| Wednesday, 13th October 2021, 10:18 am

എന്റെ പുസ്തകം ഹിബ്രൂവിലേക്ക് വിവര്‍ത്തനം ചെയ്യേണ്ട; ഇസ്രഈല്‍ പ്രസാധകരെ വിലക്കി ഐറിഷ് എഴുത്തുകാരി സാലി റൂണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡബ്ലിന്‍: ഹിബ്രൂ ഭാഷയിലേക്ക് പുസ്തകം വിവര്‍ത്തനം ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഐറിഷ് എഴുത്തുകാരി സാലി റൂണി.

അധിനിവേശ താല്പര്യമുള്ള ഇസ്രഈല്‍ പ്രസാദകര്‍ തന്റെ പുസ്തകം പ്രസിദ്ധപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലാണ് ഇവര്‍.ഫലസ്തീനെ അധിനിവേശം ചെയ്യുന്ന ഇസ്രഈല്‍ നയങ്ങളോടുള്ള വിയോജിപ്പ് പ്രകടമാക്കുന്നതാണ് റൂണിയുടെ തീരുമാനം.

ബെസ്റ്റ് സെല്ലറായ തന്റെ മൂന്നാമത്തെ നോവല്‍ ‘ബ്യൂട്ടിഫുള്‍ വേള്‍ഡ്, വേര്‍ ആര്‍ യു’ (Beautiful World, Where Are You) എന്ന പുസ്തകമാണ് തല്‍ക്കാലം ഹിബ്രു ഭാഷയില്‍ പുറത്തിറക്കേണ്ടതില്ലെന്നാണ് എഴുത്തുകാരി നിലപാടെടുത്തത്.

ആഗോള തലത്തില്‍ നിരവധി ഭാഷകളില്‍ റൂണിയുടെ മുന്‍ പുസ്തകങ്ങള്‍ വിവര്‍ത്തനത്തിലൂടെ പുറത്തിറങ്ങിയതു കൊണ്ട് തന്നെ ഇസ്രഈല്‍ വിരുദ്ധമായ പുതിയ തീരുമാനം ഇപ്പോള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്.

മറ്റ് നിരവധി ഭാഷകളില് പുതിയ പുസ്തകം പുറത്തിറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും തല്‍ക്കാലം ഇസ്രഈലി ഭാഷയില്‍ വേണ്ടെന്നാണ് റൂണി പറഞ്ഞത്.

”എന്റെ തീരുമാനത്തെ എല്ലാവരും പിന്തുണയ്ക്കില്ല എന്നെനിക്കറിയാം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ഇസ്രഈലി കമ്പനിയുമായി ഒരു കരാറിലേര്‍പ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല,” റൂണി പറഞ്ഞു. റൂണിയുടെ തീരുമാനത്തിന് വലിയ പിന്തുണയാണ് വിവിധ ഫലസ്തീനി സംഘടനകളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

നേരത്തെ റൂണിയുടെ മുന്‍പ് പുറത്തിറങ്ങിയ പുസ്തകമായ ‘നോര്‍മല്‍ പീപ്ള്‍’ ഹീബ്രൂവില്‍ പുറത്തിറക്കിയിരുന്നു. അന്ന് ഹിബ്രു വിവര്‍ത്തനം പുറത്തിറക്കിയ ഇസ്രഈലി പബ്ലിഷിങ് കമ്പനിയായ മൊഡാന്‍ പുതിയ പുസ്തകത്തിന്റെ വിവര്‍ത്തനാവകാശത്തിനായി സമീപിച്ചെങ്കിലും റൂണി നിഷേധിക്കുകയായിരുന്നു.

ഇസ്രഈലിനെതിരെ കടുത്ത പ്രക്ഷോഭ പരിപാടികള്‍ നടത്തുന്ന ഫലസ്തീന്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ബോയ്കോട്ട്, ഡൈവസ്റ്റ്മെന്റ്, സാങ്ഷന്‍സ് മൂവ്മെന്റ്’ (ബി.ഡി.എസ്) എന്ന ക്യാംപയിനിന്റെ ഭാഗം കൂടിയാണ് സാലി റൂണി. ഇതിനോടുള്ള പിന്തുണയുടെ സൂചകമായാണ് പുതിയ തീരുമാനം.

മെയ് മാസത്തില്‍ ഈ ക്യാംപയിനിന്റെ ഭാഗമായി ഇസ്രഈല്‍ വംശവെറിയ്ക്കെതിരെ എഴുതിയ തുറന്ന കത്തില്‍ റൂണിയും ഒപ്പുവെച്ചിരുന്നു. സാംസ്‌കാരികമായും, സാമ്പത്തികപരമായും വിദ്യഭ്യാസപരമായും ഇസ്രഈലിനെ ബഹിഷ്‌കരിക്കുക എന്നതാണ് ഈ ക്യാംപയിനിന്റെ ലക്ഷ്യം.

സെപ്റ്റംബറിലാണ് ‘ബ്യൂട്ടിഫുള്‍ വേള്‍ഡ്, വേര്‍ ആര്‍ യു’ പുറത്തിറങ്ങിയത്. ഏറെക്കാലമായി ബ്രിട്ടനില്‍ ബെസ്റ്റ് സെല്ലറാണ് ഈ പുസ്തകം. പുറത്തിറങ്ങി അഞ്ച് ദിവസത്തിനുള്ളില്‍ പുസ്തകത്തിന്റെ 40,000 കോപ്പികളായിരുന്നു വിറ്റത്.

മുന്‍പ് ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരിയായ ആലീസ് വാക്കറും അവരുടെ പുലിറ്റ്സര്‍ പുരസ്‌കാരം നേടിയ പുസ്തകമായ ‘കളര്‍ പര്‍പ്പിള്‍’ ഹിബ്രൂവിലേയ്ക്ക് വിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Irish writer Sally Rooney rejects Hebrew translation of her third novel

We use cookies to give you the best possible experience. Learn more