ഇംഫാല്‍: സായുധ സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 13 വര്‍ഷമായി നിരാഹാര സമരം നടത്തുന്ന മണിപ്പൂര്‍ സാമൂഹിക പ്രവര്‍ത്തക ഇറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു.[]
ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതനുസരിച്ച് ചൊവ്വാഴ്ച അവരെ മോചിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം അറസ്റ്റ് ചെയ്ത അവരെ 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇറോം ശര്‍മിളയുടെ നാല്‍പ്പതാം പിറന്നാളായിരുന്നു ഇന്നലെ.
13 വര്‍ഷമായി ഇറോമിനെ ഇടക്കിക്ക് വിട്ടയക്കുകയും ഉടനെ അറസ്റ്റ് ചെയ്യാറുമുണ്ട്. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പരമാവധി ഒരു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇത്. വിട്ടയച്ച ഉടനെ മണിപ്പൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിക്ക് സമീപമുള്ള ശര്‍മിള കന്‍ബ ലൂപ് ശംഗ്ലേന്‍ ഓഫീസിലെത്തി നിരാഹാരം തുടര്‍ന്നു.
കഴിഞ്ഞ ദിവസം രാവിലെ തന്നെ പരിശോധിക്കാന്‍ പോലീസിനേയോ സര്‍ക്കാര്‍ ഡോക്ടര്‍മാരൈയോ അവര്‍ അനുവദിച്ചില്ല. ആരോഗ്യം മോശമാകുമെന്ന് ഭയന്നാണ് വീണ്ടും അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രി വാര്‍ഡാണ് അവരുടെ ജയില്‍.
ഈയടുത്ത് തന്റെ പേരില്‍ ദല്‍ഹിയലെ പട്യാല കോടതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയതില്‍ താന്‍ അസംതൃപ്തയാണെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് കഴിഞ്ഞ ദിവസം പറഞ്ഞു.
തന്റെ പ്രതിഷേധം 1980 മുതല്‍ നടപ്പില്‍ വന്ന അഫ്‌സ്പ പിന്‍വലിക്കാനാണെന്നും ഗാന്ധിമാര്‍ഗമാണ് തുടരുന്നതെന്നും അവര്‍ വ്യക്തമാക്കി. 2000ത്തില്‍ മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തിന് സമീപം മാലോമില്‍ അസം റൈഫില്‍സ് സൈനികര്‍ 10 സാധാരണക്കാരെ കാരണം കൂടാതെ വെടിവെച്ചുകൊന്നതിനെ തുടര്‍ന്നാണ് ഇറോം ശര്‍മിള അനിശ്ചിതകാല ഉപവാസം ആരംഭിച്ചത്.
മൂക്കിലൂടെയിട്ട പൈപ്പ് വഴി നിര്‍ബന്ധിച്ച് നല്‍കുന്ന ഭക്ഷണമാണ് കഴിഞ്ഞ പതിമൂന്ന് വര്‍ഷണായി ശര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.