ഇറോം ശര്‍മ്മിളയ്ക്ക് കോഴിക്കോടിന്റെ മണ്ണില്‍ ആദരം; ഉരുക്ക് വനിതയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രമുഖ വ്യക്തികള്‍
Kerala
ഇറോം ശര്‍മ്മിളയ്ക്ക് കോഴിക്കോടിന്റെ മണ്ണില്‍ ആദരം; ഉരുക്ക് വനിതയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രമുഖ വ്യക്തികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th March 2017, 10:38 pm

കോഴിക്കോട്: സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രചാരക മാത്രമാണ് താനെന്ന് മണിപ്പൂര്‍ സമര നായിക ഇറോം ചാനു ശര്‍മ്മിള. കോഴിക്കോട് സോളിഡാരിറ്റി ഒരുക്കിയ ഐക്യദാര്‍ഢ്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സമാധാനത്തിനും സ്‌നേഹത്തിനും വേണ്ടി യുവാക്കള്‍ ഉണരണമെന്നും അവര്‍ പറഞ്ഞു.

“ഒരു സമാധാന സ്‌നേഹിയും നീതിയുടെ പ്രചാരകയുമാകാനാണ് ഞാന്‍ ശ്രമിച്ചത്. മത, ജാതി, ലിംഗ വ്യത്യാസങ്ങള്‍ക്ക് അതീതമായി എല്ലാ മനുഷ്യര്‍ക്കും നീതിയും സമാധാനവും ലഭ്യമാകണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചു. ദൈവത്തിന്റെ സൃഷ്ടിയില്‍ എല്ലാവരും തുല്യരായിരുന്നല്ലോ” അവര്‍ പറഞ്ഞു.

ശരിയായ ജനാധിപത്യവും ശരിയായ മനുഷ്യത്വവും തിരിച്ചുകൊണ്ടുവരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീകള്‍, കുട്ടികള്‍, ദുര്‍ബലര്‍ എന്നിവര്‍ക്ക് ശക്തിയേകാന്‍ നമുക്കു കഴിയണം. അതിന് നമ്മുടെ മനസ്ഥിതിയില്‍ മാറ്റം വേണം. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് സമൂഹത്തിന്റെ കണ്ണാടിയും പ്രതിബിംബവും. അവരാണ് സമൂഹത്തിന്റെ പ്രചോദനമെന്നും ഇറോം ശര്‍മ്മിള പറഞ്ഞു.

“യുവാക്കളേ, നിങ്ങളാണ് സ്‌നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടയാളം. നിങ്ങളിലാണ് ലോകത്തിന്റെ പ്രതീക്ഷ. നിങ്ങള്‍ തന്ന ആദരവിന് നന്ദി.” അവര്‍ വ്യക്തമാക്കി.

പ്രമുഖ വ്യക്തികളുടെ പ്രസംഗത്തില്‍ നിന്ന്:

  • കെ.ഇ.എന്‍ കുഞ്ഞഹമ്മദ് (ഇടത് ചിന്തകന്‍)

ചരിത്രത്തില്‍ ചിലര്‍ വിജയിക്കുമ്പോള്‍ പൂര്‍ണമായും വിജയിക്കാതെ, പരാജയപ്പെടുമ്പോള്‍ ഒട്ടുമേ പരാജയപ്പെടാതെ നില്‍ക്കുന്നതായിട്ടുണ്ട്. അത്തരത്തിലൊരു സാനിധ്യമാണ് ഇറോം ശര്‍മിള. പരാജയത്തിനും വിജയത്തിനും വിഭജിച്ചെടുക്കാന്‍ കഴിയാത്ത അപൂര്‍വ വ്യക്തിത്വത്തമാണ് ഇറോം. ഇറോം ശര്‍മിളക്ക് കിട്ടിയ 90 വോട്ടുകള്‍ കനേഷുമാരി കണക്കില്‍ കലങ്ങിപ്പോവാത്ത ഒന്നായി ചരിത്രത്തില്‍ നില്‍ക്കും. ഇന്ത്യയില്‍ രൂപപ്പെട്ട് വന്ന ദേശീയതയുടെ വലിയൊരു മുദ്രാവാക്യമായ, ജയ് ജവാന്‍ ജയ് കിസാനില്‍ നിന്ന് ജയ് കിസാന്‍ എന്ന മുദ്രാവാക്യം ഒരിടത്ത് വച്ച് അടര്‍ത്തിമാറ്റപ്പെടുകയാണുണ്ടായത്. അങ്ങനെയാണ് ഉന്മത്തമായ ഒരു സൈനിക മേല്‍ക്കോയ്മയുടേതായ ഒരു കാഴ്ചപ്പാട് ഇന്ത്യന്‍ ജീവിതത്തിലേക്ക് അരിച്ചിറങ്ങുന്നത്. ജയ് കിസാന്‍ വെട്ടിമാറ്റപ്പെടുകയും “ജയ് ജവാന്‍ ജയ് ജവാന്‍” എന്നത് കിസാനും ഗുണമില്ലാത്ത തരത്തില്‍ ഒരു ജനതയ്ക്കും ഗുണമില്ലാത്ത തരത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണുണ്ടായത്. സൈനികര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ ഉണ്ടാകുകയല്ല, പൗരന്മാരുടെ പ്രാഥമിക അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണുണ്ടായത്. അത്തരം ഒരു നിയമത്തിനെതിരെ ജീവിതം ജ്വലിച്ചു നില്‍ക്കുന്ന നാളുകളില്‍ ജീവിതം സമര്‍പ്പിക്കുകയാണ് ഇറോം ചെയ്തത്.


