ഷര്‍മിളയുടെ സമരം 'ബിലീവ് ഇറ്റ് ഓര്‍ നോട്ടി'ല്‍
India
ഷര്‍മിളയുടെ സമരം 'ബിലീവ് ഇറ്റ് ഓര്‍ നോട്ടി'ല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th May 2012, 9:10 am

Irom sharmila
കൊല്‍ക്കത്ത: മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മിളയുടെ സന്ധിയില്ലാ സമരം “റിപ്ലെയ്‌സ് ബിലീവ് ഇറ്റ് ഓര്‍ നോട്ട്” ലിസ്റ്റില്‍ ഇടംനേടി. കഴിഞ്ഞ 12 വര്‍ഷമായി ഒരുതരി ഭക്ഷണം പോലും കഴിക്കാതെ തുടരുന്ന സമരം ബിലീവ് ഇറ്റ് ഓര്‍ നോട്ടില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഷര്‍മിളയെ പിന്തുണയ്ക്കുന്നവര്‍ റിപ്ലെയുടെ ഫ്രാഞ്ചൈസികള്‍ക്ക് കത്തയക്കുകയായിരുന്നു. ജസ്റ്റ് പീസ് ഫൗണ്ടേഷന്റെ ബാനറിലാണ് ഫ്രാഞ്ചൈസികളെ സമീപിച്ചത്.

ഷര്‍മിളയുടെ കഥ ബിലീവ് ഇറ്റ് ഓര്‍ നോട്ടില്‍ ഉള്‍പ്പെടുത്താമെന്ന് അവര്‍ ഉറപ്പ് നല്‍കിയതായി ജെ.പി.എഫിന്റെ  പ്രവര്‍ത്തകന്‍ ക്ഷേട്രിമായും ഒനില്‍ പി.ടി.ഐയോട് പറഞ്ഞു.

പാറപോലെ ഉറച്ച ശര്‍മിളയുടെ മനശക്തിയും നിലപാടുകളും പരിഗണിച്ച് ഷര്‍മിളയുടെ ചിത്രവും അതിനുതാഴെ ചെറിയൊരു കുറിപ്പും റിപ്ലെ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.[]

റിപ്ലെയുടെ ലിസ്റ്റില്‍ ഷര്‍മിളയുടെ സമരം ഉള്‍പ്പെടുത്തിയത് അവരെ പിന്തുണയ്ക്കുന്നവരെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ സമരത്തിന് അന്തര്‍ദേശീയ തലത്തില്‍ കൂടുതല്‍ ശ്രദ്ധലഭിക്കാന്‍ ഇത് സഹായിക്കുമെന്നാണ് ഇവരുടെ വിശ്വാസം.

” കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ ഞങ്ങളുടെ ആവശ്യം അറിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു” ശര്‍മിളയുടെ സഹോദരന്‍ ഇറോം സിംഗ്ജിത് പറയുന്നു.

2000 നവംബര്‍ 2 നാണ് ഷര്‍മിള നിരാഹാര സമരം ആരംഭിച്ചത്. സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന എ.എഫ്.എസ്.പി.എ (Armed Forces Special Powers Act) നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ശര്‍മ്മിളക്കിപ്പോള്‍ 397 വയസ്സായി. 27ാം വയസില്‍ തുടങ്ങിയ സമരം അവരിന്നും തുടരുകയാണ്.

മണിപ്പൂരിലെ മാലോമില്‍ സ്വന്തം വീടിനടുത്ത് ബസ് സ്‌റ്റോപ്പില്‍ സാധാരണക്കാരായ പത്തുപേരെ പട്ടാളം വെടിവച്ചുകൊന്ന സംഭവത്തിന് ദൃസാക്ഷിയായതോടെയാണ് ഇറോം ശര്‍മിള ഈ അനീതിക്കെതിരെ പോരാടാന്‍ തീരുമാനിച്ചത്. പതിറ്റാണ്ടു നീണ്ട നിരാഹാരത്തിലൂടെയാണ് മണിപ്പൂരിലെ യഥാര്‍ത്ഥ ചിത്രം ലോകത്തിനു മുമ്പിലെത്തിയത്.

ഇറോമിനെ അറസ്റ്റുചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ട്യൂബ് വഴി ഭക്ഷണം നല്‍കി ജീവന്‍ നിലനിര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വീട്ടു തടങ്കലിലാണിവര്‍.

Malayalam news