തൃശൂര്‍: തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് ഇരുമ്പ് തൂണ്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. റെയില്‍ റാഡ് മോഷ്ടിക്കാന്‍ നടത്തിയ ശ്രമത്തിനിടെയാണ് സംഭവം നടന്നത്.
പ്രതി കഞ്ചാവിന് അടിമയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. കഞ്ചാവ് വാങ്ങാന്‍ വേണ്ട പണം കണ്ടെത്തുന്നതിനായാണ് ഇയാള്‍ ഇരുമ്പ് റാഡ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് സംഭവം നടന്നത്.
ഇന്ന് (വ്യാഴം) പുലര്‍ച്ചെ 4.55നാണ് സംഭവം. തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായാണ് ട്രാക്കില്‍ ഇരുമ്പ് തൂണ് കണ്ടെത്തിയത്. തൃശൂര്‍-എറണാകുളം ഡൗണ്‍ലൈന്‍ പാതയിലാണ് ഇരുമ്പ് തൂണുണ്ടായിരുന്നു.
പ്രതിയുടെ കൈയില്‍ നിന്ന് ഇരുമ്പ് റാഡ് ട്രാക്കിലേക്ക് വീഴുകയായിരുന്നു. അപകടമുണ്ടാകുമെന്ന് ഭയന്നതോടെ ഇരുമ്പ് റാഡ് അല്‍പം വലിച്ച് പുറത്തേക്കിട്ടശേഷം സ്ഥലം വിടുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.
എന്നാല്‍ ട്രാക്കിലൂടെ കടന്നുപോയ ചരക്ക് ട്രെയിന്‍ ഈ ഇരുമ്പ് തൂണ്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ചരക്ക് ട്രെയിനിന്റെ പൈലറ്റ് വിവരം റെയില്‍വേ അധികൃതരെ അറിയിക്കുകയും ചെയ്തു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്. ആര്‍.പി.എഫ് ഇന്റലിജന്‍സ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നേരത്തെ കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്തായി ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കയറ്റിവെച്ചതായി കണ്ടെത്തിയിരുന്നു.
ഫെബ്രുവരി 22നാണ് സംഭവം നടന്നത്. സംഭവത്തില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. തുടര്‍ന്ന് ഫെബ്രുവരി 23ന് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
Content Highlight: Iron rod found on railway track in Thrissur; Accused arrested