| Wednesday, 10th April 2019, 2:35 pm

ഗുജ്ജര്‍ സംവരണ പ്രക്ഷോഭ നേതാവ് കിരോരി സിങ് ബൈന്‍സ്‌ല ബി.ജെ.പിയില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാനിലെ ഗുജ്ജര്‍ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത നേതാവ് കിരോരി സിങ് ബൈന്‍സ്ല ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ രാജസ്ഥാന്‍ ഘടകത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ സാന്നിധ്യത്തിലാണ് കിരോരി സിങ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിന്റെ മകന്‍ വിജയ് ബൈന്‍സ്‌ലയും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്.

അപൂര്‍വ്വം ഗുണങ്ങള്‍ കണ്ട നേതാവാണ് പ്രധാനമന്ത്രി മോദിയെന്നും അതുകൊണ്ടാണ് ബി.ജെ.പിയില്‍ ചേരുന്നതെന്നും ബൈന്‍സ്‌ല പറഞ്ഞു. ഗുജ്ജര്‍ നേതാവിന്റെ വരവോട് കൂടി രാജസ്ഥാനില്‍ ബി.ജെ.പി ശക്തിപ്പെടുമെന്നും 25 ലോക്‌സഭാ സീറ്റുകളും പാര്‍ട്ടി നേടുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ഇത് രണ്ടാം തവണയാണ് കിരോരി സിങ് ബി.ജെ.പിയില്‍ ചേരുന്നത്. 2009ല്‍ ബി.ജെ.പി ടിക്കറ്റില്‍ ടോങ്ക് സവായി മാധോപൂര്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നമോ നാരായണ്‍ മീണയോട് പരാജയപ്പെടുകയായിരുന്നു. തോല്‍വിയെ തുടര്‍ന്ന് ബി.ജെ.പി നേതൃത്വവുമായി അകന്ന് കഴിയുകയായിരുന്നു കിരോരി സിങ്.

രാജസ്ഥാന്‍ ജനസംഖ്യയില്‍ 9 ശതമാനം വരുന്ന ഗുജ്ജറുകളില്‍ ബൈന്‍സ്‌ലയ്ക്ക് സ്വാധീനമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് കിഴക്കന്‍ രാജസ്ഥാനിലും ഭില്‍വാര, രാജ്‌സമന്ദ്, അജ്മീര്‍ എന്നിവിടങ്ങളില്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജ്ജര്‍ വിഭാഗക്കാരനായ സച്ചിന്‍ പൈലറ്റ് നയിച്ച കോണ്‍ഗ്രസിന് സമുദായ പിന്തുണ ലഭിച്ചിരുന്നു. ഏഴ് സ്ഥാനാര്‍ത്ഥികളെയെങ്കിലും വിജയിപ്പിക്കാനായത് ഗുജ്ജര്‍ പിന്തുണയോടെയാണെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരിയിലാണ് സംവരണം ആവശ്യപ്പെട്ട് കൊണ്ട് ‘രാസ്താ രോക്കോ’ മുദ്രാവാക്യമുയര്‍ത്തി റെയില്‍വേ ട്രാക്കുകള്‍ ഉള്‍പ്പടെ ഗുജ്ജറുകള്‍ ഉപരോധിച്ചിരുന്നത്. പിന്നീട് ഒമ്പത് ദിവസത്തിന് ശേഷം സംസ്ഥാന നിയമസഭ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 5 ശതമാനം സംവരണമനുവദിക്കുന്ന ബില്‍ പാസാക്കിയതോടെയാണ് പ്രക്ഷോഭം അവസാനിപ്പിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more