ജന്‍ലോക്പാല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ അണ്ണാ ഹസാരെ നടത്തുന്ന സമരം രാജ്യത്തെ ഇളക്കി മറിക്കുകയാണ്. എന്നാല്‍ അങ്ങകലെ മണിപ്പൂരില്‍ ഇറോംശര്‍മ്മിളയെന്ന പെണ്‍കുട്ടി തുടങ്ങിയ നിരാഹാര സമരം പത്തു വര്‍ഷം കഴിഞ്ഞു.
പ്രത്യേക അധികാര നിയമത്തിന്റെ മറവില്‍ മണിപ്പൂരില്‍ സൈന്യം നടത്തുന്ന ക്രൂരതക്കെതിരെയാണ് ശര്‍മ്മിളയുടെ പോരാട്ടം. എന്നാല്‍ ഈ സമരത്തെ സര്‍ക്കാറും മാധ്യമങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മറ്റും നടക്കുന്ന മനുഷ്യാവകാശപ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന മാധ്യമങ്ങള്‍ അണ്ണാഹസാരെക്ക് അകമഴിഞ്ഞ പിന്തുണ നല്‍കുന്നതിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ് രംഗത്തുവന്നുകഴിഞ്ഞു. അണ്ണാഹസാരെയെക്കുറിച്ചും മണിപ്പൂരിലെ സമരത്തെക്കുറിച്ചും ഇറോം ശര്‍മ്മിള സംസാരിക്കുന്നു.
അഹിംസയില്‍ വിശ്വസിക്കുന്ന അണ്ണ ഹസാരെ നിരാഹാര സത്യാഗ്രഹമാണ് സമരമാര്‍ഗമായി തിരഞ്ഞെടുത്തിരിക്കുന്നത്…..
അണ്ണ ഹസാരെയുടെ സമരത്തെ പറ്റി ഞാന്‍ കേട്ടിട്ടുണ്ട്. അഹിംസയാണ് ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള ഏകവഴി. അഹിംസയെ കുറിച്ച് നമ്മളെ പഠിപ്പിച്ചത് രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയാണ്. ഇത് വളരെ നല്ല മുന്നേറ്റമാണ്. രാജ്യം അഴിമതിക്കെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സമരകേന്ദ്രമായി ദല്‍ഹി തിരഞ്ഞെടുത്തത് വളരെ നന്നായി. ഇതുവഴി നിയമനിര്‍മ്മാതാക്കള്‍ക്ക് സമരത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും.[]
ഒരിക്കല്‍ ഞങ്ങളും സമരകേന്ദ്രം ദല്‍ഹിയാക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ജന്ദര്‍മന്തര്‍ ആയിരുന്നു സമരകേന്ദ്രമായി തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരുടെ പിന്തുണ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന എ.എഫ്.എസ്.പി.എ നിയമം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ജമ്മുകാശ്മീരിനെയും മാത്രമേ ബാധിക്കുന്നുള്ളു. എന്നാല്‍ ഈ നിയമം രാഷ്ട്രത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമായേറ്റെടുക്കണം. ഞങ്ങള്‍ സമരം നടത്തുന്നത് ഇംഫാലില്‍ വെച്ചാണ്. ഇത് ന്യൂദല്‍ഹിയില്‍ നിന്നും വളരെ അകലെയാണ്. ഒരു വേള അണ്ണായുടെ സമരമിങ്ങ് മണിപ്പൂരിലായിരുന്നെങ്കില്‍ സമരത്തോടുള്ള പ്രതികരണം ഇങ്ങനെ ആയിരിക്കണമെന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും അണ്ണായുടെ ശബ്ദം കേള്‍ക്കാന്‍ ചെവികൊടുക്കുകയില്ല. ദേശീയചാനലുകളൊന്നും ഞങ്ങളുടെ പ്രശ്‌നം മണിപ്പൂരിന്റെ വൈകാരികപ്രശ്‌നമായി പരിഗണിക്കാറില്ല. ചാനലുകളുടെ പക്ഷപാതിത്വത്തിന് ഇതൊരുദാഹരണമാണ്.
താങ്കള്‍ പത്ത് വര്‍ഷമായി നിരാഹാരസമരം നടത്തുന്നു. എന്താണ് ഈ സമരം മുന്നോട്ട് നയിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം?
ഞാന്‍ നടത്തുന്ന കുരിശുയുദ്ധം ഗാഢനിദ്രയിലാണ്ട സമൂഹമനസാക്ഷിയെ ഉണര്‍ത്തുന്നതിനു വേണ്ടിയാണ്. ഞാന്‍ ഒറ്റയ്ക്കാണ് സമരം, നിരാഹാരം അനുഷ്ഠിക്കുന്നെങ്കിലും എന്റെ മനസ്സാക്ഷി ഒരിക്കല്‍ പോലും തളര്‍ന്നിട്ടില്ല. ജനങ്ങളുടെ ഉറച്ച പിന്തുണ എനിക്കുണ്ട്.
