മണിപ്പൂരിന്റെ ധീരപുത്രി ഇറോം ചാനു ശര്‍മ്മിളയുടെ സഹനസമരത്തിന് സമരത്തിന് പതിനൊന്ന് വര്‍ഷം തികഞ്ഞത് 2011 നവംബര്‍ മൂന്നിനായിരുന്നു. അന്ന് സ്വയം എഴുതി തയ്യാറാക്കി ഒരു കത്ത് തന്റെ ജനതയ്ക്കായി ഇറോം കൈമാറുകയുണ്ടായി. ഈ മാസം ആദ്യത്തിലാണ് മണിപ്പൂരി ഭാഷയിലെഴുതിയ ആ കത്ത് മാധ്യമങ്ങള്‍ക്കു ലഭിച്ചത്. കത്തിന്റെ മലയാളത്തിലുള്ള വിവര്‍ത്തനമാണ് താഴെ…
പ്രകൃതിയിലെ മന്ദമാരുതനെയും ആകാശത്തിലെ പറവകളെയും പോലെയാണ് മനുഷ്യനെങ്കില്‍ സ്വര്‍ത്ഥതയും വിദ്വേഷവും പരസ്പരം പോരടിക്കാനുള്ള വാഞ്ജയും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധങ്ങളുമൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ…. വനത്തില്‍ മൃഗങ്ങള്‍ തങ്ങളുടെ ഇരയെ വേട്ടയാടുന്നത് പോലെ, ഇരയുടെ രക്തം ഉറ്റിക്കുടിക്കുന്നത് പോലെ പെരുമാറാന്‍ മാത്രമെ മനുഷ്യന്‍ ഇതുവരെ പഠിച്ചിട്ടുള്ളൂ.[]
പണ്ടുകാലങ്ങളില്‍ വ്യത്യസ്ത സമുദായങ്ങളും വിഭാഗങ്ങളും പരസ്പരം സമാധാനത്തോടെയും സൗഹാര്‍ദ്ദത്തോടെയുമാണ് ജീവിച്ചിരുന്നത്. മലമുകളിലെയും താഴ്‌വരയിലെയും ജനങ്ങള്‍ തങ്ങള്‍ക്ക് മണ്ണ് നല്‍കുന്ന, ഭക്ഷണത്തെ പങ്കുവെക്കാറുണ്ടായിരുന്നു. വിളവ് കുറവാണെങ്കിലും അവര്‍ ഉള്ളത് തുല്ല്യമായി വീതിക്കുമായിരുന്നു.
പ്രകൃതിയിലും ദൈവത്തിന്റെ സൃഷ്ടികളിലും വിശ്വസിക്കാന്‍ മനുഷ്യന് സാധിക്കാത്തതിനാല്‍ ക്ഷണികമായ സുഖം നല്‍കുന്ന പുറം മോടി മാത്രമുളള വസ്തുക്കളോട് അവന് ആര്‍ത്തിയായി. അവ നേടാന്‍ അവന്‍ കൂടുതല്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ തുടങ്ങി. തന്റെ സഹോദരങ്ങള്‍ക്കു അവകാശപ്പെട്ടതു പോലും അവന്‍ അപഹരിക്കാന്‍ തുടങ്ങി. വിനീതരാവാന്‍ ആളുകള്‍ മറന്നു പോയിരിക്കുന്നു, സത്യത്തെ മറികടക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു.
തോക്കുപോലെയുള്ള നശീകരണായുധങ്ങള്‍ എത്രയോ യൗവ്വനങ്ങളെ സ്വന്തം വീടുകളില്‍ നിന്നും യുദ്ധമുഖത്ത് എത്തിച്ചു. എണ്ണമറ്റ ജീവനുകളെ അത് അപഹരിച്ചു. എണ്ണമറ്റ വിവാഹ ബന്ധങ്ങളെ അവസാനിക്കാത്ത യുദ്ധങ്ങള്‍ ഇല്ലാതാക്കി.
ഒരു നാടിന്റെ പ്രകൃതവും അവിടുത്തെ സമൂഹത്തിന്റെ സ്വഭാവവും ആ നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ സ്വഭാവത്തെയാണ് പ്രതിഫലിപ്പിക്കുക. ദുഷിച്ച നേതൃത്വമാണ് ഈ നാടിന്റെ ശാപം. അധികാരവും സ്വാധീനവും ഉപയോഗിച്ച് വഞ്ചന നടത്തുന്നവര്‍ വര്‍ധിക്കുകയാണ്. സ്വത്തുക്കള്‍ വാരിക്കൂട്ടുന്നതിലും സമ്പാദിച്ച കാശ് എണ്ണിതിട്ടപ്പെടുത്തുന്നതിലുമാണ് നേതാക്കള്‍ക്ക് കൂടുതല്‍ ശ്രദ്ധ. നമ്മളെ നയിക്കാന്‍ പിന്നെ മറ്റാരാണ് ഉള്ളത്?
