| Tuesday, 26th August 2014, 10:25 am

തന്നെ വാഴ്ത്തുന്നത് നിര്‍ത്തി പോരാട്ടത്തില്‍ അണിചേരുക; ജനങ്ങളോടും നേതാക്കളോടും ഇറോം ശര്‍മിള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: വ്യക്തിപരമായ നേട്ടത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല താന്‍ സമരം ചെയ്യുന്നത്. തന്നെക്കുറിച്ച് വാഴ്ത്തുപാട്ടുകള്‍ നിര്‍ത്തി ജനങ്ങള്‍ പോരാട്ടത്തില്‍ അണിചേരുകയാണ് വേണ്ടതെന്നും മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മിള.

[] സൈനിക പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തില്‍ ജനങ്ങളും നേതാക്കളും അണിചേരണമെന്നാണ് ആഗ്രഹം. എല്ലാവരും സമരത്തില്‍ അണിചേരുകയാണെങ്കില്‍ ഈ നിയമം പിന്‍വലിക്കുമെന്ന് ഉറച്ച ബോധ്യമുണ്ട്- പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഇറോം ശര്‍മിള പറഞ്ഞു.

നിയമം പിന്‍വലിക്കപ്പെടുന്ന ദിനം വന്നാല്‍ അന്ന് എല്ലാവരേയും പോലെ ഞാനും ആസ്വദിച്ച് ഭക്ഷണം കഴിക്കും. 2000 നവംബറില്‍ അമ്മയുടെ അനുഗ്രഹത്തോടെയാണ് ഈ ദൗത്യം തുടങ്ങിയത്. ഒട്ടും ഭയാങ്കശയില്ലാതെ ദൗത്യവുമായി മുന്നോട്ടുപോകണമെന്നും വിജയവുമായി മാത്രമേ മടങ്ങി വരാവൂ എന്നുമാണ് അമ്മ പറഞ്ഞത്. പ്രത്യേകാധികാര നിയമത്തിനു കീഴില്‍ സൈന്യം നടത്തുന്ന എല്ലാവിധ മനുഷ്യാവകാശ ലംഘനകളും തുടച്ചുനീക്കണമെന്ന് സ്ഥിര നിശ്ചയമെടുത്തിട്ടുണ്ട്. ഈ തീരുമാനം ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്നതിനാല്‍ സമരം തുടങ്ങിയ ശേഷം വീട് സന്ദര്‍ശിച്ചിട്ടില്ല. അമ്മക്ക് പുറമേ കുടുംബത്തിലെ മറ്റുള്ളവരും എന്നെ പിന്തുണക്കുന്നു.

മണിപ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജയില്‍ പോലുള്ള മുറിയില്‍ ഏറെക്കാലം കഴിയാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാവില്ല. സന്തോഷകരമായ ജീവിതം നയിക്കാനാണ് എനിക്കും ആഗ്രഹം. എന്നാല്‍ വ്യക്തിപരമായ സന്തോഷങ്ങളേക്കാള്‍ എനിക്ക് വലുതാണ് ലക്ഷ്യം. പ്രത്യേകാധികാര നിയമം പിന്‍വലിക്കുകയാണെങ്കില്‍ എന്റെ ജീവിതവും മാറും. എന്നെ മോചിപ്പിക്കണമെന്ന കോടതി വിധിയെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. എന്റെ സമരം അക്രമരഹിതവും ജനാധിപത്യപരവുമായാണെന്ന് ഈ വിധി വ്യക്തമാക്കുന്നു.

പ്രത്യേകാധികാര നിയമം പിന്‍വലിക്കുക എന്നത് പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ മുന്‍ഗണനകളില്‍ ഒന്നാവണം. യോഗ ചെയ്തും പത്രങ്ങളും പുസ്തകങ്ങളും വായിച്ചും കവിത എഴുതിയുമാണ് ഒരോ ദിവസവും തള്ളിനീക്കുന്നത്. സാമൂഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് 100ലേറെ കവിതകള്‍ രചിച്ചിട്ടുണ്ട്. “ഹൃദയത്തിന്റെ കണ്ണുകള്‍” എന്ന കവിതാ സമാഹാരത്തിന്റെ പണിപ്പുരയിലാണ് താനെന്നും ഇറോം ശര്‍മിള പറഞ്ഞു.

We use cookies to give you the best possible experience. Learn more