Also Read: യു.പിയിലെ മുസ്‌ലീം പള്ളിക്ക് മുകളില്‍ കാവിക്കൊടിയുയര്‍ത്തി ബി.ജെ.പി പ്രവര്‍ത്തകര്‍


  • കല്‍പ്പറ്റ നാരായണന്‍

ബാലറ്റ് പേപ്പര്‍ തന്നെയാക്കണമെന്ന് എന്‍.എസ് മാധവന്‍ പറയുമ്പോള്‍ ഇലക്ഷന്‍ തന്നെ പറ്റുമോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഇതെല്ലാം അന്യായങ്ങളെ നിലനിര്‍ത്താന്‍ മാത്രമേ സഹായിക്കുള്ളൂ. 16 വര്‍ഷത്തെ നിരാഹാരത്തിലൂടെ ഇതുവരെ ആരും നിലനില്‍ക്കാത്തത് പോലെ തന്റെ ജനതയ്ക്ക് വേണ്ടി നിലനിന്ന ഒരു സ്ത്രീക്ക് കിട്ടിയ വോട്ടുകളുടെ എണ്ണം നമ്മളോട് പറയുന്നത് അതാണ്. അവര്‍ക്ക് കിട്ടിയ 90 വോട്ടുകള്‍ എന്നത് ഒരു ദേശത്തെ സംശയിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

  • എന്‍.പി രാജേന്ദ്രന്‍

പതിനാറ് വര്‍ഷത്തെ നിരാഹാരമെന്നത് ഒരു നിമിഷത്തെ ആവേശത്തില്‍ വെടിയേറ്റ് മരിക്കുന്നതിനേക്കാള്‍ വലുതാണ്. വെടിയേറ്റ് മരിക്കുക എന്നത് ഒരു നിമിഷം കൊണ്ട് തീരും. എന്നാല്‍ നിരാഹാരമെന്നത് ഓരോ നിമിഷവും സ്വന്തം ശരീരത്തെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ട് നടത്തുന്ന സമരമാണ്. നിശ്ചയ ധാര്‍ഢ്യത്തോടെ പതിനാറ് വര്‍ഷം ഈ സമരം കൊണ്ട് പോവുക എന്നത് ലോകത്ത് ഇന്നുവരെ ആരും ചെയ്തിട്ടില്ലാത്ത കാര്യമാണ്. എന്നാല്‍ ഈ സമരം അവിടുത്തെ ജനങ്ങളില്‍ എന്തുകൊണ്ട് കാര്യമായ ചലനം ഉണ്ടാക്കിയില്ല എന്നത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്.

  • ടി. മുഹമ്മദ് വേളം
    (സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രസിഡന്റ്)

ഇന്ത്യയുടെ ചരിത്രത്തില്‍ മൂന്ന് സ്വാതന്ത്ര്യ സമരങ്ങളാണ് നടന്നിട്ടുള്ളത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒന്ന് ഇന്ത്യ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനായുള്ള പോരാട്ടം. രണ്ടാമത്തേത് അടിയന്തിരാവസ്ഥക്കെതിരായ പോരാട്ടം. മൂന്നാമത്തേത് ഇപ്പോള്‍ ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള ചെറുത്ത് നില്‍പ്പ്. അതിന്റെ വലിയൊരു പ്രതീകമാണ് ഇറോം ശര്‍മിള. ഇറോം ശര്‍മിള തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ വലിയൊരു ദുരന്തമായി ഞാന്‍ കാണുന്നില്ല. കോണ്‍ഗ്രസിന്റെ പോലും പിന്തുണയില്ലാതെ മഹാത്മാഗാന്ധി മഹാത്മാഗാന്ധിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കില്‍ പരാജയപ്പെടുമായിരുന്നു. ഇത് ഞാന്‍ വെറുതെ പറയുന്നതല്ല. അംബേദ്കര്‍ പരാജയപ്പെട്ടിട്ടുണ്ട്. തോല്‍ക്കാന്‍ കൂടി സന്നദ്ധരായവര്‍ക്ക് മാത്രമേ ചരിത്രത്തെ മുന്നോട്ട് നയിക്കാനാവൂ.


