിലും അപേക്ഷിക്കുന്നതില്‍ നിന്നും ആജീവനാന്തം വിലക്കിയിരിക്കുന്നു.” എന്നാണ് 2003 നവംബര്‍ 10ന് പി.എസ്.സി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. അതുകൊണ്ടുതന്നെ യൂണിവേഴ്സിറ്റി രൂപീകരിക്കുന്ന ഒരു സെലക്ഷന്‍ കമ്മിറ്റിക്കും അദ്ദേഹത്തെ നിയമനത്തിന് ശുപാര്‍ശ ചെയ്യാന്‍ കഴിയില്ല.
കേരളാ പി.എസ്.സി ഡീബാര്‍ ചെയ്ത വ്യക്തിയാണെന്ന വസ്തുത യൂണിവേഴ്‌സിറ്റി ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടില്ല. യൂണിവേഴ്‌സിറ്റി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ജോണ്‍സനെതിരെ പരാതി നല്‍കിയവര്‍ ഉന്നയിച്ച ആരോപണം മാത്രമാണ് എന്ന നിലയിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. ഇക്കാര്യം ഗുരുതരമായ പ്രശ്നമായി യൂണിവേഴ്സിറ്റി ഒരിക്കല്‍പ്പോലും ഉയര്‍ത്തിക്കാട്ടിയില്ലെന്ന് കോടതി തന്നെ വിധിന്യായത്തില്‍ ഒരിടത്ത് പരാമര്‍ശിക്കുന്നുണ്ട്.
ലത്തീന്‍ കത്തോലിക്കാ/ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലേക്ക് ഇന്റര്‍വ്യൂ നടന്നില്ലെന്ന വസ്തുത മറച്ചുവെച്ചു:
2005 ലാണ് സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റിലെ മൂന്ന് ലക്ചര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് യൂണിവേഴ്സിറ്റി നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയത്. മുസ്ലിം, ഓപ്പണ്‍, ലത്തീന്‍ കത്തോലിക്കാ/ആംഗ്ലോ ഇന്ത്യന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കാറ്റഗറികളിലായിരുന്നു അപേക്ഷ ക്ഷണിച്ചത്. ലത്തീന്‍ കത്തോലിക്കാ/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ ഒരു ഒഴിവ് മാത്രമാണുണ്ടായിരുന്നത്. അതിലേക്ക് അപേക്ഷിച്ച ജോണ്‍സനിന്റെ ജാതിയുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതിനാല്‍ ലത്തീന്‍ കത്തോലിക്കാ ഒഴിവിലേക്ക് റീ നോട്ടീഫൈ ചെയ്ത് മറ്റ് ഒഴിവുകള്‍ നികത്താനും തീരുമാനിച്ചു.
“സൈക്കോളജി ലക്ചററിനുള്ള ലത്തീന്‍ കത്തോലിക്കാ/ആംഗ്ലോ ഇന്ത്യന്‍ സംവരണ വിഭാഗത്തിലേക്ക് അപേക്ഷിച്ച ഏക ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധമായ അവകാശവാദം യൂണിവേഴ്‌സിറ്റി കോളജ്  ജൂനിയര്‍ ലക്ചറര്‍ ഡോ. ആനി മേരി മെര്‍ലിന്‍ ചോദ്യം ചെയ്തിരിക്കുകയാണ്. ഉദ്യോഗാര്‍ത്ഥി ഒ.എക്‌സ് വിഭാഗത്തില്‍പ്പെടുന്ന ഭരത കണ്‍വേര്‍ട്ട് ആണെന്നാണ് അവര്‍ പറയുന്നത്. യോഗ്യരായവരെ കണ്ടെത്താന്‍ ലത്തീന്‍ കത്തോലിക്കാ/ആംഗ്ലോ ഇന്ത്യന്‍ പോസ്റ്റിലേക്ക് റീ നോട്ടിഫൈ ചെയ്യാനും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയമപരമായ തടസങ്ങള്‍ ഒഴിവാക്കാനും യോഗ്യരായവരെ ലഭിക്കാത്തതിനാലും ലത്തീന്‍ കത്തോലിക്കാ/ആംഗ്ലോ ഇന്ത്യന്‍ പോസ്റ്റിലേക്ക് റീനോട്ടിഫൈ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു.” എന്നാണ് മിനുട്‌സില്‍ രേഖപ്പെടുത്തിയത്.
ലത്തീന്‍ കത്തോലിക്കാ/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ മാറ്റിവെച്ച അഭിമുഖം യൂണിവേഴ്‌സിറ്റി പിന്നീട് നടത്തിയിട്ടില്ല.
