ഒരു ദിവസം സമരപ്പന്തലില്‍; ഇറോം ശര്‍മ്മിളയെ വീണ്ടും അറസ്റ്റ് ചെയ്തു
India
ഒരു ദിവസം സമരപ്പന്തലില്‍; ഇറോം ശര്‍മ്മിളയെ വീണ്ടും അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th March 2014, 1:05 pm

[share]

[]ഇംഫാല്‍: ഒരു ദിവസം സമരപ്പന്തലില്‍ കഴിഞ്ഞതിന് മണിപ്പൂരിലെ പട്ടാള അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിളയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു.

വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ദിവസം മുഴുവന്‍ സമരപ്പന്തലില്‍ കഴിയാന്‍ ഇറോം ശര്‍മ്മിളക്ക് അനുവാദം ലഭിച്ചത്. തുടര്‍ന്ന് സമരപ്പന്തലില്‍ കഴിയുകയായിരുന്ന ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ആത്മഹത്യാ കുറ്റമാണ് വീണ്ടും ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മണിപ്പൂരിലെ സൈന്യത്തിന് പ്രത്യേകാധികാരം അനുവദിച്ച് നല്‍കുന്ന “അഫ്‌സ്പ” നിയമത്തിനെതിരെ 2000 മുതല്‍ നിരാഹാര സമരം നടത്തി വരികയാണ് ഇറോം ശര്‍മ്മിള.

സമരം നീണ്ടതിനെ തുടര്‍ന്ന് ജീവന്‍ അപകടത്തിലാവുമെന്ന അവസ്ഥയില്‍ ഇറോം ശര്‍മ്മിളയെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂക്കിലൂടെ പാനീയങ്ങള്‍ നല്‍കിയാണ് ഇപ്പോള്‍ അധികൃതര്‍ ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

എന്നാല്‍ സൈനിക വാഴ്ചയ്‌ക്കെതിരെ മരണം വരെ പോരാടുമെന്നാണ് ഇവര്‍ പറയുന്നത്.

“അഫ്‌സ്പ” നിയമത്തിനെതിരെ ഇറോം സമരം ആരംഭിച്ചത് 27ാം വയസ്സിലാണ്. മണിപ്പൂരിലെ മാലോമില്‍ സ്വന്തം വീടിനടുത്ത് ബസ് സ്‌റ്റോപ്പില്‍ സാധാരണക്കാരായ പത്തുപേരെ പട്ടാളം വെടിവച്ചുകൊന്ന സംഭവത്തിന് ദൃസാക്ഷിയായതോടെയാണ് ഇറോം ശര്‍മിള ഈ അനീതിക്കെതിരെ പോരാടാന്‍ തീരുമാനിച്ചത്.