തന്‍ഗ്ജം മനോരമ ദേവിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ് അന്വേഷിക്കാന്‍ ഗുവാഹത്തി ഹൈക്കോടതി 2004ല്‍ പറഞ്ഞിരുന്നു. നിയമം നടപ്പാകുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുവോ?
എന്റെ ജീവിതകാലയളവില്‍ ഒരു ക്രിമിനല്‍ പോലും ശിക്ഷിക്കപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല. മനോരമയെയും ലുണിംഗ്ല എലിസബത്തിനെയും കൂട്ടബലാത്സംഗം ചെയ്ത് കൊന്ന ഭീകരവാദികള്‍ ഭരാധികാരികളാണ്. മണിപ്പൂരില്‍ നിയമവാഴ്ചയോ നീതിയോ ഇല്ല. എന്തിരുന്നാലും ഞാന്‍ ശുഭാപ്തിവിശ്വാസിയാണ്.
ഈറോം ഷര്‍മ്മിളയെ പിന്തുണക്കാന്‍ വേണ്ടി ദേശവ്യാപകമായ ഒരു പ്രചരണപരിപാടി തുടങ്ങിയിട്ടുണ്ട്. എങ്ങിനെയാണ് അതിനെ നോക്കിക്കാണുന്നത്?
എന്റെ സമരത്തിനുള്ള പിന്തുണ ദൈവത്തിന്റെ ഒരു ജാഗരൂകതയാണ്. എല്ലാ മനുഷ്യരുടെയും യോജിച്ചുള്ള, ആത്മീയമായ പോരാട്ടത്തിലൂടെ മാത്രമേ ജീവജാലങ്ങള്‍ക്ക് നീതി ലഭിക്കുകയള്ളൂ. നിങ്ങള്‍ സൃഷ്ടാവില്‍ വിശ്വസിക്കുന്നുവെങ്കില്‍; ജാതി, മതം, വര്‍ണം, ഭാഷ തുടങ്ങിയവ അടിസ്ഥാനമാക്കി വലിയവന്‍ ചെറിയവന്‍ എന്ന വേര്‍തിരിവിലൊന്നും വിശ്വസിക്കാതെ മുന്നോട്ട് പോകണം. വിഭജനങ്ങളാണ് നമ്മുടെ മുന്നോട്ടുള്ള യാത്രയെ ഇല്ലാതാക്കുന്നത്.
സൈനികരുടെ ക്രൂരതക്കെതിരെ മണിപ്പൂരില്‍ സ്ത്രീകള്‍ നഗ്നരായി നടത്തിയ പ്രതിഷേധ പ്രകടനം
മണിപ്പൂരില്‍ വ്യാജ ഏറ്റുമുട്ടലുകളും വ്യാജകീഴടങ്ങലുകളും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്?
ഭീകരവിരുദ്ധ പോരാട്ടങ്ങളെല്ലാം കരിനിയമമായ എ.എഫ്.എസ്.പി.എയെ ശക്തിപ്പെടുത്തുന്നതാണ്. അഴിമതിയാണ് നമ്മുടെ ഭരണഘടനാസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നത്. കരിനിയമങ്ങള്‍ ഇഷ്ടം പോലെ കൊല്ലാനുള്ള അധികാരവും കൊടുത്തിട്ടുണ്ട്.
മണിപ്പൂരിലെ ഇന്ന് എന്തിനും ഏതിനും സേനാവിഭാഗങ്ങളെ കുറ്റപ്പെടുത്തുന്ന പതിവുണ്ട്. എന്ത് ഉത്തരവാദിത്തമാണ് ഭരണാധികാരികള്‍ക്കും നിയമ സഭക്കുമുള്ളത്?
ഒരിക്കലും തിരുത്താനാകാത്ത നടപടികളാണ് സേനാ വിഭാഗങ്ങളില്‍ നിന്ന് ഉണ്ടായിട്ടള്ളത്. സൈന്യം ഇന്ന് നേരിടുന്ന വിമര്‍ശനങ്ങള്‍ അവര്‍ അര്‍ഹിക്കുന്നത് തന്നെയാണ്. യഥാര്‍ത്ഥത്തില്‍ നമ്മുടെ സാമൂഹിക ക്രമത്തിലുള്ള അഴിമതിയാണ് ഇത്തരത്തിലുള്ള പൈശാചികമായിട്ടുള്ള കൃത്യത്തിന്റെ കാരണം. രാഷ്ട്രീയക്കാര്‍ മാത്രമല്ല എല്ലാ ഡിപ്പാര്‍ട്ട് മെന്റുകളിലെയും ഉയര്‍ന്ന ഉദ്ധ്യോഗസ്ഥന്‍മാര്‍ ജോലി അന്വേഷിച്ച് വരുന്നവരില്‍ നിന്നും മറ്റും കൈക്കൂലി ആവശ്യപ്പെടാറുണ്ട്, വളരെ അടുത്ത ബന്ധുക്കളില്‍ നിന്നോ പ്രിയപ്പെട്ടവരില്‍ നിന്നോ ഒഴികെ.
