| Wednesday, 26th January 2022, 1:41 pm

രാജ്യം അംഗീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലാത്തത് വിരോധാഭാസം; ഗുലാം നബി ആസാദിന്റെ പത്മ അവാര്‍ഡില്‍ കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുലാം നബി ആസാദിന് പത്മഭൂഷണ്‍ നല്‍കിയതിന് പിന്നാലെ സ്വന്തം പാര്‍ട്ടിയെ പരിഹസിച്ച്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.

രാജ്യം അംഗീകരിച്ച മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായ ഗുലാം നബി ആസാദിന്റെ സേവനത്തെ കോണ്‍ഗ്രസിന് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ഗുലാം നബി ആസാദിന് പദ്മ ഭൂഷണ്‍ ലഭിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ ഭായ്ജാന്‍.

പൊതുജീവിതത്തിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ രാജ്യം അംഗീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണ്,’ കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

അഞ്ച് സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ യുദ്ധപ്രഖ്യാപനവുമായി രംഗത്തെത്തിയ ‘ജി-23’ നേതാക്കളില്‍ ഉള്‍പ്പെട്ടവരാണ് കപില്‍ സിബലും ഗുലാം നബി ആസാദും എന്നത് ഈ വിമര്‍ശനത്തിനൊപ്പം ചേര്‍ത്ത് വായിക്കണമെന്നാണ് കപില്‍ സിബലിന്റെ ട്വീറ്റിന് താഴെ വരുന്ന പ്രതികരണങ്ങള്‍.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോണ്‍ഗ്രസ് ദുര്‍ബലമായെന്ന് മുതിര്‍ന്ന ‘ജി-23’ നേതാക്കള്‍ തുറന്നടിച്ചിരുന്നു. ശാന്തി സമ്മേളന്‍ എന്ന പേരില്‍ ജമ്മുവില്‍ വിളിച്ച വിമതയോഗത്തിലാണ് ഗുലാംനബി ആസാദ്, രാജ്യസഭാ ഉപനേതാവ് ആനന്ദ് ശര്‍മ, മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍, ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, യു.പി പി.സി.സി അധ്യക്ഷനായിരുന്ന രാജ് ബബ്ബര്‍, വിവേക് തന്‍ഖ തുടങ്ങിയവര്‍ കോണ്‍ഗ്രസിന്റെ നിലവിലെ പ്രശ്‌നങ്ങളെ ചോദ്യം ചെയ്തിരുന്നത്.

അതേസമയം, ഗുലാംനബി ആസാദ് പത്മ പുരസ്‌കാരം സ്വീകരിച്ചതില്‍ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ജയറാം രമേശ് രംഗത്തെത്തിയിരുന്നു. പുരസ്‌കാരം നിരസിച്ച പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു.

‘ബുദ്ധദേബ് ചെയ്തത് ഉചിതമായ കാര്യമാണ്. അടിമയാവാനല്ല, സ്വതന്ത്രനാവാനാണ് ബുദ്ധദേബ് ആഗ്രഹിക്കുന്നതെന്ന് പുരസ്‌കാരം തിരസ്‌കരിച്ചു കൊണ്ടുള്ള തീരുമാനം വ്യക്തമാക്കുന്നു,’ എന്നായിരുന്നു
ജയറാം രമേശിന്റെ ട്വീറ്റ്.

രാജ്യത്തെ മൂന്നാമത് പരമോന്നത സിവിലയന്‍ ബഹുതിയായ പത്മഭൂഷണ്‍ ബുദ്ധദേവ് ഭട്ടാചാര്യ നിരസിച്ചതായി പ്രഖ്യാപിച്ചിരുന്നു.

താന്‍ പുരസ്‌കാരം നിരസിക്കുന്നു എന്ന് ബുദ്ധദേവ് തന്നെയാണ് അറിയിച്ചത്. പാര്‍ട്ടിയുമായി തീരുമാനിച്ചാണ് പുരസ്‌കാരം നിരസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സീതാറം യെച്ചൂരിയാണ് ബുദ്ധദേവിന്റെ പ്രസ്താവന ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നത്.

‘പത്മ ഭൂഷണ്‍ പുരസ്‌കാരത്തെ പറ്റി എനിക്കൊന്നും അറിയില്ല. ആരും അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. അഥവാ എനിക്ക് പത്മഭൂഷണ്‍ സമ്മാനിച്ചിട്ടുണ്ടെങ്കില്‍ അത് സ്വീകരിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നു,’
എന്നായിരുന്നു ബുദ്ധദേവ് പറഞ്ഞിരുന്നത്.

CONTENT HIGHLIGHTS:  “Ironic Congress Doesn’t Need Him”: Kapil Sibal On Ghulam Nabi Azad’s Padma Award
We use cookies to give you the best possible experience. Learn more