അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണം, ഗസയെ ഒന്നടങ്കം ശിക്ഷിക്കാന്‍ ഇസ്രഈലിന് അധികാരമില്ല: അയര്‍ലാന്‍ഡ് പ്രധാനമന്ത്രി
ഡബ്ലിന്‍: ഗസയെ ഒന്നടങ്കം ശിക്ഷിക്കാന്‍ ഇസ്രഈലിന് അധികാരമില്ലെന്ന് അയര്‍ലാന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഗസയിലേക്കുള്ള വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവ വിച്ഛേദിക്കാനുള്ള ഇസ്രഈലിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ലിയോ വരദ്കര്‍ പറഞ്ഞതായി ഐറിഷ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു
ഇസ്രഈലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിക്കാന്‍ അവര്‍ക്ക് കഴില്ലെന്നും ലിയോ വരദ്കര്‍ പറയുന്നു. യൂറോപ്പിലേത് അടക്കം വിവിധ ലോകരാജ്യങ്ങള്‍ ഇസ്രഈലിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നതിനിടെയാണ് അയർലാന്‍ഡിന്റെ ഭാഗത്ത് നിന്ന് വേറിട്ട ഒരു പ്രതികരണമുണ്ടാകുന്നത്.
‘ഇസ്രഈലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ തെറ്റ് ചെയ്യാന്‍ ഇസ്രഈലിന് അവകാശമില്ല.
ശത്രുക്കളാല്‍ ചുറ്റപ്പെട്ട രാജ്യമാണ് ഇസ്രാഈല്‍. ഹമാസും ഹിസ്ബുള്ളയും പോലുള്ള തീവ്ര ഗ്രൂപ്പുകള്‍ അവര്‍ക്കെതിരെയുണ്ട്.
എന്നാലും ഈ നിമിഷം ഗസയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ശരിക്കും ആശങ്കാകുലനാണ്. വൈദ്യുതി വിച്ഛേദിക്കല്‍, ഇന്ധന വിതരണവും ജലവിതരണവും നിര്‍ത്തലാക്കല്‍ എന്നിവ മാന്യമായ ഒരു ജനാധിപത്യ രാഷ്ട്രത്തിന് ചേര്‍ന്നതല്ല. സിവിലിയന്‍മാരെ ടാര്‍ഗെറ്റു ചെയ്യുന്നതും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണ്,’ ലിയോ വരദ്കര്‍
ഹമാസ് ബന്ദികളാക്കിവെച്ച ഇസ്രഈല്‍ പൗരന്മാരെ ഉടന്‍ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇസ്രഈല്‍ സൈന്യം ഗസയില്‍ നടത്തിയ അക്രമണത്തില്‍ 34 ഓളം ആരോഗ്യ കേന്ദ്രങ്ങള്‍ നശിപ്പിച്ചതായി ലോകാരോഗ്യ സംഘടന പറയുന്നത്. ഇതുവരെ ഫലസ്തീനില്‍ 11 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
5000 ഗര്‍ഭിണികള്‍ക്ക് കുടിവെള്ളം പോലുമില്ലാതെ ഗസയില്‍ നരകിക്കുകയാണെന്നാണ് യു.എന്‍ ഭക്ഷ്യ സംഘടന പറയുന്നത്. ഗസയില്‍ വൈദ്യുതിയും ഇല്ലാത്തത് ആശുപത്രികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യു.എന്‍ എജന്‍സി ആശങ്ക രേഖപ്പെടുത്തുന്നു. വൈദ്യുതി ഇല്ലെങ്കില്‍ ഗസയിലെ ആശുപത്രികള്‍ മോര്‍ച്ചറികളാകുമെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റെഡ്ക്രോസ് മുന്നറിയിപ്പ് നല്‍കി.
Content Highlight: Irish PM said Israel has no power to punish Gaza at all