ലീഡേഴ്‌സ് ആണ് സമൂഹത്തിന്റെ നട്ടെല്ല് ആവേണ്ടവര്‍. പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരേണ്ടത് അവരുടെ കടമയാണ്. മര്‍ദ്ദിതരുടെ മനസ്സും ഹൃദയവും സാന്ത്വനിപ്പിക്കേണ്ടത് അവരുടെ ധര്‍മ്മമാണ്. അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള വടംവലി സമുദായങ്ങള്‍ തമ്മിലുള്ള ഭിന്നതക്ക് കാരണമാകുന്നു. മരിച്ചു പോകുമ്പോള്‍ നമ്മളാരും സമ്പാദിച്ചത് കൊണ്ടുപോകുന്നില്ല.[]
എന്റെ ചുറ്റുമുള്ള ആളുകളില്‍ നിന്നും അമ്പരപ്പിക്കുന്ന നിരവധി കഥകള്‍ ഞാന്‍ കേട്ടു. പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍ വാങ്ങാന്‍ കാത്തു നില്‍ക്കുന്നതിന്റെ അവസ്ഥ അവര്‍ എന്നോട് പറഞ്ഞു. അതിരാവിലെ പെട്രോളിനായി പമ്പുകളിലെത്തി അവര്‍ ക്യൂ നില്‍ക്കും. ഉച്ചതിരിയുമ്പോള്‍ അവര്‍ കേള്‍ക്കുന്നത് പെട്രോളിന്റെ സ്‌റ്റോക്ക് തീര്‍ന്നു എന്ന വാര്‍ത്തയായിരിക്കും. വളരെ അത്യാവശ്യമായ പെട്രോള്‍ നമ്മുടെ നാട്ടില്‍ ലഭ്യമല്ല. നമ്മുടെ പൂര്‍വ്വീകര്‍ എങ്ങിനെയാണ് ജീവിച്ചതെന്ന് ഞാന്‍ ചിന്തിച്ചു. അവര്‍ക്ക് പരിമിതമായ അവസരങ്ങളെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അവര്‍ അതിലൊതുങ്ങി സംതൃപ്തിയോടെയാണ് ജീവിച്ചത്.
ഇന്ന്, ജീവിതത്തിന് ചുറ്റും നിറഞ്ഞു നില്‍ക്കുന്ന വര്‍ണ്ണാഭമായ സുഖസൗകര്യങ്ങളില്‍ നമുക്ക് നമ്മെ നഷ്ടപ്പെട്ടിരിക്കുന്നു. പുറം മോടിക്കുവേണ്ടിയുള്ള ആര്‍ത്തി നമ്മുടെ കടമകളില്‍ നിന്ന് നമ്മെ അകറ്റുകയാണ്. പുറംമോടിയുടെ ഈ തിളക്കം അധികം നീണ്ടുനില്‍ക്കില്ല എന്നു മനസ്സിലാക്കി ഒരു മാറ്റത്തിന് എന്താണ് നമ്മള്‍ തയ്യാറാവാത്തത്? നമ്മുടെ തെറ്റുകള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ മാത്രമെ മറ്റുള്ളവരുടെ നന്മയെക്കുറിച്ച് നമുക്ക് ചിന്തിച്ചു തുടങ്ങാനാകൂ. ജനങ്ങളുടെ നന്മയെക്കുറിച്ച് ചിന്തിക്കാനുള്ള കഴിവ് നേടിയാല്‍ മാത്രമെ നമ്മുടെ സമൂഹം ഉന്നതി കൈവരിക്കുകയുള്ളൂ.
സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി ഇതുവരെ നേടാത്ത ഈ ചെറിയ സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലി നേടാനുള്ള ശ്രമം തന്നെ വലിയ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ്. വിദ്യാസമ്പന്നരായ, രാജ്യത്തിന്റെ വികസനത്തില്‍ സംഭാവന ചെയ്യാന്‍ കെല്‍പ്പുള്ള ഇവിടുത്തെ യുവാക്കള്‍ ഇപ്പോഴും സര്‍ക്കാര്‍ ജോലി എന്ന സ്വപനത്തിലാണ്. ദിവസക്കൂലി അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 54 ഉദ്യോഗസ്ഥന്മാര്‍ക്ക് മുഖ്യമന്ത്രിയുമായി ബന്ധമുള്ള ഒരു ഡോക്ടര്‍ക്ക് 3,00,000 രൂപ വീതം “സംഭാവന” കൊടുക്കേണ്ടി വന്നത്രെ. ആകെ ഒരു കോടി അന്‍പതു ലക്ഷം രൂപ കവിയുന്ന ഈ തുക നല്‍കിയ ശേഷം അറിഞ്ഞത് തങ്ങള്‍ക്ക് ലഭിച്ച ജോലിക്ക് യാതൊരു സ്ഥിരതയുമില്ല എന്നാണ്.[]
ഡിഗ്രികള്‍ നേടി ജോലിയില്‍ പ്രവേശിച്ച് തങ്ങള്‍ പ്രതീക്ഷിക്കുന്ന ശമ്പളം കിട്ടാതെ വരുമ്പോള്‍ മിക്ക യുവാക്കളും നിരാശരാകുന്നു. യുവതയുടെ ഈ മാനസികാവസ്ഥ സാമൂഹികമായും സാമ്പത്തികമായും മണിപ്പൂരിനെ കൂടുതല്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. സ്‌റ്റേറ്റിന്റെ പുരോഗതിക്ക് വലിയ പരിശ്രമം ആവശ്യമുള്ളപ്പോഴാണ് അവര്‍ നിരാശരായിരിക്കുന്നത്. ഇതാണ് മണിപ്പൂരിന്റെ ഇപ്പോഴത്തെ തകര്‍ച്ചയുടെ യഥാര്‍ത്ഥ കാരണം.
പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും മൂലമുള്ള സാമ്പത്തിക ഭദ്രത സ്വപ്‌നം കണ്ടാണ് ആളുകള്‍ ഗവണ്‍മെന്റ് ജോലിക്കായി കാത്തിരിക്കുന്നത്. ഗവണ്‍മെന്റ് ഉദ്യോഗം ലഭിക്കാന്‍ വേണ്ടി അതുവരെ സ്വരുക്കൂട്ടി വെച്ച പണവും സ്വത്തുക്കളും പാരമ്പര്യമായി ലഭിച്ച വസ്തുവകകളുമെല്ലാം ആളുകള്‍ വില്‍ക്കുന്നു. ഇങ്ങിനെ ചെലവാക്കിയ പണം തിരികെ ലഭിക്കാന്‍ വേണ്ടി നടത്തുന്ന അഴിമതിയും ക്രമക്കേടുകളുമാണ് സര്‍ക്കാര്‍ ഓഫീസുകളെ മലിനമാക്കുന്നത്. സേവനം എന്ന ബോധം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും അന്യമായിരിക്കുന്നു.
രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥയിലെ ഈ ക്രമക്കേടുകളിലും അഴിമതിയിലും മടുത്ത് രോഷം പൂണ്ടിട്ടാണ് ഇതിനെ എതിര്‍ത്തു കൊണ്ട് സാധാരണക്കാരന്‍ രംഗത്തു വരുന്നത്. അധികാരവും സമ്പത്തുമുള്ള ജനവിഭാഗം പാവപ്പെട്ടവനെ അടിച്ചമര്‍ത്തി ഭരിക്കുകയാണ്. കള്ളന്‍മാരുടെ കൂട്ടത്തെ നയിക്കുന്ന, സ്വന്തം നിലനില്‍പ്പിനായി എന്തും വിലക്കെടുക്കാന്‍ മടിക്കാത്ത അധികാരി വര്‍ഗ്ഗവുമായുള്ള ബന്ധം സമ്പന്നന്‍ എപ്പോഴും കാത്തു സൂക്ഷിക്കുന്നു.
