|

ആറന്‍മുള: തണ്ണീര്‍ത്തടങ്ങള്‍ പഴയനിലയിലാക്കാന്‍ സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[redated]പത്തനംതിട്ട: ആറന്‍മുള വിമാനത്താവളത്തിനായി നികത്തിയ തണ്ണീര്‍ത്തടങ്ങളും നിലങ്ങളും പഴയ നിലയിലാക്കുന്നതിന്റെ ഭാഗമായി സര്‍വേ തുടങ്ങി. ആറന്‍മുള പള്ളിമുക്ക് ഭാഗത്തുനിന്നും ആരംഭിച്ച സര്‍വേ പത്തനംതിട്ട ജില്ലാ കലക്ടര്‍ ഹരി കിഷോറിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.
നാളെ ഉച്ചയോടെ സര്‍വേ പൂര്‍ത്തിയാകും.

മണ്ണിട്ടുനികത്തിയ തണ്ണീര്‍ത്തടങ്ങള്‍ ഒരു മാസത്തിനകം പൂര്‍വസ്ഥിതിയിലാക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍പ്രകാരമാണ് സര്‍ക്കാര്‍ നടപടി ആരംഭിച്ചത ്.സര്‍വേ പൂര്‍ത്തിയാകുന്നതോടെ മണ്ണിട്ടുനികത്തിയ പ്രദേശങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള തുടര്‍നടപടികള്‍ ആരംഭിക്കും.
.
ആറന്മുള വിമാനത്താവള പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നിന്നുവെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പദ്ധതിയില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്നും വിമാന കമ്പനികളുടെ നിയമലംഘനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

വസ്തുതകള്‍ മറച്ചുവച്ചാണ് പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയത്. പൊതുജന താല്‍പര്യത്തിന് എതിരായിട്ടും പദ്ധതിക്കായി സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടികളാണുണ്ടായത്. കമ്പനിയില്‍ ഓഹരി എടുത്തതോടെ സര്‍ക്കാരും തട്ടിപ്പില്‍ പങ്കാളിയായെന്നും സെക്രട്ടേറിയേറ്റു മുതല്‍ താഴേത്തട്ടുവരെ ഗുരുതരമായ നിയമലംഘനങ്ങളാണ് നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

കോഴഞ്ചേരി എജ്യൂക്കേഷണല്‍ ചാരിറ്റബില്‍ സൊസൈറ്റിയുടെ കൈവശമുണ്ടായിരുന്ന മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ 2004 മുതല്‍ ഒമ്പതുവര്‍ഷം കിട്ടിയിട്ടും സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ല. പദ്ധതിക്ക് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അംഗീകാരം ലഭിച്ചതോടെ കെ.ജി.എസ് ഗ്രൂപ്പിന് ക്രമവിരുദ്ധമായി ഭൂമി കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു.