| Sunday, 27th October 2024, 6:45 pm

അയണ്‍ ഡോമും ആണവായുധങ്ങളും; ഇസ്രഈലിന്റെയും ഇറാന്റെയും സൈനികശക്തിയെക്കുറിച്ച് അറിയേണ്ടത്

അമയ. കെ.പി.

ഗസയിലും ലെബനനിലും കൂട്ടക്കുരുതി നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രഈല്‍ അയല്‍രാജ്യമായ ഇറാനിലേക്കും തങ്ങളുടെ ആക്രമണപരമ്പരകള്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. ഇന്നലെ (ഞായറാഴ്ച്ച) പ്രാദേശിക സമയം പുലര്‍ച്ചെ 2:15ഓടെ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ടെഹ്റാനിലും മറ്റ് നഗരങ്ങളിലും ഇസ്രഈല്‍ നടത്തിയ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇസ്രഈല്‍ ആക്രമണത്തില്‍ ഇതുവരെ ഇറാനില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം സയണിസ്റ്റ് രാജ്യത്തിന്റെ ആക്രമണം വിജയകരമായി തടഞ്ഞതായി ഇറാന്‍ സൈന്യമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡും സ്ഥിരീകരിക്കുകയുണ്ടായി.

ഇറാനില്‍ വെച്ച് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ ഇസ്രഈല്‍ വധിച്ചതിനെത്തുടര്‍ന്നും ഇറാനെതിരെ സയണിസ്റ്റ് രാജ്യം നിരന്തരം നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചും ഒക്ടോബര്‍ ഒന്നിന് ഇറാനും 400ലധികം മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രഈലിനെ ആക്രമിക്കുകയുണ്ടായി. എന്നാല്‍ അന്നത്തെ ആക്രമണങ്ങളിലും ഇസ്രഈലില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. ഈ രീതിയില്‍ നിരന്തരം ശത്രു രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണങ്ങളെ എങ്ങനെയാണ് ഇറാനും ഇസ്രഈലും പ്രതിരോധിക്കുന്നത് ? എങ്ങനെയാണ് ഈ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്? ഇരു രാജ്യങ്ങള്‍ക്കും എത്രത്തോളം സൈനിക ശക്തിയുണ്ട് ? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരംഡൂള്‍ എക്‌സ്‌പ്ലൈനര്‍ പരിശോധിക്കുന്നു.

സൈനിക ശക്തി

ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് അഥവാ ഐ.ഐ.ഐ.എസ് പുറത്തുവിട്ട മിലിട്ടറി ബാലന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാന്‍ കരസേനയില്‍ മൂന്നരലക്ഷം സൈനികരാണുള്ളത്. മറ്റൊരു സേനാവിഭാഗമായ ഐ.ആര്‍.ജി.സിയില്‍ 190,000 സൈനികരും നാവികസേനയില്‍ 18,000 പേരുമുണ്ട്. വ്യോമസേനയില്‍ 37,000 ആണ് അംഗബലം. വ്യോമ പ്രതിരോധ വിഭാഗത്തില്‍ 15,000 അംഗങ്ങളുമുണ്ട്. ആകെ മൊത്തം 610,000 സജീവ ഉദ്യോഗസ്ഥരാണ് ഇറാന്‍ സേനയിലുള്ളത്. ഇവയ്ക്ക് പുറമെ ഇറാന്റെ കൈവശം 350,000 സൈനികര്‍ കരുതല്‍ വിഭാഗത്തിലുമുണ്ട്. ഇറാനില്‍ 18 വയസിന് മുകളിലുള്ള എല്ലാ പുരുഷന്‍മാരും നിര്‍ബന്ധിത സൈനിക സേവനത്തിന് വിധേയരാകണം എന്നാണ് നിയമം. എന്നാല്‍ ചില സാഹചര്യത്തില്‍ ഇവയില്‍ ഇളവുകളുമുണ്ട്.

അതേസമയം ഇസ്രഈല്‍ സേനയില്‍ 126,000 സൈനികരാണുള്ളത്. നാവിക സേനയില്‍ 9,500ഉം വ്യോമസേനയില്‍ 34,000 പേരുമുണ്ട്. ആകെ മൊത്തം 169,500 സജീവ ഉദ്യോഗസ്ഥര്‍. ഇവര്‍ക്ക് പുറമെ കരുതല്‍ സേനയില്‍ 465,000 ഉദ്യോഗസ്ഥരുമാണുള്ളത്. 18 വയസിന് മുകളിലുള്ള സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ എല്ലാ യുവാക്കളും നിര്‍ബന്ധിത സൈനിക സേവനത്തിന് വിധേയരാവണം. ചില സാഹചര്യങ്ങളില്‍ ഇസ്രഈല്‍ യുവാക്കള്‍ക്ക് ഇളവുകളും നല്‍കാറുണ്ട്.