ദിവസ വേതന അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന സമൂഹത്തിന്റെ താഴേക്കിടയിലുള്ള ജനവിഭാഗത്തിനെതിരെയുള്ള അക്രമങ്ങളും അനീതികളും വലിയ അളവില്‍ വര്‍ധിച്ചു വരികയാണ്. സാമ്പത്തികമായും സാമൂഹികമായും മാനസികമായും ഒരു ജനതയെ ഈ അടിച്ചമര്‍ത്തല്‍ തകര്‍ത്തിരിക്കുന്നു. ദിവസക്കൂലി വാങ്ങി ജോലി ചെയ്യുന്ന പാവങ്ങളുടെ എല്ലാ അവകാശങ്ങളും ധ്വംസിച്ചു കൊണ്ടുള്ള ചൂഷണവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമവുമെല്ലാം വാര്‍ത്തയല്ലാതായിരിക്കുന്നു. അധികൃതരുടെ മുന്‍പില്‍ തങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ വിവരിക്കാന്‍ പോലും കെല്‍പ്പില്ലാത്ത വിധം ഒരു ജനത അപ്രത്യക്ഷരായിരിക്കുന്നു. അസ്തിത്വം നഷ്ടപ്പെട്ടിരിക്കുന്നു….
എല്ലാത്തിന്റെയും അടിസ്ഥാനമായ പ്രകൃതിയില്‍ ജീവജാലങ്ങളെല്ലാം വിശ്വസമര്‍പ്പിക്കുന്നത് പോലെ; വരൂ, നമുക്കും ആ പ്രകൃതിയാകുന്ന അമ്മയുടെ മടിയില്‍ തലചായ്ക്കാം. നമ്മുടെ അമ്മമാര്‍ മറ്റാരെയും പോലെയല്ല. രാത്രിയുടെ അര്‍ധയാമങ്ങളിലും ദീപശിഖയേന്തി നമ്മെ സംരക്ഷിക്കുന്നു.[]
നല്ല സമൂഹത്തിനായി സമുദായങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിലേക്കും സൗഹാര്‍ദ്ദത്തിലേക്കും ആ പ്രകാശം നമ്മെ നയിക്കട്ടെ. ഛിന്നഭിന്നമായതെല്ലാം അത് ഒന്നാക്കട്ടെ. ആയുര്‍ആരോഗ്യങ്ങളാല്‍ എല്ലാവരെയും സംരക്ഷിക്കട്ടെ. വിദ്വേഷവും ഇഛാഭംഗവും ഇല്ലാതാകട്ടെ. ജനങ്ങളെ സേവിക്കാന്‍ ബാധ്യതയുള്ള, ആ ലക്ഷ്യത്തില്‍ നിന്നും അകന്ന ഭരണകര്‍ത്താക്കള്‍ക്ക് ശരിയായ മാര്‍ഗ്ഗം കാണിച്ചു കൊടുക്കട്ടെ.
സഹോദരങ്ങള്‍ക്ക് അന്നവും അഭയവുമായി പോകുന്ന വാഹനങ്ങളെ കല്ലെറിയുകയും തീവെയ്ക്കുകയും ചെയ്യുന്നവര്‍ അതില്‍ നിന്നും പിന്തിരിയട്ടെ. വിഷപ്പ് സഹിക്കവയ്യാതെ പാതി മരിച്ച ജീവിതങ്ങള്‍ക്ക് പ്രകൃതിയുടെ സത്യം പ്രത്യാശയേകട്ടെ. പ്രകൃതിയില്‍ ശാന്തരായി ജീവിക്കാന്‍ നമുക്ക് സാധിക്കട്ടെ. അറ്റമില്ലാത്ത സൗഭാഗ്യങ്ങളാല്‍ എല്ലാവരെയും പരിപാലിക്കുന്ന അമ്മയാകുന്ന പ്രകൃതി നമ്മെ അനുഗ്രഹിച്ചുകൊണ്ടിരിക്കട്ടെ.
നല്ല മണിപ്പൂരിനായുള്ള വഴികള്‍ കണ്ടെത്താന്‍ നമുക്ക് സാധിക്കട്ടെ. ത്യാഗത്തിന് സന്നദ്ധരാവാന്‍ നമുക്ക് സാധിക്കട്ടെ. എല്ലാവര്‍ക്കും തുല്ല്യനീതിക്ക് വേണ്ടിയുള്ള ഒരു പുതിയ തുടക്കത്തിന്റെ വിളംബരം നമുക്ക് വിളിച്ചോതാം….
ഇറോം ഷര്‍മ്മിള
എ4, പ്രത്യേക വാര്‍ഡ്
ജവഹര്‍ലാല്‍ നെഹ്‌റു ഹോസ്പിറ്റല്‍
പൊറംപാറ്റ്
ഇംഫാല്‍ ഈസ്റ്റ് 795 005
മണിപ്പൂര്‍.
മൊഴിമാറ്റം:റഫീഖ് മൊയ്തീന്‍
കടപ്പാട്: rediff.com
Malayalam news