[share]
[]മണിപ്പൂര്‍: മണിപ്പൂരിലെ പട്ടാള അതിക്രമങ്ങള്‍ക്ക് നേരെ പോരാടുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിളയ്ക്ക് തിരഞ്ഞെടുപ്പ് ടിക്കറ്റുമായി ആം ആദ്മി പാര്‍ട്ടി.
എന്നാല്‍ ആം ആദ്മിയുടെ ക്ഷണം ഇറോം ശര്‍മ്മിള നിഷേധിച്ചു.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ നിന്ന് മത്സരിയ്ക്കാനാണ് ആം ആദ്മി പാര്‍ട്ടി ഇറോം ശര്‍മ്മിളയെ ക്ഷണിച്ചത്.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ താനില്ലെന്ന് ഇറോം ശര്‍മ്മിള ആം ആദ്മി പാര്‍ട്ടി നേതാക്കളെ അറിയിയ്ക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് ടിക്കറ്റുമായി ആം ആദ്മി പാര്‍ട്ടി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണാണ് ഇറോം ശര്‍മ്മിളയെ സമീപിച്ചത്.
തനിയ്ക്ക് വേണ്ടി എല്ലാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും പാര്‍ട്ടി വഹിയ്ക്കാമെന്ന് പ്രശാന്ത് ഭൂഷണ്‍ അറിയിച്ചതായി ഇറോം ശര്‍മ്മിള പറഞ്ഞു.
രാഷ്ട്രീയക്കാരന്റെ ശബ്ദം മാത്രം ശ്രദ്ധിയ്ക്കുന്ന സാധാരണക്കാരന്റെ ശബ്ദം അവഗണിയ്ക്കപ്പെടുന്ന അവസ്ഥയോട് സന്ധി ചെയ്യാനില്ലെന്നും ഇറോം ശര്‍മ്മിള വ്യക്തമാക്കി.
മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ അനുവദിച്ച് നല്‍കുന്ന എ.എഫ്.എസ്.പി.എ(Armed Force Special Power Act) നിയമത്തിനെതിരെ 2000 നവംബര്‍ 2 മുതല്‍ നിരാഹാരമനുഷ്ടിച്ച് വരികയാണ് ഇറോം ശര്‍മ്മിള.
നിയമത്തിനെതിരെ ഇറോം ശര്‍മ്മിള സമരം ആരംഭിച്ചത് 27ാം വയസ്സിലാണ്. പ്രത്യേക സൈനിക കരിനിയമം പിന്‍വലിച്ചാലേ നിരാഹാര സമരം അവസാനിപ്പിക്കു എന്ന നിലപാടിലാണ് നാല്‍പ്പതുകാരിയായ ഇറോം ശര്‍മ്മിള.
മണിപ്പൂരിലെ മാലോമില്‍ സ്വന്തം വീടിനടുത്ത് ബസ് സ്‌റ്റോപ്പില്‍ സാധാരണക്കാരായ പത്തുപേരെ പട്ടാളം വെടിവച്ചുകൊന്ന സംഭവത്തിന് ദൃസാക്ഷിയായതോടെയാണ് ഇറോം ശര്‍മിള ഈ അനീതിക്കെതിരെ പോരാടാന്‍ തീരുമാനിച്ചത്.
ഇവരെ അറസ്റ്റുചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ട്യൂബ് വഴി ഭക്ഷണം നല്‍കി ജീവന്‍ നിലനിര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.