| Friday, 23rd November 2012, 7:00 am

സവിത ഹാലപ്പനവര്‍: മരണത്തിന് ആഴ്ച്ചകള്‍ക്ക് ശേഷം ആശ്വാസവാക്കുകളുമായി ഐറിഷ് പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അയര്‍ലന്റ്: ഏറെ കോളിളക്കം സൃഷ്ടിച്ച സവിത ഹാലപ്പനവറുടെ മരണത്തിന് ഇത്രനാള്‍ ശേഷം ആശ്വാസ വാക്കുകളും വാഗ്ദാനങ്ങളുമായി ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് രംഗത്ത്.

യുവതിയുടെ കുടുംബം ആവശ്യപ്പെട്ടത് പോലെ സ്വതന്ത്രമായ അന്വേഷണത്തിനും ഉത്തരവിടാമെന്നാണ് പ്രസിഡന്റിന്റെ പുതിയ വാഗ്ദാനം.[]

സവിതയുടെ മരണത്തെകുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സവിതയുടെ ഭര്‍ത്താവ് പ്രവീണ്‍ ഹാലപ്പനവര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 27 നാണ് സവിത സെപ്റ്റിസിമ്യ ബാധിച്ച് മരിക്കുന്നത്. അസുഖം മൂര്‍ച്ഛിച്ചതിനാല്‍ 17 ആഴ്ച ഗര്‍ഭിണിയായിരുന്ന  ഇന്ത്യക്കാരിയായ സവിത ഗര്‍ഭഛിദ്രം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കത്തോലിക്കാ രാജ്യമായ അയര്‍ലന്റില്‍ ഗര്‍ഭഛിദ്രം നിയമം മൂലം നിരോധിച്ചിരിക്കുന്നതിനാല്‍ ആവശ്യം നടത്താന്‍ കഴിയില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്.

തുടര്‍ന്നാണ് സെപ്റ്റിസിമ്യ ശരീരം മുഴുവന്‍ വ്യാപിച്ച് സവിത മരണപ്പെടുന്നു. സവിതക്ക് കത്തോലിക്കാരാജ്യമായ അയര്‍ലന്റില്‍ ഗര്‍ഭചിദ്രം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ ഡോക്ടര്‍മാര്‍ മാനുഷികപരിഗണന പോലും നിഷേധിച്ചുവെന്ന് ഭര്‍ത്താവ് പ്രവീണ്‍ ഹാലപ്പനാവര്‍ ആരോപിച്ചിരുന്നു.

കത്തോലിക്ക രാജ്യമായതിനാലാണ് അയര്‍ലന്റില്‍ ഗര്‍ഭഛിദ്രം നിയമം മൂലം നിരോധിക്കുന്നത്. എന്നാല്‍ 1992ല്‍ ഐറിഷ് സുപ്രീം കോടതി ഗര്‍ഭിണിയുടെ ജീവന് ഭീഷണിയാണെങ്കില്‍ ഗര്‍ഭഛിദ്രമാകാം എന്ന് പറയുന്നുവെങ്കിലും തുടര്‍ന്നുവന്ന അഞ്ച് സര്‍ക്കാരുകളും ഇത് നിയമമാക്കുന്നത് നിരസിക്കുകയായിരുന്നു.

സവിതയുടെ മരണത്തോടെ നിയമം നിരോധിക്കണമെന്നാവശ്യപ്പെട്ട് കടുത്ത പ്രതിഷേധപ്രകടനമാണ് അയര്‍ലന്റിലും ലോകരാജ്യങ്ങളിലും നടന്നത്.

അതേസമയം, നിയമം പിന്‍വലിക്കുന്ന കാര്യത്തില്‍  ഉടന്‍ തീരുമാനമെടുക്കില്ലെന്ന് ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നി വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more