ബി.ബി.സി റെയ്ഡ്: നികുതിയടക്കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്
national news
ബി.ബി.സി റെയ്ഡ്: നികുതിയടക്കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th February 2023, 7:15 pm

ന്യൂദല്‍ഹി: ബി.ബി.സി ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്. മുംബൈ, ദല്‍ഹി ഓഫീസുകളില്‍ നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്.

മൂന്ന് ദിവസം നീണ്ട റെയ്ഡ് അവസാനിച്ചതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം.

ബി.ബി.സിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവര്‍ത്തനവും തമ്മില്‍ യോജിക്കുന്നില്ലെന്നും വരുമാനം വകമാറ്റിയതായി കണ്ടെത്തിയെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ കണ്ടെത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ആദായ വകുപ്പിന്റെ ആരോപണത്തോട് ബി.ബി.സി പ്രതികരിച്ചിട്ടില്ല. റെയ്ഡ് അവസാനിച്ചതിന് പിന്നാലെ പ്രതികരണവുമായി ബി.ബി.സി രംഗത്തെത്തിയിരുന്നു.

ഭയമില്ലാതെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സ്ഥാപനമെന്ന് ബി.ബി.സി വ്യക്തമാക്കി.

ഇന്ത്യയിലും പുറത്തുമുള്ള പ്രേക്ഷകര്‍ക്ക് വേണ്ടി പ്രതിജ്ഞാബദ്ധതയോടെ ബി.ബി.സി ഇനിയും പ്രവര്‍ത്തിക്കും. ബി.ബി.സി വിശ്വസ്ഥമായ, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മീഡിയയാണ്. നിര്‍ഭയം, പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം കമ്പനിയുണ്ടാകുമെന്നും ബി.ബി.സി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

 

Content Highlight: Irregularities In Tax Payments”: Income Tax Department On BBC