മണിപ്പൂരില്‍ ഒരോ തിരഞ്ഞെടുപ്പ് വരുമ്പോഴും എന്തുകൊണ്ടാണ് എ.എഫ്.എസ്.പി.എ പ്രധാനവിഷയമായി രാഷ്ട്രീയക്കാര്‍ ഏറ്റെടുക്കാത്തത്?
ദാരിദ്ര്യത്തിലാണ്ട് കിടക്കുന്ന മണിപ്പൂരികളെ ഓരോ സീസണിലും പേടിപ്പിക്കാന്‍ എളുപ്പമാണ്. നാണംകെട്ട രാഷ്ട്രീയക്കാര്‍ വൃത്തികെട്ട വഴിയിലൂടെ നേടിയ പണം കൊണ്ടാണ് വോട്ടുകള്‍ വാങ്ങുന്നത്. സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന എ.എഫ്.എസ്.പി.എക്കെതിരെ ശബ്ദമുയരണമെങ്കില്‍ സ്വയം തിരിച്ചറിഞ്ഞ പൗരന്‍മാര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. തങ്ങളുടെ കര്‍ത്തവ്യത്തെപ്പറ്റി ബോധവാന്‍മാരായവര്‍ക്ക് മാത്രമേ ഒരു സമൂഹത്തെ സൃഷ്ടിക്കാനാവൂ. പക്ഷെ അത് അകലെയല്ല.
അണ്ണാ ഹസാരെക്ക് മണിപ്പൂരിലേക്ക് സ്വാഗതം: ഇറോം ശര്‍മ്മിള
അധികൃതരുമായി ചര്‍ച്ച ചെയ്ത് ലോക്പാല്‍ ബില്ലിന് വേണ്ടിയുള്ള സമരത്തില്‍ തനിക്ക് പങ്കാളിയാകാന്‍ വഴിയൊരുക്കണമെന്ന് അണ്ണാ ഹസാരെയോട് ഇറോം ഷര്‍മ്മിള. സമരത്തിന് പിന്തുണ ആവശ്യപ്പെട്ട് ഹസാരെ ശര്‍മ്മിളക്കയച്ച കത്തിന്റെ മറുപടിയിലാണ് ഇങ്ങിനെ ആവിശ്യപ്പെട്ടിരിക്കുന്നത്.
“അഴിമതിയുടെ വേരറുക്കാനുള്ള ഈ കുരിശു യുദ്ധം” എന്നാണ് അവര്‍ ഈ സമരത്തെ വിശേഷിപ്പിച്ചത്. മണിപ്പൂരില്‍ സൈനികര്‍ക്കുള്ള പ്രത്യേക അവകാശ നിയമം പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് കഴിഞ്ഞ പത്തു വര്‍ഷമായി ഇറോം ശര്‍മ്മിള സമരം നടത്തിക്കൊണ്ടിരിക്കുന്നത്.
രേഖാമൂലമുള്ള മറുപടിയില്‍ 38 കാരിയായ ഇറോം ഷര്‍മ്മിള ഹസാരെയുടെ സമരത്തെ സ്വാഗതം ചെയ്യുന്നുണ്ട്. പക്ഷേ, ഒരു ഇന്ത്യന്‍ പൗര എന്ന നിലയില്‍ ഇപ്പോള്‍ തനിക്ക് പ്രതിഷേധിക്കാന്‍ പോലും സാധിക്കില്ല എന്ന് കത്തില്‍ പറയുന്നു. വീണ്ടും നിരാഹാര സമരം തുടങ്ങിയതു മുതല്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജില്‍ വീട്ടുതടങ്കലിലാണ് അവര്‍. കത്തില്‍ “ലോകത്തിലെ ഏറ്റവും കലുഷിതമായ മേഖല” എന്ന് വിശേഷിപ്പിച്ച മണിപ്പൂരിലേക്ക് ഹസാരെയെ സ്വാഗതം ചെയ്യുന്നുമുണ്ട്.
ഇവിടെ നിലനില്‍ക്കുന്ന ഈ പ്രത്യേക കരിനിയമത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഈ സമരത്തെ ഒരു മുന്‍ പട്ടാളക്കാരനായ ഹസാരെ എങ്ങിനെ പിന്തുണക്കുമെന്ന ആശങ്കയും ഇറോ ഷര്‍മ്മിള ഈ കത്തില്‍ പങ്കു വെയ്ക്കുന്നുണ്ട്.
ഗാന്ധിയന്‍ സമര രീതികളാണ് ഹസാരെയും ഷര്‍മ്മിളയും പിന്തുടരുന്നതെങ്കിലും രണ്ടും തീര്‍ത്തും വ്യത്യസ്തമായ പ്രശ്‌നങ്ങളാണ്. അണ്ണാ ഹസാരെയും ടീമംഗങ്ങളും ഇറോ ഷര്‍മ്മിളയെ പിന്തുണക്കുകയാണെങ്കില്‍ അഴിമതിക്കെതിരെ ഹസാരെ നേതൃത്വം നല്‍കുന്ന ഈ സമരത്തിന് വളരെ വിശാലമായ സ്വീകാര്യത ലഭിക്കും.
കടപ്പാട്: തെഹല്‍ക