സൈന്യത്തിന് വേണ്ടിയുള്ള ചെലവുകള്‍

ഇനി സൈനിക ചെലവുകളുടെ കാര്യം പറയുകയാണെങ്കില്‍ 2024 ഏപ്രിലില്‍ സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023ല്‍ സൈന്യത്തിന്റെ ചെലവുകള്‍ക്ക് മാത്രമായി 10.3 ബില്ല്യണ്‍ ഡോളറാണ് ഇറാന്‍ ചെലവഴിച്ചത്. 2022ലേക്കോള്‍ 0.6% കൂടുതലാണിത്.

എന്നാല്‍ 2023ല്‍ ഇസ്രഈല്‍ സൈന്യം 27.5 ബില്ല്യണ്‍ ഡോളറാണ് സയണിസ്റ്റ് രാജ്യം സൈന്യത്തിനായി ചെലവഴിച്ചത്. അതായത് 2022നേക്കാള്‍ 24% വര്‍ധനവ്. ഗസ അധിനിവേശമാണ് ഈ വര്‍ധനയ്ക്ക് പിന്നിലെ കാരണമെന്നാണ് അല്‍ ജസീറയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗ്രൗണ്ട് ഫോഴ്സ്

2023ലെ മിലിട്ടറി ബാലന്‍സ് അനുസരിച്ച് ഇറാന് 10,513 യുദ്ധ ടാങ്കുകളുണ്ട്. 6,798ലധികം പീരങ്കി തോക്കുകളും 640ലധികം കവചിത വ്യക്തിഗത വാഹകരുമാണ് (Armoured personal carriers) ഇറാന്റെ പക്കലുള്ളത്. ഇവയ്ക്ക് പുറമെ സൈന്യത്തിന് 50 ഹെലിക്കോപ്റ്ററുകളും ഐ.ആര്‍.ജി.സിക്ക് അഞ്ച് ഹെലിക്കോപ്റ്ററുകളുമുണ്ട്‌.

അതേസമയം മറുഭാഗത്ത് ഇസ്രഈലിന് 400 യുദ്ധടാങ്കുകളാണ് സ്വന്തമായുള്ളത്. 530 പീരങ്കി തോക്കുകളും 1,190 വ്യക്തിഗത വാഹകരുമാണ് ഇസ്രഈലിന്റെ പക്കലുള്ളത്.

വ്യോമസേന

ഇറാന്‍ വ്യോമസേനയ്ക്ക് യുദ്ധശേഷിയുള്ള 312 വിമാനങ്ങളും ഐ.ആര്‍.ജി.സിക്ക് 23 എണ്ണവുമാണ് സ്വന്തമായുള്ളത്. വ്യോമസേനയ്ക്ക് രണ്ട് ഫൈറ്റര്‍ ഹെലികോപ്റ്ററുകളും സൈന്യത്തിന് 50 ഉം ഐ.ആര്‍.ജി.സിക്ക് അഞ്ച് ഹെലികോപ്റ്ററുകളുമുണ്ട്.

എന്നാല്‍ ഇസ്രഈലിനാകട്ടെ 345 യുദ്ധ ശേഷിയുള്ള വിമാനങ്ങളും 43 ഫൈറ്റര്‍ ഹെലികോപ്റ്ററുകളുമാണുള്ളത്.

വ്യോമ പ്രതിരോധ സംവിധാനം

റോക്കറ്റുകളെയടക്കം പ്രതിരോധിക്കുന്ന ഇസ്രഈലിന്റെ വ്യോമപ്രതിരോധ സംവിധാനം കഴിഞ്ഞ കുറച്ച് നാളുകളായി നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇറാന്റെ മിസൈലുകള്‍ ഭൂരിഭാഗം തകര്‍ത്തതും ഈ അയണ്‍ ഡോം സിസ്റ്റം ഉപയോഗിച്ചാണ്. അതിനാല്‍ തന്നെ ഇസ്രഈലിന്റെ വ്യോമ പ്രതിരോധ സംവിധാനം ഈ സാങ്കേതികതയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു.

അയണ്‍ ഡോം സിസ്റ്റങ്ങളുടെ ഭാഗമായി റഡാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ റഡാറുകള്‍ ഇസ്രഈലിലേക്ക് പതിക്കുന്ന പ്രൊജക്ടൈലുകള്‍ കണ്ടെത്തുകയും അവയുടെ വേഗതയും ദിശയും ഡിറ്റക്ട് ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് മിസൈലുകള്‍ പോലുള്ള ആ പ്രൊജക്ടൈലുകള്‍ ഇസ്രഈല്‍ നഗരങ്ങള്‍ക്ക് ഭീഷണിയാണോയെന്ന് പരിശോധിക്കുന്നു. ഈ മിസൈലുകളില്‍ ഇസ്രഈല്‍ പ്രദേശങ്ങള്‍ക്ക് ഭീഷണിയല്ലാത്തവയെ ഭൂമിയില്‍ പതിക്കാന്‍ അനുവദിക്കുന്നു. ഭീഷണിയായവയെ മിസൈല്‍ ഫയറിങ് യൂണിറ്റ് വെടിവെച്ച് വീഴ്ത്തുകയും ചെയ്യുന്നു.

