| Tuesday, 9th May 2017, 8:43 am

ഇറോം ശര്‍മ്മിളയുടെ വിവാഹം ജൂലൈയില്‍; വിവാഹശേഷം തമിഴ്‌നാട്ടില്‍ കഴിയാന്‍ ആഗ്രഹമെന്നും ഇറോം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കു വനിത വിവാഹിതയാകുന്നു. തന്റെ വിവാഹം ജൂലൈയില്‍ നടക്കുമെന്ന് മനുഷ്യാവകാശപ്രവര്‍ത്തക ഇറോം ശര്‍മിള ചാനു തന്നെയാണ് അറിയിച്ചത്. ബ്രിട്ടീഷ് പൗരനായ സുഹൃത്ത് ഡെസ്‌മോണ്ട് കുട്ടീഞ്ഞോയുമായാണ് വിവാഹമുണ്ടാകുമെന്ന് ഇറോം മുമ്പ് അറിയിച്ചിരുന്നു. ജൂലൈ മാസം അവസാനത്തോടെ വിവാഹം നടത്താനാണുദ്ദേശിക്കുന്നതെന്ന് ഇറോം പറഞ്ഞു.

വിവാഹശേഷം തമിഴ്‌നാട്ടില്‍ കഴിയാനാണ് ഇരുവര്‍ക്കും താല്‍പര്യമെന്നും വിവാഹത്തീയതി തങ്ങളിതുവരെ നിശ്ചയിച്ചിട്ടില്ലെന്നും എന്നാല്‍ ജൂലൈ അവസാനത്തോടെ തമിഴ്‌നാട്ടില്‍ വെച്ച് നടത്താനാണുദ്ദേശിക്കുന്നതെന്നും ഇറോം വ്യക്തമാക്കി.

ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് ഇന്ത്യയില്‍ വസിക്കാനുള്ള തയ്യാറാക്കുമെന്നും ഇറോം പറഞ്ഞു. വിവാഹം കഴിക്കാന്‍ പോകുന്ന കാര്യം ഇതുവരെ കുടുംബത്തെ അറിയിച്ചിട്ടില്ല. അമ്മയെപ്പോലും. ഉടന്‍ തന്നെ അറിയിക്കണം. തന്റെ എല്ലാ സുഹൃത്തുക്കളെയും അഭ്യുദയകാംഷികളെയും വിവാഹത്തിന് ക്ഷണിക്കുന്നുവെന്നും ഇറോം പറഞ്ഞു.

അതേസമയം, വിവാഹത്തിന് ശേഷവും പോരാട്ടം തുടരുമെന്ന് ഇറോം പറഞ്ഞു. ഭീകരനിയമമായ അഫ്‌സ്പ എടുത്തുമാറ്റാന്‍ അന്താരാഷ്ട്ര സംഘടനകളുടെ ശ്രദ്ധ ഇന്ത്യയിലേക്ക് ക്ഷണിക്കും. തന്റെ പി.ആര്‍.ജെ.എ പാര്‍ട്ടിയെ പിന്തുണയ്ക്കും. മണിപ്പൂരില്‍ യഥാര്‍ത്ഥ ജനാധിപത്യം കൊണ്ടുവരാന്‍ തക്കവണ്ണം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ഇറോം പറഞ്ഞു.


Also Read: ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ജിഹാദികളാകില്ലെന്നും അവരുടെ ഡി.എന്‍.എ. ഹിന്ദുക്കളുടേതായതാണ് ഇതിന് കാരണമെന്നും വി.എച്ച്.പി നേതാവ്


അഫ്‌സ്പയ്‌ക്കെതിരെ 16 വര്‍ഷമായി നിരാഹാര സമരം നടത്തിയിരുന്ന ഇറോം ഉരുക്ക് വനിത എന്നാണറിയപ്പെടുന്നത്. നിരാഹാര സമരം നിര്‍ത്തിയശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇറോമിന് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തോല്‍വിക്ക് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നറിയിച്ച ഇറോം ദക്ഷിണേന്ത്യയിലേക്ക് താമസം മാറ്റിയിരുന്നു

We use cookies to give you the best possible experience. Learn more