തുര്‍ക്കി: പശ്ചിമ തുര്‍ക്കിയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് എട്ട് കുട്ടികളടക്കം 11 പേര്‍ കൊല്ലപ്പെട്ടു.
നിയമവിരുദ്ധ കുടിയേറ്റക്കാരായ 19 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ എട്ട് പേരെ രക്ഷിക്കാനായെന്ന് തുര്‍ക്കി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. തുര്‍ക്കിയിലെ ഇസ്മിറിലെ ഏഗന്‍ പ്രവിശ്യയിലാണ് അപകടം സംഭവിച്ചത്.
മതപീഡനങ്ങളും യുദ്ധവും മൂലം സ്വന്തം രാജ്യത്ത് നിന്നും യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന മിക്കവരും തുര്‍ക്കി വഴിയാണ് മറ്റ് രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. നിയമപ്രകാരമുള്ള കുടിയേറ്റം ഏറെ വിഷമം പിടിച്ചതായതിനാല്‍ പലരും മറ്റു മാര്‍ഗങ്ങളിലൂടെയാണ് കുടിയേറ്റത്തിന് ശ്രമിക്കാറുള്ളത്.
കടല്‍മാര്‍ഗവും മറ്റുമുള്ള ഇത്തരം യാത്രകള്‍ പലപ്പോഴും വലിയ അപകടങ്ങളില്‍ അവസാനിക്കാറുണ്ട്. 2018ല്‍ മാത്രം 2,68,000 അനധികൃത കുടിയേറ്റക്കാരെയാണ് തുര്‍ക്കിയില്‍ പിടിച്ചുവെച്ചത്.