ഇതിനിടയിലാണ് ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍ ഇന്റര്‍വ്യൂവിന് അപേക്ഷിച്ച ഏക വ്യക്തിയെന്ന നിലയില്‍ തനിക്ക് നിയമന ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ട് ജോണ്‍സണ്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയത്. യൂണിവേഴ്സിറ്റിയിലെ ചില ഉന്നതരുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു റിട്ട് ഹരജി നല്‍കിയതെന്ന ആരോപണവുമുണ്ട്. ഈ റിട്ട് ഹരജിക്ക് എതിരായി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്കുവേണ്ടി നിയമോപദേഷ്ടാവായ അഡ്വ. രാജഗോപാലന്‍ നായര്‍ നല്‍കിയ മറുപടിസത്യവാങ്മൂലം നല്‍കി. ഇതില്‍ ജോണ്‍സണ് സഹായകരമാകുന്ന തരത്തില്‍ ചില കാര്യങ്ങള്‍ മറച്ചുവെച്ചത് ആരോപണത്തിന് ശക്തി പകരുന്നുണ്ട്.
2007 ഏപ്രില്‍ 27ന് നടത്തിയ അഭിമുഖം മുസ്‌ലിം, ഓപ്പണ്‍ ഒഴിവുകള്‍ നികത്താനുള്ളതായിരുന്നു എന്നും ലത്തീന്‍ കത്തോലിക്കാ സീറ്റിലെ ഒഴിവ് നികത്താനുള്ള ഇന്റര്‍വ്യൂ നീട്ടിവെച്ചിരിക്കുകയാണെന്നുമുള്ള കാര്യം യൂണിവേഴ്സിറ്റി മറുപടി സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചു.
” മുസ്ലിം, ഓപ്പണ്‍ കാറ്റഗറി എല്‍.സി/ആംഗ്ലോ ഇന്ത്യന്‍ കാറ്റഗറികളില്‍ സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ലക്ചററര്‍ പോസ്റ്റുകളിലേക്കുള്ള നിയമനത്തിന് വിജ്ഞാപനം ഇറക്കിയിരുന്നു. ഈ പോസ്റ്റുകളിലേക്കുള്ള അഭിമുഖം 27.4.2007ന് നടക്കുകയും മുസ്‌ലിം ഓപ്പണ്‍ പോസ്റ്റുകളിലേക്കുള്ള നിയമനം 2007 മെയ് 26 ലെ സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം പൂര്‍ത്തിയാക്കുകയും ചെയ്തു. എല്‍.സി/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് സംവരണം ചെയ്ത പോസ്റ്റിലേക്കുള്ള നിയമനം സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തില്ല. അടിസ്ഥാന യോഗ്യതയുള്ളതിനാല്‍ മറ്റുളളവര്‍ക്കൊപ്പം ഹരജിക്കാരന്റെ ഇന്റര്‍വ്യൂ കൂടി നടത്തിയിരുന്നു” എന്നാണ് സത്യവാങ്മൂലത്തില്‍ യൂണിവേഴ്സിറ്റി പറഞ്ഞത്.
27.4.2007ല്‍ മൂന്ന് ഒഴിവുകളിലേക്കും അഭിമുഖം നടന്നുവെന്ന തരത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ വാക്കുകള്‍.
2008 ജനുവരി 14ന് ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തിലെ ഈ ഗുരുതരമായ പിഴവുകള്‍ക്കു പിന്നാലെ 2008 ഫെബ്രുവി 27ന് ജോണ്‍സനെ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചുകൊണ്ട് സര്‍വ്വകലാശാല ധൃതിയില്‍ ഉത്തരവിറക്കി. യൂണിവേഴ്സിറ്റി ലക്ചററര്‍ നിയമനം നടത്താന്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ നിര്‍ബന്ധമാണെന്ന യൂണിവേഴ്സിറ്റി ചട്ടം നിലനില്‍ക്കെയാണ് ഇത് മറികടന്ന് സിന്‍ഡിക്കേറ്റ് നിയമനം നടത്തിയത്.
യൂണിവേഴ്സിറ്റിക്കെതിരെ ജോണ്‍സണ്‍ നല്‍കിയ റിട്ട് ഹരജിയില്‍ വിധി വരാനിരിക്കെയായിരുന്നു നിയമനം. യൂണിവേഴ്സിറ്റി ചട്ടം ലംഘിക്കപ്പെട്ടെന്ന കാര്യം ക്ലറിക്കല്‍ സ്റ്റാഫ് ചൂണ്ടിക്കാട്ടിയപ്പോള്‍ സിന്‍ഡിക്കേറ്റിന്റെ അടുത്ത യോഗത്തില്‍ നിയമന തീരുമാനം പിന്‍വലിച്ചു.
ജോണ്‍സനെ നിയമിച്ചുകൊണ്ടുളള തീരുമാനം രേഖപ്പെടുത്താന്‍ ഉപയോഗിച്ച വാക്കുകളില്‍ അദ്ദേഹത്തിന് സഹായകരമായ രീതിയില്‍ കൂട്ടിച്ചേര്‍ക്കലുണ്ടായി. ” യൂണിവേഴ്സിറ്റിയിലെ സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ലക്ചററായി ഡോ. ജോണ്‍സണെ നിയമിച്ചു.” എന്നായിരുന്നു ഉത്തരവില്‍ പ്രിന്റ് ചെയ്ത വാക്കുകള്‍. എന്നാല്‍ ഇതില്‍ അന്നത്തെ രജിസ്ട്രാറായിരുന്ന കെ.എ ഹാഷിം ” ഈ കാറ്റഗറിയിലേക്ക് ഇന്റര്‍വ്യൂ ചെയ്യപ്പെട്ട ഏക വ്യക്തി അദ്ദേഹമായതിനാല്‍” എന്ന വാചകം സ്വന്തം കൈപ്പടയില്‍ കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്.
നിയമനം പിന്നീട് പിന്‍വലിച്ചെങ്കിലും സിന്‍ഡിക്കേറ്റ് തീരുമാനത്തിലെ ഈ വാക്കുകള്‍ കോടതി വിധിയെ സ്വാധീനിച്ചു. ജോണ്‍സനെ ഇന്റര്‍വ്യൂവിനുശേഷമാണ് തെരഞ്ഞെടുത്തതെന്ന് കോടതി തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന നിരവധി നിരീക്ഷണങ്ങള്‍ വിധി ന്യായത്തിലുണ്ട്.
യൂണിവേഴ്‌സിറ്റി ഫയല്‍ ചെയ്ത എതിര്‍ സത്യവാങ്മൂലത്തില്‍ 27.4.2007ന് സെലക്ഷന്‍ കമ്മിറ്റി ഹരജിക്കാരനെ അഭിമുഖം നടത്തിയെങ്കിലും ജാതിയുമായി ബന്ധപ്പെട്ട സംശയം ഉയര്‍ന്നതിനാല്‍ അദ്ദേഹത്തെ കമ്മിറ്റി നിയമനത്തിനായി ശുപാര്‍ശ ചെയ്തില്ല.” വിധി ന്യായത്തിലെ ഈ ഭാഗം കോടതി തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന വസ്തുത വ്യക്തമാക്കുന്നതാണ്.
ജോണ്‍സന്റെ നിയമനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാന്‍ ഉത്തരവിട്ടുകൊണ്ടുള്ള ഇടക്കാല കോടതി ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് ആ പോസ്റ്റിലേക്ക് നിയമനത്തിനായി പുനര്‍വിജ്ഞാപനം നടത്താന്‍ യൂണിവേഴ്സിറ്റി തീരുമാനിച്ചിരുന്നു. ഈ സമയത്ത് രജിസ്ട്രാര്‍ ഡോ. ഹാഷിം ഇടപെടുകയും കൂടുതല്‍ വിശദമായ മറുപടി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പുനര്‍ വിജ്ഞാപനം ചെയ്യാനുള്ള കാരണമായി മറുപടിയില്‍ പറയുന്നത്, ജോണ്‍സന്റെ ജാതിയുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ്. ഈ നിലപാടും കോടതിയില്‍ ജോണ്‍സന് സഹായകരമായി.
കോടതിവിധി വളച്ചൊടിച്ചു:
2008 ഒക്ടോബറിലാണ് ജോണ്‍സണ്‍ ഫയല്‍ ചെയ്ത ഹരജിയില്‍ കോടതി വിധി വന്നത്. “ഈ വിഷയത്തില്‍ യൂണിവേഴ്‌സിറ്റി കിര്‍ത്താഡ്‌സു (KIRTADS) മായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കുകയും കിര്‍ത്താഡ്‌സില്‍ നിന്ന് റിപ്പോര്‍ട്ടു ലഭിച്ചശേഷം നിയമനത്തിനായുള്ള ഹരജിക്കാരന്റെ അപേക്ഷയില്‍ തീരുമാനമെടുക്കുകയും ചെയ്യാം.” എന്നാണ് ഹൈക്കോടതി വിധി.