ഇസ്രഈലിന് ചുറ്റും പത്ത് അയണ്‍ ഡോം ബാറ്ററികളാണുള്ളത്. ബാക്കിയുള്ള മറ്റ് സംവിധാനങ്ങള്‍ ഇടത്തരം, ദീര്‍ഘദൂര മിസൈലുകളെ തടസപ്പെടുത്തുന്നു. 40മുതല്‍ 300 കിലോമീറ്റര്‍ റേഞ്ച് ഉള്ള മിസൈലുകളെ ഡേവിഡ് സ്ലിങ് അയണ്‍ ഡോം തടസപ്പെടുത്തുന്നു. ആരോ സിസ്റ്റമാകട്ടെ 2,400 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മിസൈലുകളെയാണ് തടഞ്ഞ് നിര്‍ത്തുന്നത്.

എന്നാല്‍ ഇറാനാകട്ടെ ഫെബ്രുവരിയില്‍, പേര്‍ഷ്യന്‍ ഭാഷയില്‍ ‘തണ്ടര്‍ബോള്‍ട്ട്’ എന്നര്‍ത്ഥം വരുന്ന അസരക്ഷ് എന്ന് വ്യോമപ്രതിരോധ സംവിധാനം രാജ്യത്ത് വികസിപ്പിക്കുയുണ്ടായി. ഇതൊരു ഇന്‍ഫ്രാറെഡ് ഡിറ്റക്ഷന്‍ സിസ്റ്റമാണ്. ഇവയില്‍ ടാര്‍ഗെറ്റുകള്‍ കണ്ടെത്തുന്നതിനും തടസപ്പെടുത്തുന്നതിനുമായി റഡാറും ഇലക്ട്രോ ഒപ്റ്റിക് സംവിധാനങ്ങളും സജ്ജീകരിച്ചിരിട്ടുണ്ട്.

ഇറാന് വ്യത്യസ്തമായ ഭൂതല-വിമാന മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുണ്ട്. ഇതില്‍ 42ലധികം ദീര്‍ഘദൂര റഷ്യന്‍ നിര്‍മിത എസ്-200, എസ്-300, പ്രാദേശിക ബാവാര്‍-373 എന്നിങ്ങനെ യു.എസ്, ചൈനീസ് നിര്‍മ്മിത വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എല്ലാം ഉള്‍പ്പെടുന്നുണ്ട്.

ബാലിസ്റ്റിക് മിസൈല്‍

യു.എസിലെ തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ മിസൈല്‍ ഡിഫന്‍സ് പ്രൊജക്ടിന്റെ കണക്കുകള്‍ പ്രകാരം ഇറാന്റെ പക്കല്‍ കുറഞ്ഞത് 12 വ്യത്യസ്ത തരം മധ്യദൂര, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉണ്ട്. 150 കിലോമീറ്റര്‍ ദൂരപരിധിയുള്ള തോണ്ടര്‍ 69 മുതല്‍ ഖോറാംഷഹര്‍ മിസൈലുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

എന്നാല്‍ 280കി.മീ ദൂരപരിധിയുള്ള ലോറ മുതല്‍ 4,800 -6,500കി.മീ ദൂരപരിധിയുള്ള ജെറിക്കോ-3 എന്നിവയാണ് ഇസ്രഈലിന്റെ പക്കലുള്ളത്. ഇവയ്ക്ക പുറമെ നാല് വ്യത്യസ്ത തരം ചെറുകിട, ഇടത്തരം, ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളും ഇസ്രഈലിന്റെ പക്കലുണ്ട്.

ആണവശേഷി

യു.എസ് ആസ്ഥാനമായുള്ള ആംസ് കണ്‍ട്രോള്‍ അസോസിയേഷന്‍ കണക്കനുസരിച്ച് ഇസ്രഈലിന്റെ കൈവശം 90ഓളം ആണവായുധങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.

എന്നാല്‍ ഇറാന്റെ പക്കല്‍ ആണവായുധങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം രാജ്യത്ത് ന്യൂക്ലിയാര്‍ പ്രോഗ്രാമുകളും മറ്റ് വിവിധ റിസര്‍ച്ച് പ്രോഗ്രാമുകളുമുണ്ട്. 2000ത്തിന്റെ തുടക്കത്തില്‍ ഇസ്‌ലാമില്‍ ഇവ നിഷിദ്ധമാണെന്ന് പരമോന്നത നേതാവ് അലി ഖമമേനി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇറാന്റെ നിലനില്‍പ്പിന് ഭീഷണിയാണെങ്കില്‍ ആണവനയം മാറ്റുമെന്നും ഇറാന്‍ അറിയിച്ചിരുന്നു.

Content Highlight: Iron Dome and Nuclear Weapons; What you need to know about the military power of Israel and Iran

അമയ. കെ.പി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ.

We use cookies to give you the best possible experience. Learn more