Don”t Miss: ജനാധിപത്യം വില്‍പ്പന ചരക്കോ? ഉത്തര്‍പ്രദേശിലെ മൂന്നിലൊന്ന് വോട്ടര്‍മാര്‍ വോട്ട് ചെയ്തത് പണം വാങ്ങി; ഒരു വോട്ടിന് വില 750


  • പി.കെ പാറക്കടവ്

സൈനികര്‍ നിസംഗതയോടെ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നു. 10 ചെറുപ്പക്കാര്‍ തുള വീണ നെഞ്ചുമായി ഒടുങ്ങുന്നു. കവയിത്രിയുടെ ഹൃദയം കരയുന്നു. ഇതെന്ത് നിയമം? അവള്‍ ചോദിക്കുന്നു. ഇവിടെ ആരെയും വെടിവെച്ച് കൊല്ലാനുള്ള നിയമമുണ്ട് Armed Forces Special Power Act അഥവാ അഫ്‌സ്പ. ആ യുവ കവയിത്രി ഇറോം ശര്‍മ്മിള, അവര്‍ ഈ കിരാത നിയമത്തിനെതിരെ നിരാഹാരം നടത്തുന്നു. പിന്നെയെല്ലാം ചരിത്രം. 2017…. ഇറോം ശര്‍മ്മിള മണിപ്പൂരില്‍ തെരഞ്ഞെടുപ്പിന് നില്‍ക്കുന്നു. 90 വോട്ടുകള്‍.

ഉത്തര്‍പ്രദേശില്‍ മാത്രം നിയമസഭയിലെ 143 അംഗങ്ങളാണ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കപ്പെട്ടവരെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍. 403 അംഗങ്ങളില്‍ 322 പേര്‍ കോടീശ്വരന്മാര്‍. ക്രിമിനല്‍ കേസില്‍ പ്രതിയായ 143 പേരില്‍ 107 പേര്‍ കൊലപാതക കേസില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും പ്രതിയാക്കപ്പെട്ടവര്‍. ജനാധിപത്യം വിജയിക്കട്ടെ. കള്ളച്ചൂതില്‍ ശകുനിമാര്‍ വിജയിക്കുന്ന ഇടങ്ങളില്‍ എത്ര ക്രിമിനലുകള്‍, എത്ര കള്ളപ്പണം കുന്നു കൂട്ടിയിട്ട കോടീശ്വരന്മാര്‍. വഞ്ചനയുടെ സ്വര്‍ണക്കുപ്പായമിട്ട് ചാനലുകള്‍ കയറിയിറങ്ങുന്ന രാഷ്ട്രീയ കള്ളമോന്തകള്‍. അവരൊക്കെ ജയിച്ച് നമുക്ക് വേണ്ടി നിയമങ്ങള്‍ ഉണ്ടാക്കട്ടെ. ഇറോം ശര്‍മിള തോറ്റിട്ടില്ല. മാര്‍ക്‌സും ബുദ്ധനും ഗാന്ധിയും ഒരു തെരഞ്ഞെടുപ്പില്‍ ജയിച്ച് നിയമസഭയിലെത്തിയവരായിരുന്നില്ല.

ജനാധിപത്യത്തിനു മുന്നിലല്ല, പണാധിപത്യത്തിനു മുന്നിലാണ് തങ്ങള്‍ തോറ്റതെന്ന്ഇറോം ശര്‍മ്മിളയുടെ സഹപോരാളിയായ നജ്മ ബീബി പറഞ്ഞു.

സോളിഡാരിറ്റി ജില്ലാ സെക്രട്ടറി അഷ്‌കര്‍ നന്ദി പറഞ്ഞു. സോളിഡാരിറ്റിയുടെ ഉപഹാരം ചടങ്ങിന്റെ അധ്യക്ഷന്‍ കൂടിയായിരുന്ന ടി. ശാക്കിര്‍ കൈമാറി. സോളിഡാരിറ്റി സംഘടിപ്പിച്ച പീപ്പിള്‍സ് ട്രൈബ്യൂണലിന്റെ സപ്ലിമെന്റ് എന്‍.പി ചേക്കുട്ടി പ്രകാശനം ചെയ്തു.

ഇറോം ശര്‍മ്മിളയ്ക്ക് കേരളത്തിന്റെ ആദരമായി ഒ. അബ്ദുറഹ്മാന്‍ പൊന്നാട അണിയിച്ചു.