കോടതി ഉത്തരവ് ലഭിച്ച സമയത്ത് അന്നത്തെ വൈസ് ചാന്‍സലര്‍ ഡോ. ജയകൃഷ്ണന്‍ ജോണ്‍സനെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഒരു സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും 2009 മാര്‍ച്ച് 26ന് അഭിമുഖത്തിന് ക്ഷണിച്ചുകൊണ്ട് മാര്‍ച്ച് 18ന് ജോണ്‍സന് കത്ത് അയക്കുകയും ചെയ്തു.
എന്നാല്‍ ഈ സമയത്ത് യൂണിവേഴ്സിറ്റി സ്റ്റാന്റിങ് കോണ്‍സിലായിരുന്ന അഡ്വ രാജഗോപാലന്‍ നായര്‍ ഇതില്‍ ഇടപെടുകയും മറ്റ് അഭിമുഖമോ സെലക്ഷനോ ഇല്ലാതെ ജോണ്‍സനെ നിയമിക്കാനാണ് കോടതി ആവശ്യപ്പെട്ടതെന്ന് രേഖാമൂലം എഴുതി ചേര്‍ക്കുകയും ചെയ്തു. ഇതോടെ ഇന്റര്‍വ്യൂ റദ്ദാക്കി 2009 മാര്‍ച്ച് 21ന് ജോണ്‍സന് നിയമന ഉത്തരവ് നല്‍കി. കോടതി ഉത്തരവ് പ്രകാരമാണ് നിയമനം എന്ന് ജോണ്‍സണ് നല്‍കിയ അപ്പോയ്‌മെന്റ് ലെറ്ററില്‍ സര്‍വ്വകലാശാല തെറ്റായി രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഈ നിയമനം മാധ്യമങ്ങളില്‍ വിവാദമായതോടെ വിധിയ്ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ഇതിനായി ഹരജി നല്‍കുമെന്നും പറഞ്ഞു. എന്നാല്‍ അങ്ങനെയൊരു അപ്പീല്‍ പിന്നീട് ഫയല്‍ ചെയ്തിട്ടില്ല.
2010ല്‍ ഡോ. കെ.എം എബ്രഹാം വൈസ് ചാന്‍സലറായിരിക്കേ ഡോ. ആര്‍ ജോണ്‍സന്റെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് മനസിലാക്കി അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുകയും പിന്നീട് ഡിസ്മിസ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ ജോണ്‍സണ്‍ കോടതിയെ സമീപിക്കുകയും കോടതി അദ്ദേഹത്തെ ഡിസ്മിസ് ചെയ്ത നടപടി റദ്ദാക്കുകയും ചെയ്തു. നേരത്തെ കോടതി വിധി പ്രകാരം നിയമിച്ചയാളാണെന്ന യൂണിവേഴ്‌സിറ്റിയുടെ നിലപാടാണ് കോടതിയില്‍ ജോണ്‍സന് തുണയായത്.
പരാതികള്‍ നിരവധി ഉയര്‍ന്നിട്ടും നടപടിയുണ്ടായില്ല:
ജോണ്‍സണ്‍ യൂണിവേഴ്‌സിറ്റി പ്രഫസറായി നിയമിതനായതു മുതല്‍ അദ്ദേഹത്തിനെതിരെ പലതരത്തിലുള്ള പരാതി ഉയര്‍ന്നിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവരാണ് പഠിപ്പിക്കാനറിയില്ല, മോശം പെരുമാറ്റം, യോഗ്യതയില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. ഇത്തരത്തിലുളള 11 പരാതികള്‍ യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച മറുപടി. ജോണ്‍സണിനെതിരെ ഉയര്‍ന്ന പരാതിയില്‍ പരാതിക്കാരുടെ വാദം കേട്ട സിന്‍ഡിക്കേറ്റ് അഞ്ച് പ്രമേയം ജോണ്‍സനെതിരെ പാസാക്കിയിട്ടുമുണ്ട്.
ഏറ്റവുമൊടുവിലായി 2018 ജൂലൈ 13ന് സൈക്കോളജി വിഭാഗം എച്ച്.ഒ.ഡി ഡോ. ജസീര്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണത്തിന്റെ ഭാഗമായി ജോണ്‍സണെ സസ്‌പെന്റ് ചെയ്തിരുന്നു. എച്ച്.ഒ.ഡിയെ ശാരീരികമായി ആക്രമിക്കുകയും ചീത്തവിളിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. എന്നാല്‍ ഇക്കാര്യത്തിലും അന്വേഷണം നടന്നിട്ടില്ല.
ഇത്തരം ആരോപണങ്ങളും കോടതി വിധികളും പരാതികളുമെല്ലാം നിലനില്‍ക്കെയാണ് ജോണ്‍സന് യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി ഗൈഡ്ഷിപ്പ് നല്‍കിയത്.
ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.